ന്യൂദല്‍ഹി: ഗോഹത്യയുടെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ തുടരാനാവില്ലെന്ന് സുപ്രീംകോടതി. ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ ആള്‍കൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ രജനി സിങ്ങ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ബജ്‌റംഗദള്‍ നേതാവ് യോഗേഷ്‌രാജിന്റെ ജാമ്യാപേക്ഷയാണ് കോടതി റദ്ദ് ചെയ്തത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
ബുലന്ദ്ഷഹറിലെ സയാനയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗോഹത്യക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്തിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും ഒരു പ്രദേശവാസിയും വെടിയേറ്റ് മരിച്ചിരുന്നു.
സമീപ ഗ്രാമത്തില്‍ കന്നുകാലികളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവം നടക്കുന്നതിനിടയില്‍, തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാന്‍ യോഗേഷ്‌രാജ് ഉള്‍പ്പെടെയുള്ളവര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയായിരുന്നു.
ഗോഹത്യ നടന്നെന്ന കിംവദന്തി പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം ഗുരുതരമാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് എസ്. കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു.
യോഗേഷ്‌രാജിന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്യാത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും ബെഞ്ച് വിമര്‍ശിച്ചു. പൊലീസ് ഇന്‍സ്പെക്ടറുടെ വിധവ സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷം മാത്രം എന്തുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നൂവെന്നും കോടതി ചോദിച്ചു.
‘യോഗേഷ്‌രാജിന്റെ ജാമ്യം റദ്ദാക്കണമെന്ന് പറഞ്ഞ് എന്തുകൊണ്ട് നിങ്ങള്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയില്ല? നിങ്ങള്‍ സ്വയം ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഹരജിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് വരുന്നു,’ സംസ്ഥാന സര്‍ക്കാരിനോട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അജയ് കുമാര്‍ മിശ്ര പറഞ്ഞു.
സംഭവത്തില്‍ അറസ്റ്റിലായ യോഗേഷ്‌രാജ് 2019 സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് 2021 മെയില്‍ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യോഗേഷ്‌രാജ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.