തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിനേഷന്‍ യജ്ഞം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ആഗസ്റ്റ് 9 മുതല്‍ 31 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം.
ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വാക്‌സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.
സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആഗസ്റ്റ് 15ല്‍ പൂര്‍ത്തിയാക്കും. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷനാണ് പൂര്‍ത്തിയാക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കും.
ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മുതല്‍ വൈകിട്ട് 9 മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
ബുധനാഴ്ച മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണമെന്നും നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്.