ഒട്ടാവ: കാനഡയില്‍ നടന്ന കൂട്ട കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാനഡയിലെ സസ്‌കാചെവന്‍ (Saskatchewan) പ്രവിശ്യയിലായിരുന്നു സംഭവം.
കാനഡയിലെ തദ്ദേശീയ കമ്മ്യൂണിറ്റിയായ ജെയിംസ് സ്മിത്ത് ക്രീ നാഷനിലെയും തൊട്ടടുത്തുള്ള പട്ടണമായ വെല്‍ഡണിലെയും 13 ഇടങ്ങളിലായാണ് അക്രമം നടക്കുകയും പത്ത് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
എമര്‍ജന്‍സി കോള്‍ ലഭിച്ച പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്‌മോര്‍ പ്രതികരിച്ചു.
സംഭവത്തില്‍ പ്രതികളെന്ന് സംശയമുള്ള രണ്ട് പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തിക്കുത്ത് നടത്തിയ ശേഷം അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 30കാരനായ മൈല്‍സ്, 31 വയസുള്ള ഡാമിയന്‍ സാന്‍ഡേഴ്സണ്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ജെയിംസ് സ്മിത്ത് ക്രീ നാഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പത്ത് പേരുടെ മരണത്തിനിടയാക്കിയ കൂട്ട കത്തിക്കുത്തിനെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
The attacks in Saskatchewan today are horrific and heartbreaking. I’m thinking of those who have lost a loved one and of those who were injured.
— Justin Trudeau (@JustinTrudeau) September 4, 2022
”ഇന്ന് സസ്‌കാചെവാനില്‍ നടന്ന ആക്രമണങ്ങള്‍ ഭയാനകവും ഹൃദയഭേദകവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ ആളുകളെക്കുറിച്ചും പരിക്കേറ്റവരെ കുറിച്ചും ഞാന്‍ ചിന്തിക്കുന്നു,” ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Mass stabbings In Canada Leave 10 Dead and Dozen Injured, PM Justin Trudeau reacts