കോഴിക്കോട്: സി.ഐ.സി(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്)യില്‍ നിന്ന് വിട്ടുപോകുന്നത് സമൂഹത്തോടുള്ള അനീതിയാണെന്ന് ഹക്കീം ഫൈസി ആദൃശേരി. തന്നോടൊപ്പം അധ്യാപകരടക്കം 118 പേര്‍ കൂടി സി.ഐ.സിയുടെ സ്ഥാനങ്ങളില്‍ നിന്ന്
രാജിവെക്കുമെന്നും ഹക്കീം ഫൈസി അറിയിച്ചു.
സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള രാജികള്‍ നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്തി മുന്നോട്ട് പോകുമെന്നും
തന്റെ രാജി ഒരു വിഭാഗം ആഗ്രഹിച്ചിരുന്നെന്നും ഹക്കീം ഫൈസി ആദൃശേരി കൂട്ടിച്ചേര്‍ത്തു.
‘സമസ്ത ഞങ്ങളുടെ മാതൃ സംഘടനയാണ്. അത് ആദര്‍ശ പ്രസ്ഥാനമാണ്. അതൊരു കേവല സംഘടനയല്ല. മുസ്‌ലിങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ അതിനുള്ളില്‍ തന്നെയാണ്. ആര്‍ക്കും അതില്‍ നിന്ന് പുറത്താക്കാനാകില്ല. വിശ്വസ പ്രമാണ രംഗത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിക്കും.
സമസ്തയിലെ കുറച്ചാളുകള്‍ അനവസരത്തില്‍ അനാവശ്യമായി അസ്വസ്ഥതകളുണ്ടാക്കകയാണ്. മഹാപണ്ഡിതന്മാരായിട്ടുള്ള സമസ്തയിലെ 40 അംഗങ്ങള്‍ ഭരണപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവരല്ല. എന്നാല്‍ ചില ആളുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളെ അനാഥമാക്കുന്ന രീതി ഇപ്പോഴുണ്ടാകില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്,’ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.
സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കഴിഞ്ഞ ഹക്കീം ഫൈസി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സി.ഐ.സിയില്‍ നിന്ന് രാജിവെച്ചത്.
സമസ്തയുടെ വിലക്ക് മറികടന്ന് ഹക്കീം ഫൈസിയും സാദിഖലി തങ്ങളും കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന ഉദ്ഘാടന ചടങ്ങുകളിലാണ് ഇരു നേതാക്കളും പങ്കെടുത്തിരുന്നത്. ഇതില്‍ സമസ്ത അതൃപ്തിയറിച്ചതിന് പിന്നാലെയാണ് രാജി.
സുന്നി ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ച് ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹക്കീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും സമസ്തയുടെ നിര്‍ദേശമുണ്ടായിരുന്നു.
Content Highlight: Mass resignation in CIC, 118 out with abdul hakeem faizy adrisseri