അമ്മയിലെ കൂട്ട രാജി ഭീരുത്വം: പാർവതി
Kerala News
അമ്മയിലെ കൂട്ട രാജി ഭീരുത്വം: പാർവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 2:48 pm

കൊച്ചി: അമ്മ ഭാരവാഹികളുടെ കൂട്ടരാജി ഭീരുത്വമെന്ന് ഡബ്യു.സി.സി അംഗമായ നടി പാർവതി. ചൂഷണങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരടക്കം ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചകൾ നടത്താനോ മാധ്യമങ്ങൾക്ക് മുമ്പിൽ വരാനോ ധൈര്യം കാണിക്കാതെ ‘അമ്മ നേതൃത്വം ഒളിച്ചോടിയെന്ന് പാർവതി വിമർശിച്ചു. പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് പാർവതിയുടെ വിമർശനം.

‘അമ്മ നേതൃത്വം യഥാർത്ഥത്തിൽ ഒളിച്ചോടുകയാണ് ചെയ്തത്. അവരുടെ ഭീരുത്വമാണ് ഇതിലൂടെ വെളിപ്പെട്ടത്. ഇത്തരമൊരു വിഷയത്തിൽ നിന്ന് അവർ ഭീരുക്കളെപ്പോലെ ഒളിച്ചോടി. മാധ്യമങ്ങളോട് പോലും അവർ സംസാരിക്കാൻ കൂട്ടാക്കിയില്ല. സിനിമാരംഗത്തെ സ്ത്രീകൾക്ക് വേണ്ടി സർക്കാരിനൊപ്പം പ്രവർത്തിക്കാൻ അവർ ഒരല്പം താത്പര്യം കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതിന് മുമ്പ് ഉണ്ടായിരുന്ന ലൈംഗികാതിക്രമ കേസിലെ പ്രാധാന പ്രതിയെ സ്വീകരിച്ചത്. ആ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി ഇത്രയും നാളായി ഇവിടെ നടക്കുന്ന പ്രശനങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്. ഇത്രയധികം ലൈംഗികാതിക്രമ ആരോപണങ്ങൾ നടന്നിട്ടും അവയൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവർ നടിക്കുന്നു,’ പാർവതി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ കമ്മിറ്റി പറഞ്ഞിരുന്നത്. മൊഴികള്‍ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍  പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ അമ്മയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.  മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചിരുന്നു. അമ്മയുടെ ജോയിന്‍ സെക്രട്ടറി ആയിരുന്ന ബാബുരാജ് സിദ്ദിഖിന്റെ രാജിക്ക് ശേഷം ആക്ടിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നാലെ ബാബുരാജിന് എതിരെ ആരോപണങ്ങള്‍ ഉയരുകയും പലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

.

Content Highlight: Mass Resignation Cowardice in Amma: Parvati