| Thursday, 19th April 2018, 8:37 pm

'ഇത് വിജയാഹ്ലാദ റാലിയല്ല'; കര്‍ണാടകയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം നല്‍കാന്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബേഗേപ്പള്ളിയില്‍ മത്സരിക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി. ആയിരത്തോളം വരുന്ന അണികള്‍ ചെങ്കൊടിയുമേന്തി നടത്തിയ റാലിക്കൊടുവിലാണ് ശ്രീരാമ റെഡ്ഡി പത്രിക സമര്‍പ്പിച്ചത്.

1994 ലും 2004 ലും ബേഗേപ്പള്ളിയെ പ്രതിനിധീകരിച്ചിരുന്ന റെഡ്ഡി പക്ഷേ കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഉറച്ച് തന്നെയാണ് സി.പി.ഐ.എം എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് നടന്ന ഭീമന്‍ റാലി.

കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ മാസം ആദ്യം തന്നെ സി.പി.ഐ.എം പുറത്ത് വിട്ടിരുന്നു. ജനതാദള്‍ സെക്യുലറുമായുള്ള സഖ്യ സാധ്യത തള്ളിക്കളഞ്ഞാണ് സി.പി.ഐ.എം തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടത്.

2004 ല്‍ റെഡ്ഡിക്ക് ശേഷം ഇടത് പക്ഷത്ത് നിന്ന് ആരും നിയമസഭയിലെത്തിയിട്ടില്ല. ഇത്തവണ ഒരംഗത്തെയെങ്കിലും നിയമസഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.ഐ.എം. 19 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. സി.പി.ഐയുടെ സഹകരണത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. നാല് മണ്ഡലങ്ങളില്‍ സി.പി.ഐയും മത്സരിക്കാനുണ്ട്.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് ശക്തമായ പോരാട്ടമെങ്കിലും കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികളും ശക്തമായ മത്സരത്തിലാണ്. അടുത്തിടെ പുറത്ത് വന്ന രണ്ട് അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത് കര്‍ണാടകയില്‍ തൂക്ക് സഭയാണെന്നാണ്.

ചിത്രങ്ങള്‍: കാട്ടുകടന്നല്‍
വീഡിയോ: കര്‍ണാടക സി.പി.ഐ.എം

We use cookies to give you the best possible experience. Learn more