മൈസൂരു: ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെ പിരിച്ചുവിട്ടെന്നാണ് വിവരം. മൈസൂരുവിലെ ഐ.ടി ജീവനക്കാരുടെ ട്രെയിനിങ് ക്യാമ്പസിലാണ് പിരിച്ചുവിടല്‍ നടപടി. മണി കണ്‍ട്രോളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച 700ല്‍ 400 പേരാണ് നടപടി നേരിടുന്നത്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സ്ഥാപനം വീണ്ടും പരീക്ഷ എഴുതിച്ചിരുന്നു. ഈ പരീക്ഷയിൽ തോറ്റവര്‍ ഉടന്‍ ക്യാമ്പസ് വിടണമെന്നായിരുന്നു നിര്‍ദേശം.
രാജ്യത്തുടനീളമുള്ള ഇന്‍ഫോസിസ് ക്യാമ്പസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടന്നത്. എന്നാല്‍ 2022ല്‍ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്നു.
ഇക്കാലയളവില്‍ ഇന്‍ഫോസിസിന്റെ സെലക്ഷന്‍ നോട്ടീസ് ലഭിക്കുകയും ജോയ്നിങ് നോട്ടീസ് ലഭിക്കാതിരുന്നതുമായ 1000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ ഇന്‍ഫോസിസ് ഈ ഉദ്യോഗാര്‍ത്ഥികളെ ട്രെയിനി ബാച്ചായി തെരഞ്ഞെടുക്കുകയായിരുന്നു. സിസ്റ്റം എഞ്ചിനിയേര്‍സ്, ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനിയേര്‍സ് എന്നീ രണ്ട് തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തത്.
50 പേരടങ്ങുന്ന ബാച്ചുകളയാണ് ഉദ്യോഗാര്‍ത്ഥികളെ ട്രെയിനിങ്ങിനായി വിളിച്ചത്. ഇതിനുപിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.
എന്നാല്‍ അറിയിപ്പ് കൂടെതെയാണ് പിരിച്ചുവിടലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജോയിന്‍ ചെയ്ത ശേഷം മൂന്ന് തവണ പരീക്ഷ എഴുതിച്ചെന്നും പുറത്താക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച് പ്രയാസമുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ പാസാകാന്‍ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറയുന്നത്. നിലവില്‍ ഇന്‍ഫോസിസിനെതിരെ ഐ.ടി ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മാര്‍ച്ച് അവസാനത്തോടെ ഇന്‍ഫോസിസ് വാര്‍ഷിക ശമ്പള വര്‍ധനവ് സംബന്ധിച്ച നോട്ടീസുകള്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Mass layoffs at Infosys; Candidates that the process is unfair