| Tuesday, 17th July 2012, 12:00 pm

മനുഷ്യാവകാശ ധ്വംസനം: റോഹിംഗ്യാ മുസ്‌ലീംകളുടെ സ്ഥിതി ഭീതിജനകമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാംഗൂണ്‍: മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യാ മുസ്‌ലീംകള്‍ക്ക് നേരെ കനത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. പശ്ചിമ മ്യാന്‍മറില്‍ റോഹിംഗ്യാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമായ റാക്കിനയിലെ സ്ഥിതി ഭീതിജനകമാണെന്നും തുറന്ന തടവറയില്‍ കഴിയുന്നത് പോലെയാണ് അവര്‍ അവിടെ ജീവിക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.[]

കഴിഞ്ഞമാസം പശ്ചിമ മ്യാന്‍മറിലുണ്ടായ വര്‍ഗീയ കലാപത്തിന് ശേഷം റോഹിംഗ്യാ മുസ്‌ലീംകളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പട്ടിണി മരണങ്ങളുടെ വക്കിലാണ് വലിയൊരു വിഭാഗം റോഹിംഗ്യകളുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇവിടെ 20000 മുസ്‌ലീംകള്‍ ഇതിനകം തന്നെ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ദിവസം 29 ആളുകള്‍ ഇവിടെ കൊല്ലപ്പെടുകയും 30,000ത്തോളം പേര്‍ നാടുകടത്തപ്പെടുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഭൂരിപക്ഷ വിഭാഗമായ ബുദ്ധമതാനുയായികള്‍ നിരന്തരം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എന്നിന്റെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മാത്രവുമല്ല. ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് ബുദ്ധവര്‍ഗീയവാദികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം റോഹിംഗ്യാ മുസ്‌ലീം വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തനം നടത്തിയത് പത്ത് സന്നദ്ധ പ്രവര്‍ത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ യു.എന്‍ അംഗങ്ങളാണ്.

അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയും ആക്രമണ ശ്രമങ്ങളും നിത്യസംഭവമാണ്. ഇതേതുടര്‍ന്ന് നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ദൗത്യം മതിയാക്കി സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാതെ സേവനം ചെയ്യുന്നവരെ പോലീസ് ഇടപെട്ട് നാട് കടത്തിയതായും ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ അവശ്യഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ വലയുകയാണ്. പോഷകാഹാരത്തിന്റെ കുറവ് മൂലം പിഞ്ചു കുട്ടികള്‍ക്കടക്കം മാരകമായ അസുഖവും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ അടിയന്തര നടപടി ഉണ്ടായിട്ടില്ലെങ്കില്‍ മ്യാന്‍മറില്‍ കനത്ത ദുരന്തം തന്നെ ഉണ്ടാകുമെന്ന് ഏഷ്യയിലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ് എലയന്‍ പിയേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റോഹിംഗ്യാ മുസ്‌ലീം വിഭാഗത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ബുദ്ധമതത്തിലെ വര്‍ഗീയ വാദികള്‍ക്ക് അനുകൂലമായ സമീപനമാണ് പോലീസില്‍ നിന്നും ഭരണപക്ഷത്തുനിന്നും ഉണ്ടാവുന്നത്. രാജ്യത്തെ എട്ടുലക്ഷത്തിലധികം വരുന്ന റോഹിംഗ്യാ മുസ്‌ലീംവിഭാഗത്തിന് പൗരത്വം നല്‍കില്ലെന്നും അവരെ യു.എന്നിന്റെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയക്കുമെന്നും മ്യാന്‍മര്‍ പ്രസിഡന്റ് തീന്‍ സീന്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

അതിനിടെ മ്യാന്‍മറില്‍ മുസ്‌ലീംകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ സര്‍ക്കാരും ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ സ്ഥാപനങ്ങളും അടിയന്തരമായി അന്വേഷിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അന്തര്‍ദേശീയ സംഘടനകളോ, എന്‍.ജി.ഒകളോ, മനുഷ്യാവകാശ സംഘടനകളോ, പ്രധാന രാഷ്ട്രങ്ങളോ റോഹിംഗ്യാ മുസ്‌ലീംകളുടെ പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

മ്യാന്‍മറിലെ മുസ്‌ലീം കൂട്ടക്കുരുതിയെക്കുറിച്ച് ലോകവിഷയത്തില്‍ മുസ്തഫ പി. എറയ്ക്കല്‍ എഴുതിയ ലേഖനം “വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍” വായിക്കുക

We use cookies to give you the best possible experience. Learn more