മൃതദേഹങ്ങള്‍ വികൃതമാക്കി, അവയവങ്ങള്‍ കൊള്ളയടിച്ചു; കൊടും ക്രൂരതയുടെ ശേഷിപ്പായി ​ഗസയിലെ അല്‍നാസര്‍ ആശുപത്രിയിലും കൂട്ടക്കുഴിമാടങ്ങള്‍
World News
മൃതദേഹങ്ങള്‍ വികൃതമാക്കി, അവയവങ്ങള്‍ കൊള്ളയടിച്ചു; കൊടും ക്രൂരതയുടെ ശേഷിപ്പായി ​ഗസയിലെ അല്‍നാസര്‍ ആശുപത്രിയിലും കൂട്ടക്കുഴിമാടങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 4:22 pm

ജെറുസലേം: ഗസയിലെ അല്‍നാസര്‍ ആശുപത്രി പ്രദേശത്ത് നിന്ന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ നിന്ന് 150ലധികം മൃതദേഹങ്ങൾ കണ്ടെത്തി.

കൂടുതലും സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അവയവങ്ങള്‍ ഇല്ലാത്ത സ്ഥിതിയിലായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹങ്ങള്‍ വിവസ്ത്രമാക്കപ്പെട്ട നിലയിലും, ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലുമാണെന്ന് ഗസയിലെ ആരോഗ്യ വിഭാഗം പറഞ്ഞു. കൂടുതല്‍ കുഴിമാടങ്ങള്‍ ആശുപത്രി പരിസരത്ത് ഉണ്ടോ എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയാണ്.

നേരത്തെ അല്‍ശിഫ ആശുപത്രിയില്‍ നിന്നും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. അല്‍ശിഫയില്‍ നിന്ന് മാത്രം 400 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അല്‍നാസര്‍ പരിസരത്ത് ചുരുങ്ങിയത് 700 പേരെങ്കിലും കൊലചെയ്യപ്പെട്ടതായാണ് അധികാരികളുടെ വിലയിരുത്തല്‍. അന്തര്‍ ദേശീയ തലത്തിലുള്ള ഒരു സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അടിയന്തര അന്വേഷണം നടത്തി മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിയില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇതിന് പുറമേ ഏകദേശം 2000ത്തോളം ആളുകളെ ഈ മേഖലയില്‍ നിന്ന് കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ എത്ര പേര്‍ ജീവനോടെയുണ്ട് ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല.

കാണാതായവരുടെ വിവരങ്ങള്‍ ഗസയിലെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ പരിക്കേറ്റ് ചികിത്സയില്‍ ഉള്ളവരും മറ്റ് രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

Content Highlight: Mass found graves in al Nasser hospital