കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമായി ഇറിഗേഷന്‍ വകുപ്പ് കണ്ടെത്തിയ കമ്പനികളിലൊന്ന് അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. അലൈന്‍ഡ് മറൈന്‍ എന്ന കമ്പനിക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിനാണ് നടപടി.
പെരിയാര്‍ തീരത്തെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് നിയമവിരുദ്ധമായി രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ടതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള കാരണമെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി ആരംഭിച്ചിരിക്കുന്നത്. പെരിയാറിന് പുറമെ ചിത്രപ്പുഴയിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു.
ഇറിഗേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇറിഗേഷന്‍ വകുപ്പ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇരു വകുപ്പുകള്‍ക്കുമെതിരെ ഗുരുത ആരോപണങ്ങളാണുള്ളത്. മുന്നറിയിപ്പില്ലാത്ത പാതാളം റഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നതും, ഉപ്പുവെള്ളം കലര്‍ന്നതുമാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യം പറഞ്ഞിരുന്നു.
എന്നാല്‍ പി.സി.ബിയുടെ ഈ വാദത്തെ തള്ളുന്നതാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. റഗുലേറ്റര്‍ കംബ്രിഡ്ജ് തുറക്കുന്നതിന് മുമ്പ് മീനുകള്‍ ചത്തുപൊങ്ങിയിരുന്നു എന്നാണ് ഇറിഗേഷന്‍ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മാത്രവുമല്ല ഉപ്പുവെള്ളം കലര്‍ന്നതല്ല മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് കുഫോസ് വി.സിയും പറയുന്നു. മലിനീകരണമാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് കുഫോസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
നേരത്തെ തന്നെ വിഷയം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നത്. ഇത്തരത്തില്‍ വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് മാലിന്യമൊഴുക്കിയ കമ്പനികളിലൊന്നിനെതിരെ പി.സി.ബിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിരിക്കുന്നത്.
content highlights: mass fish kill in Periyar; Order to shut down company that dumped waste illegally