| Sunday, 13th February 2022, 8:23 am

കാലിക്കറ്റ് സര്‍വകലാശാലയില്‍ കൂട്ട പിരിച്ചുവിടല്‍; ബി.എഡ് സെന്ററുകളിലെ മുഴുവന്‍ അധ്യാപകരേയും പിരിച്ചുവിടാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എഡ് സെന്ററുകളിലെ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം. സര്‍വകലാശാല നേരിട്ട് നടത്തുന്ന 11 സ്വാശ്രയ സെന്ററുകളിലെ മുഴുവന്‍ അധ്യാപകരേയും പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.

എന്‍.സി.ടി.ഇ അംഗീകാരം നേടിയെടുക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഈ തീരുമാനെമടുത്തത്. 20 വര്‍ഷത്തോളം ജോലി ചെയ്തുവരുന്ന പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള നൂറോളം അധ്യാപകരെ പിരിച്ചുവിട്ട് പുതുക്കിയ യോഗ്യത പ്രകാരം പുതിയ നിയമനം നടത്താനാണ് തീരുമാനം.

2014 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ബി.എഡ് സെന്ററുകള്‍ക്ക് എന്‍.സി.ടി.ഇ റദ്ദാക്കിയിരുന്നു. എന്നാലിതിന് സൂചിപ്പിച്ച കാരണങ്ങളില്‍ നിലവിലുള്ള അധ്യാപകരുടെയും, പ്രിന്‍സിപ്പല്‍മാരുടെയും യോഗ്യതയില്‍ പോരായ്മയൊന്നും പറയുന്നില്ല.

അടിസ്ഥാനസൗകര്യമില്ല, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗേള്‍സ് റെസ്റ്റ് റൂം, ഐ.സി.ടി ലാബ് തുടങ്ങിയ സൗകര്യങ്ങളില്ല എന്നീ കാരണങ്ങളായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്. നിലവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കരാര്‍ പ്രകാരം ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരംസംവിധാനത്തില്‍ കൊണ്ടുവരണമെന്ന് മാത്രമായിരുന്നു എന്‍.സി.ടി.ഇ നിര്‍ദേശം.

പിരിച്ചുവിടുന്ന അധ്യാപകരില്‍ 26 അധ്യാപകര്‍ക്ക് വീണ്ടും ഇതേ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. അതേസമയം, നേരത്തെ നിയമിക്കപ്പെട്ടവര്‍ എന്ന നിലയില്‍ നേരത്തെ അവരെ പിരിച്ചുവിട്ടില്ലെങ്കില്‍ തുടരുന്നതിന് തടസമില്ല.

25 വര്‍ഷം മുമ്പ് സ്വാശ്രയ ബി.എഡ് സെന്ററുകള്‍ തുടങ്ങുമ്പോള്‍ ബിരുദാനന്തരബിരുദവും എം.എഡ് അല്ലെങ്കില്‍ ബി.എഡ് എന്നതായിരുന്നു അധ്യാപക നിയമനത്തിനുള്ള യോഗ്യത. പിന്നീട് പല ഘട്ടങ്ങളിലായി എന്‍.സി.ടി.ഇ അധ്യാപകയോഗ്യത പുനര്‍നിശ്ചയിച്ചു. 2017ലെ നിബന്ധനപ്രകാരം നെറ്റ്, 55 ശതമാനത്തോടെയുള്ള ബിരുദാനന്തരബിരുദം, 55 ശതമാനത്തോടെയുള്ള എം.എഡ് എന്നതാണ് യോഗ്യത.

പ്രിന്‍സിപ്പല്‍മാരാവാന്‍ ഇതിനുപുറമേ പി.എച്ച്.ഡി യോഗ്യതയും വേണം. എന്നാല്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ഇത് ബാധകമല്ലെന്നും പുതുതായി നിമയമിക്കുന്നവര്‍ക്കാണ് പുതുക്കിയ യോഗ്യത ബാധകമെന്നും എന്‍.സി.ടി.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നിലവിലുള്ള അധ്യാപകര്‍ ജോലിയില്‍ തുടരുന്നതിന് തടസമില്ല.

ഇക്കാര്യം പരിഗണിക്കാതെയാണ് മുഴുവന്‍ അധ്യാപകരെയും പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനുള്ള നീക്കം നടക്കുന്നത്.


Content Highlights: Mass dismissal at Calicut University; Move to dismiss all teachers in B.Ed centers

We use cookies to give you the best possible experience. Learn more