പൊലീസില്‍ വന്‍ അഴിച്ചുപണി; 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി; 63 പേര്‍ക്ക് സ്ഥലംമാറ്റം
Kerala News
പൊലീസില്‍ വന്‍ അഴിച്ചുപണി; 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി; 63 പേര്‍ക്ക് സ്ഥലംമാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd February 2019, 10:04 am

തിരുവനന്തപുരം: പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് ഇതിന് നല്‍കുന്ന വിശദീകരണം.

53 ഡി.വൈ.എസ്.പിമാരേയും 11 എ എസ്.പിമാരേയും സ്ഥലംമാറ്റി. 26 സി.ഐ.മാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ.


ഫെബ്രുവരി 21ന് യു.പിയില്‍ ബി.ജെ.പി കലാപം ഉണ്ടാക്കും; മുന്നറിയിപ്പുമായി ബി.ജെ.പി സഖ്യകക്ഷി നേതാവ് ഒ.പി രാജ്ഭര്‍


പട്ടികയില്‍പ്പെട്ട എം.ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതില്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല. ഒഴിവുണ്ടായ 11 ഡി.വൈ.എസ്.പി തസ്തികയിലേക്ക് സി.ഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്.

സസ്‌പെന്‍ഷനടക്കം ശിക്ഷാനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാന്‍ നിയമഭേദഗതി നിലവില്‍വന്നിരുന്നു. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരവും നല്‍കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.

ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിര്‍ണ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി.വൈ.എസ്.പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്.

ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.