വാള്‍സ്ട്രീറ്റ് സമരം: അമേരിക്കയില്‍ വ്യാപക അറസ്റ്റ്
Video
വാള്‍സ്ട്രീറ്റ് സമരം: അമേരിക്കയില്‍ വ്യാപക അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2011, 10:45 am

ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരത്തിന്റെ 60ാം ദിനത്തില്‍ രാജ്യത്തെങ്ങും നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വ്യാഴാഴ്ചത്തെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി 252 പേരെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റുചെയ്തതായാമ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള വിഫല ശ്രമത്തിലൂടെയാണ് കഴിഞ്ഞദിവസത്തെ സമരം ആരംഭിച്ചത്. ബുക്ലിന്‍ ബ്രിഡ്ജുവഴിയുള്ള സമാധാന മാര്‍ച്ചിലൂടെ വ്യാഴാഴ്ചത്തെ സമരപരിപാടികള്‍ അവസാനിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 17ന് വാള്‍ സ്ട്രീറ്റ് സമരം ആരംഭിച്ചശേഷം 14,00 ലധികം ആളുകളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോലീസ് വക്താവ് പോള്‍ ബ്രൗണ്‍ പറഞ്ഞു. നീതി നിര്‍വഹണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും പ്രകോപിപ്പിക്കാനും സമരക്കാരില്‍ ചിലര്‍ ശ്രമിച്ചെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ റെയ്മണ്ട് കെല്ലി പറഞ്ഞു. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു. ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി.ഡാളസ്, പോര്‍ട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്‌ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്.

malayalam news, kerala news in english