| Tuesday, 28th May 2024, 4:26 pm

വെടിയൊച്ചകള്‍ നിലക്കുന്നില്ല, പടിഞ്ഞാറന്‍ റഫയില്‍ വീണ്ടും ആക്രമണം; വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികൾക്കെതിരെ കൂട്ട അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഞായറാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തില്‍ 45ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടും ക്രൂരമായ ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍. പടിഞ്ഞാറന്‍ റഫയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

ഗസയിലെ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടിയെത്തുന്ന ഫലസ്തീനികള്‍ക്ക് റഫയായിരുന്നു ഏക സുരക്ഷിത കേന്ദ്രം. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി റഫയിലും ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

റഫയിലേക്ക് ഇസ്രഈലിന്റെ ടാങ്കുകള്‍ എത്തുന്നത് ഇപ്പോഴും തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കണമെന്ന ലോക കോടതിയുടെ ഉത്തരവ് മറികടന്ന് കൊണ്ടാണ് ഇസ്രഈല്‍ ഇപ്പോഴും റഫയില്‍ ആക്രമണം തുടരുന്നത്.

അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 22 ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

അധിനിവേശ കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ റാമല്ല, ബെത്‌ലഹേം, തുബാസ്, ഹെബ്രോണ്‍, കല്‍ഖില്യ, ജെനിന്‍ എന്നിവിടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇസ്രഈല്‍ സേനയുടെ നേതൃത്വത്തില്‍ റെയ്ഡും അറസ്റ്റും നടന്നു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ 8,910 പേരെയാണ് ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്തത്. റഫയില്‍ ഇപ്പോഴും അപായ സൈറനുകൾ മുഴക്കി ആളുകളോട് പ്രദേശം വിട്ട് പോകാന്‍ അറയിപ്പ് നല്‍കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച രാത്രി റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Mass arrests against Palestinians in the West Bank

We use cookies to give you the best possible experience. Learn more