| Sunday, 3rd March 2019, 12:14 pm

ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത് 'ജിഹാദി'നെ കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂള്‍ മാത്രം; മസൂദ് അസ്ഹറിന്റെ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത് “ജിഹാദി”നെ കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂള്‍ മാത്രമാണെന്ന് ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമ്മര്‍.

പാക്കിസ്ഥാന്‍ സൈന്യത്തിന് നേരയോ ഏതെങ്കിലും ഏജന്‍സിക്ക് നേരേയോ ആക്രമണം നടന്നിട്ടില്ലെന്ന് മൗലാന അമ്മര്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് മൗലാന അമ്മര്‍ വിശദീകരിക്കുന്നതിന്റെ ഓഡിയോ സി.എന്‍.എന്‍ ന്യൂസ് 18നാണ് പുറത്തുവിട്ടത്.


“ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ഏതെങ്കിലും ഏജന്‍സിയുടെ സുരക്ഷാതാവളങ്ങളോ ഹെഡ് ക്വാര്‍ട്ടേഴ്‌സോ തകര്‍ത്തിട്ടില്ല. അവര്‍ ബോംബിട്ടത് വിദ്യാര്‍ഥികള്‍ക്ക് “ജിഹാദ്” എന്ന ആശയത്തെ കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂള്‍ മാത്രമാണ്”- മൗലാന അമ്മര്‍ പറഞ്ഞു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയും മൗലാന വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തെന്നായിരുന്നു ഇന്ത്യയുടെ വാദം. ഐ.എസ് കേണല്‍ സലീം ഖ്വറി, ജയ്‌ഷെ പരിശീലകന്‍ മൗലാന മൊനും ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ചില വൃത്തങ്ങള്‍ പറഞ്ഞിരുന്നു.


പാക്കിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്നും അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു.

2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിലും, 2016ലെ പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ പുറകിലും ജയ്‌ഷെ-ഇ-മുഹമ്മദ് ആയിരുന്നു.

We use cookies to give you the best possible experience. Learn more