ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹര്‍ മരണപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ മിലിട്ടറി ഹോസ്പിറ്റലില്‍ കരളിനെ ബാധിച്ച അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് അസ്ഹറിന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ സര്‍ക്കാറും മരണം സ്ഥിരീകരിച്ചിട്ടില്ല ..
മിലിറ്ററി ആശുപത്രിയില്‍ കിടന്നാണ് മസൂദ് അസ്ഹര്‍ പുല്‍വാമ ഭീകരാക്രമണം പ്ലാന്‍ ചെയ്തതെന്നാണ് പല വാര്‍ത്താ ഏജന്‍സികളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനായ മസൂദ് അസ്ഹര്‍ ആരാണ്? പഞ്ചാബ് പ്രവിശ്യയിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായ ഈ എട്ടാം ക്ലാസുകാരനെ ഇസ്‌ലാമിക ജിഹാദിസത്തില്‍ ജ്ഞാനസ്‌നാനം ചെയ്‌തെടുത്ത് വിശുദ്ധ യുദ്ധത്തിനായി പരിശീലിപ്പിച്ചെടുത്തത് ആരാണ്? ഹര്‍ക്കത്തുല്‍ അന്‍സാര്‍ മുതല്‍ ജെയ്‌ഷെ മുഹമ്മദ് വരെയുള്ള ഭീകര സംഘടനകളുടെ രൂപീകരണത്തിനും നിരവധി ഭീകരാക്രമണങ്ങള്‍ക്കും ആവശ്യമായ പണവും ആയുധങ്ങളും സ്‌ഫോടകശേഖരങ്ങളും മസൂദിന് എത്തിച്ചു കൊടുത്തത് ആരാണ്? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴും മസൂദുമാരെ സൃഷ്ടിക്കുന്ന, ആഗോള ഭീകരതയുടെ ജനയിതാക്കളും സൂതി കര്‍മ്മിണികളും സാമ്രാജ്വത്വ കേന്ദ്രങ്ങളും അവയുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുമാണെന്ന് കണ്ടെത്താനാവുക.
പാക്കിസ്ഥാനിലെ നിരുപദ്രവകരങ്ങളായ മതപാഠശാലകളെ ഭീകരവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളാക്കി മാറ്റിയത് സി.ഐ.എ യും ഐ.എസ്.ഐയും ചേര്‍ന്നാണ്. യു.എസിലെ റീഗണ്‍ ഭരണകൂടവും പാക്കിസ്ഥാനിലെ സിയാവുല്‍ ഹഖ് സര്‍ക്കാറുമാണ് ഇതിന്റെ ആസൂത്രകരും കാര്‍മ്മികരും.
സമീര്‍ അമീന്‍ നിരീക്ഷിക്കുന്നത് പോലെ 1970 കളിലെ എണ്ണ പ്രതിസന്ധിയും യു.എസ് – സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെതായ ലോകസാഹചര്യമാണ് ആധുനിക ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് മണ്ണൊരുക്കിയത്.
കരീബിയന്‍ തീരത്തെ ഫോസില്‍ ഇന്ധന സ്രോതസുകള്‍ ലക്ഷ്യമിട്ട് നീങ്ങിയ അമേരിക്കന്‍ എണ്ണ കുത്തകകള്‍ക്ക് ഭീഷണി ഉയര്‍ത്തി കൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഗോത്രാധിഷ്ഠിത ഫ്യൂഡല്‍ പൗരോഹിത്യ ശക്തികളെ കൂട്ട് പിടിച്ച് ഡോ.നജീബുള്ളയുടെ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് സി.ഐ.എ ശ്രമിച്ചത്. ഈയൊരു രാഷ്ട്രീയ ദൗത്യത്തിലാണ് കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്ര പദ്ധതിയായി ഇസ്‌ലാമിനെ ഉപയോഗിക്കുന്ന സി.ഐ.എ പ്രോക്ത രാഷ്ട്രീയ ഇസ്‌ലാമിസ്റ്റ് സംഘങ്ങള്‍ പിറവിയെടുക്കുന്നത്. ഇസ്‌ലാമിന്റെ ശത്രു കമ്യൂണിസമാണെന്ന ഉന്മാദം സൃഷ്ടിച്ചാണ് അഫ്ഗാനിലെ സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിലെ 32 ഓളം രാജ്യങ്ങളില്‍ നിന്നു് യുവാക്കളെ റിക്രൂട്ട് ചെയ്തു പരിശീലനം നല്‍കിയത്…
മസൂദ് അസ്ഹറിന്റെ ബഹാവല്‍പൂരിലുള്ള വീടിന് പുറത്ത് കാവല്‍ നില്‍ക്കുന്ന പാക് സുരക്ഷാ ഉദ്യോഗസ്ഥന്‍- റോയിട്ടേഴ്‌സ്/ അസീം തന്‍വീര്‍ (ഡിസംബര്‍, 17,2002)
പാക്കിസ്ഥാന്‍ കേന്ദ്രമാക്കി സി.ഐ.എയുടെ മുന്‍കയ്യിലാണ് അഫ്ഗാനില്‍ യുദ്ധം ചെയ്യാനുള്ള മുജാഹിദീന്‍ മിലിട്ടറി രൂപം കൊണ്ടത്.. അന്നത്തെ സി.ഐ.എ മേധാവി വില്യം ക്വാസിയും പാക് പട്ടാള മേധാവി അക്ബറലിയും ഐ.എസ്.ഐയും സൗദി അറേബ്യയിലെ ഇന്റലിജന്‍സ് മേധാവി തുര്‍ക്കി ബിന്‍ ഫൈസലും ചേര്‍ന്നാണ് മുജാഹിദീന്‍ സേനക്ക് സൗകര്യമൊരുക്കിയത്.
ഇസ്‌ലാമിന്റെ പുണ്യ ഭൂമികള്‍, മക്കയും മദീനയും സ്ഥിതി ചെയ്യുന്ന ഒരു സൗദി പൗരന്‍ തന്നെ അഫ്ഗാന്‍ യുദ്ധം നയിച്ചാലോ ആഗോള മുസ്‌ലിമിന്റെ പിന്തുണ നേടാനാവൂ എന്ന ആലോചനയിലാണ് ഒസാമ ബിന്‍ ലാദന്‍ മുജാഹിദീന്‍ സേനയുടെ നേതൃത്വത്തിലവരോധിക്കപ്പെടുന്നത്
പാകിസ്ഥാനിലെ സി.ഐ.എ പരിശീലന കേന്ദ്രങ്ങളിലൂടെയാണ് മൗലാനാ മസൂദ് അസ്ഹറും ആഗോള ജിഹാദിസത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരുന്നത്. 1994 ല്‍ കാശ്മീരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അസഹര്‍ ഇന്ത്യന്‍ ജയിലിലായിരുന്നു. കാണ്ഡഹാറിലേക്ക് വിമാനം റാഞ്ചിയാണ് താലിബാനിസ്റ്റുകള്‍ മസൂദിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും മോചിപ്പിച്ചെടുത്തത്…
ഇന്ത്യയില്‍ ഹിന്ദുത്വവും പശ്ചിമേഷ്യന്‍ മധ്യേഷ്യന്‍ മേഖലകളില്‍ ഇസ്‌ലാമിക തീവ്രവാദവും വളര്‍ത്തുന്നതില്‍ സി.ഐ.എക്കും സാമ്രാജ്യത്യബുദ്ധി കേന്ദ്രങ്ങള്‍ക്കുമുള്ള പങ്ക് കാണാതെ ദീകരവാദത്തിനെതിരെയുള്ള ചര്‍ച്ചകളെല്ലാം ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നത് പോലെ വൃഥാ വേലകളായി മാറുകയാണ്.