മസൂദ് അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നതായി സൂചന
Daily News
മസൂദ് അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നതായി സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2016, 8:20 am

Moulana-Masoor-Azhar

ഇസ്‌ലാമാബാദ്:  പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക് ഭീകരന്‍ മൗലാനാ മസൂദ് അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നതായി സൂചന. വ്യോമസേന കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ അസ്ഹറിന് പങ്കുള്ളതായി ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസ്ഹറിന്റെ ചില ബന്ധുക്കള്‍ പാകിസ്ഥാനില്‍ അറസ്റ്റിലാണ്. അസ്ഹര്‍ ഇസ്‌ലാമാബാദില്‍ വീട്ടു തടങ്കലിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജെയ്‌ഷെ മുഹമ്മദ് തലവനായ അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഭീകരാക്രമണം നടത്തിയവരെ പിടികൂടുമെന്ന പാകിസ്ഥാന്റെ ഉറപ്പാണ് ഇല്ലാതാകുന്നത്. ദക്ഷിണ പഞ്ചാബിലെ ബഹാവല്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസ്ഹറിനെ പിടികൂടിയെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല.

ഇന്ത്യയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അസ്ഹറിനെ 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ട് പോയ ഭീകരര്‍ക്ക് കൈമാറുകയായിരുന്നു. അസ്ഹറിന് വേണ്ടിയായിരുന്നു ഭീകരര്‍ നീക്കം നടത്തിയിരുന്നത്.

ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷമാണ് അസ്ഹര്‍ 2000ത്തില്‍ ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. 2001ല്‍ ജമ്മുകശ്മീര്‍ അസംബ്ലിക്ക് നേരെയും ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെയും നടന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് അസ്ഹര്‍ ആയിരുന്നു.