football news
ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പുതിയൊരു അവകാശിയെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 06, 03:42 am
Thursday, 6th July 2023, 9:12 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പുതിയൊരു ഉടമയെത്തി. മുന്‍ ചെല്‍സി താരമായ മേസണ്‍ മൗണ്ടാണ് റോണോയുടെ പ്രിയപ്പെട്ട ഏഴാം നമ്പറില്‍ കളിക്കാനിറങ്ങുക.

കുട്ടിക്കാലം മുതലേ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായിരുന്നു മേസണ്‍ മൗണ്ട് എന്ന് ഇ.എസ്.പി.എന്‍ എഫ്.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ടെക്‌നിക്കുകള്‍ പരിശീലിക്കുന്ന മേസണിന്റെ പഴയകാല വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

ചെല്‍സി വിട്ടതിന് ശേഷം ഇംഗ്ലീഷ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തുകയായിരുന്നു. ചെല്‍സിക്കായി 279 മത്സരങ്ങള്‍ കളിച്ച മേസണ്‍ മൗണ്ട് അവര്‍ക്കായി 58 ഗോളുകളും 53 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2020-21, 2021-22 സീസണുകളിലെ ചെല്‍സിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയിരുന്നു അദ്ദേഹം.

ആറാം വയസില്‍ ചെല്‍സിയില്‍ ചേര്‍ന്ന മൗണ്ട് 2021ല്‍ തന്റെ ബാല്യകാല ക്ലബ്ബിനായി ചാമ്പ്യന്‍സ് ലീഗും നേടി. 2028 വരെയാണ് മേസണ്‍ മൗണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ കാലാവധി.

ഇംഗ്ലണ്ട് ദേശീയ ടീമിനായി 36 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മൗണ്ട്, 2021ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഇംഗ്ലണ്ട് ടീമിനെ സഹായിച്ചതാണ് കരിയറിലെ പ്രധാന നേട്ടം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കിരീടം നേടാന്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കുമെന്ന് മേസണ്‍ മൗണ്ട് പറഞ്ഞു. ‘നിങ്ങള്‍ വളര്‍ന്ന ക്ലബ് വിടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ എന്റെ കരിയറിന്റെ അടുത്ത ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശകരമായ ഒരു പുതിയ വെല്ലുവിളി സമ്മാനിക്കും.

അവര്‍ക്കെതിരെ കളിച്ചിട്ടുള്ളതിനാല്‍ ഞാന്‍ ചേരുന്നത് എത്ര ശക്തമായ ഒരു നിരയിലേക്കാണെന്ന് എനിക്കറിയാം. പ്രധാന ട്രോഫികള്‍ നേടാനുള്ള യുണൈറ്റഡിന്റെ യാത്രയില്‍ ഭാഗമാകാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ മൗണ്ട് പറഞ്ഞു.

Content Highlights: mason mount gets no 7 jersy in manchester united