മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ? താരം ക്ലബ്ബംഗങ്ങളുമായി രഹസ്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
football news
മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ? താരം ക്ലബ്ബംഗങ്ങളുമായി രഹസ്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th February 2023, 3:35 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
നിലവിൽ 23 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡ്, ഇ.എഫ്.എൽ കപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

എന്നാലിപ്പോൾ ഒരു കാലത്ത് യുണൈറ്റഡിന്റെ ‘അത്ഭുതബാലൻ’ എന്നറിയപ്പെട്ടിരുന്ന മേസൺ ഗ്രീൻവുഡിനെ സംബന്ധിച്ച വാർത്തകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ്.

ലൈംഗികാതിക്രമ ആരോപണം നേരിടേണ്ടി വന്ന താരത്തിനെ ക്ലബ്ബ് അന്വേഷണ വിധേയമായി മുമ്പ് ഒഴിവാക്കുകയായിരുന്നു. എന്നാലിപ്പോൾ മതിയായ തെളിവുകളുടെ അഭാവത്തിൽ താരത്തിനെതിരെയുള്ള കുറ്റങ്ങൾ കോടതി ഒഴിവാക്കിയ സാഹചര്യത്തിൽ ഗ്രീൻവുഡിനെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി വീണ്ടുമണിയുമോ എന്നാണ് ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

കോടതി താരത്തിനെതിരെയുള്ള കേസ് ഒഴിവാക്കിയെങ്കിലും ക്ലബ്ബ് ഗ്രീൻവുഡിന് മേൽ പ്രഖ്യാപിച്ച അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. അതിന് ശേഷം ആരാധകരുടെ അഭിപ്രായം കൂടി മാനിച്ചേ ഗ്രീൻവുഡിനെ ക്ലബ്ബിലേക്ക് തിരികെയെത്തിക്കണമോ എന്ന കാര്യത്തിൽ യുണൈറ്റഡ് ഒരു തീരുമാനമെടുക്കൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാലിപ്പോൾ ഗ്രീൻവുഡ് യുണൈറ്റഡിലെ ചില സഹതാരങ്ങളുമായി ക്ലബ്ബ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി എന്ന റിപ്പോർട്ടുകൾ പുറത്ത്‌ വരുന്നുണ്ട്.

മിററാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഗ്രീൻവുഡിനെ ക്ലബ്ബുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചില താരങ്ങൾ രഹസ്യമായി സന്ധർശിക്കുന്നുണ്ടെന്നും മറ്റ് താരങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ ഗ്രീൻവുഡ് ആശയവിനിമയം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ യുണൈറ്റഡിന്റെ പുരുഷ, വനിതാ താരങ്ങളുമായി സമഗ്രമായ ചർച്ച നടത്തിയ ശേഷം മാത്രമേ ഗ്രീൻവുഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്ലബ്ബ് എന്തെങ്കിലും തീരുമാനമെടുക്കൂ എന്നാണ് ഇ.എസ്.പി. എൻ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഫെബ്രുവരി 19ന് ഇന്ത്യൻ സമയം രാത്രി 7:30ന്  ലെസ്റ്റർ  സിറ്റിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. മത്സരത്തിൽ വിജയിച്ചാൽ ക്ലബ്ബിന് പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സുരക്ഷിതമായി തുടരാം.

 

Conent Highlights:Mason Greenwood to Manchester United? report says Mason Greenwood hold secret meeting with Manchester United players