| Saturday, 30th May 2020, 8:40 pm

മസ്‌നവീ, ഭാഗം: 3, സ്വപ്‌നത്തില്‍ ദര്‍ശിച്ച ദൈവിക വൈദ്യനും രാജാവും തമ്മിലുള്ള സമാഗമം

ഷൗക്കത്ത്

പരിഭാഷ:ഷൗക്കത്ത്

സ്വപ്‌നത്തില്‍ ദര്‍ശിച്ച ദൈവിക വൈദ്യനും രാജാവും തമ്മിലുള്ള സമാഗമം

രാജാവ് നേരെ വൈദ്യന്റെ അടുത്തേക്കു ചെന്നു. ഇരു കൈനീട്ടി അദ്ദേഹത്തെ ആലിംഗനം ചെയ്തു. കൈകളിലും നെറ്റിത്തടത്തിലും ചുംബിച്ചു. യാത്രാവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ് രാജസിംഹാസനത്തിനടുത്തേക്ക് അദ്ദേഹത്തെയും കൂട്ടി നടന്നു. എന്നിട്ടു പറഞ്ഞു: ക്ഷമയോടെ ഇരുന്നതിനാല്‍ എനിക്ക് ഈ നിധി കിട്ടി. ക്ഷമയില്ലാതെ എന്താണ് ലഭിക്കുക. സഹനം തുടക്കത്തില്‍ അസഹ്യമാണ്. അന്ത്യത്തിലോ മധുരം നിറഞ്ഞ ഫലവും.

ഹേ, ദൈവത്തിന്റെ വെളിച്ചമേ, എല്ലാ പ്രയാസങ്ങളെയും അകറ്റുന്ന ആശ്വാസമായവനേ, ക്ഷമയാണ് എല്ലാ സ്വാതന്ത്ര്യത്തിന്റെയും വിജയത്തിന്റെയും താക്കോലെന്ന വചനത്തെ സത്യപ്പെടുത്തിയവനേ, നിന്റെ ഈ മുഖദര്‍ശനം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്. എല്ലാ ദുരിതങ്ങള്‍ക്കും അറുതിയും. ഞങ്ങളുടെ അകമേ തിക്കിമുട്ടുന്ന എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരമാണ് നീ. ചളിയില്‍ പൂണ്ടു പോകുന്നവരിലേക്ക് നീണ്ടുചെല്ലുന്ന കൈയാണല്ലോ നീ. ആപത്തില്‍ പെടുന്നവര്‍ക്കെല്ലാം അത്താണി.

ഹേ, തിരഞ്ഞെടുക്കപ്പെട്ടവനേ, ദൈവത്താല്‍ സംപ്രീതനായവനേ, നിനക്കു സ്വാഗതം. എന്നെന്നും പിരിയാതെ എനിക്കു സാന്നിദ്ധ്യമാകണേ. നീയില്ലെങ്കില്‍ പിന്നെ എല്ലാം ക്ലേശകരമാകും. നീയാണ് ജനനായകന്‍. നിന്നെ ആര് മോഹിക്കുന്നില്ലയോ നിശ്ചയം! അവര്‍ക്കു നാശം.

സല്‍ക്കാരത്തിനുശേഷം വൈദ്യന്റെ കൈയും പിടിച്ച് രാജാവ് അരമനയിലേക്ക് നടന്നു. രോഗിയെക്കുറിച്ചും രോഗത്തെക്കുറിച്ചും വിശദമായി ബോധിപ്പിച്ചശേഷം വൈദ്യനെ രാജാവ് രോഗിക്കടുത്തിരുത്തി. മുഖത്തെ നിറവിത്യാസവും നാഡിമിടിപ്പും മൂത്രവുമെല്ലാം അദ്ദേഹം പരിശോധിച്ചു. രോഗലക്ഷണങ്ങളും കാരണങ്ങളും ശ്രദ്ധയോടെ കേട്ടു. അവസാനം അദ്ദേഹം പറഞ്ഞു: ഇവളുടെ വ്യാധിയെ വൈദ്യന്മാര്‍ക്ക് മനസ്സിലാക്കാനായിട്ടില്ല. വൈദ്യന്മാര്‍ നല്കിയ ഔഷധങ്ങള്‍ യാതൊരു ഗുണവും ചെയ്തില്ലെന്നു മാത്രമല്ല വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു.

രോഗിയുടെ മാനസികനിലയെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു. ആത്മാവിന്റെ സ്ഥിതിയും മനസ്സിന്റെ ഗതിവിഗതികളും അറിയാത്തവര്‍ വൈദ്യന്മാരാവുകയെന്നത് കഷ്ടമാണ്. അവരുടെ കൈയില്‍ പെടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
ജ്ഞാനിയായ വൈദ്യന്‍ രോഗം തിരിച്ചറിഞ്ഞു. എങ്കിലോ ആ രഹസ്യം രാജാവില്‍നിന്നു മറച്ചുവെച്ചു. രോഗം പിത്തത്താലോ കഫത്താലോ ഉണ്ടായതല്ല. പുകയുടെ ഗന്ധത്തില്‍നിന്ന് കത്തിച്ച മരം ഏതെന്നറിയാന്‍ കഴിയും. അവളുടെ ആത്മാവിന് മുറിവേറ്റിരിക്കുന്നു. ശരീരത്തിന് ഒരു രോഗവുമില്ല. പ്രേമാതുരതയാണ് അവളെ ബാധിച്ചിരിക്കുന്ന മാരകമായ വ്യാധിക്കു കാരണം.

പ്രണയിനിയായിരിക്കുകയെന്നാല്‍ ഹൃദയം നോവുകയെന്നുതന്നെയാണര്‍ത്ഥം. ഹൃദയവ്യഥയേക്കാള്‍ വലിയ രോഗമില്ല. ശരീരത്തിന് രോഗം വരുന്നതുപോലെയല്ല ആത്മാവിനെ ബാധിക്കുന്ന രോഗം. പ്രണയിനിയുടെ രോഗം രോഗികളുടെ രോഗത്തില്‍നിന്നും വ്യത്യസ്തമാണ്. അനുരാഗം ദൈവത്തിന്റെ രഹസ്യത്തെ അറിയാനുള്ള ഉപാധിയാണ്.

പ്രണയം! അതിവിടെയുമായാകട്ടെ അവിടെയുമായാകട്ടെ. അവസാനമത് ദൈവത്തിലേക്കുള്ള വഴിയാകുകതന്നെ ചെയ്യും. അനുരാഗത്തെ പലതരത്തില്‍ വ്യാഖ്യാനിച്ചാലും അനുരാഗത്തിലാകുമ്പോള്‍ നാം വാചാലരായ വിവരണങ്ങളെപ്രതി ലജ്ജിതരായിത്തീരും. വാക്കുകൊണ്ടത് പ്രകാശമാനമാകുമെങ്കിലും മൗനമാണ് അതിനെ പ്രോജ്ജ്വലിപ്പിക്കുന്നത്.

വാചാലമായൊഴുകിയ തൂലിക പ്രണയത്തിലെത്തിയതോടെ ശിഥിലമായി. പ്രണയാവസ്ഥയെക്കുറിച്ചുള്ള വിവരണത്തിലേക്ക് പ്രവേശിച്ചതോടെ തൂലിക വിണ്ടുപോവുകയും കടലാസ് കീറിപ്പോകുകയും ചെയ്തു. പ്രണയത്തെ വ്യാഖ്യാനിക്കാന്‍ ബുദ്ധി ശ്രമിച്ചപ്പോള്‍ പുതുമണ്ണില്‍ കാലിടറിവീണ കഴുതയുടെ സ്ഥിതിയായി. അനുരാഗത്തെയും അനുരാഗിയെയും കുറിച്ച് അനുരാഗത്തിനു മാത്രമേ മൊഴിയാനാകൂ.
സൂര്യന് സാക്ഷ്യം സൂര്യന്‍തന്നെ. തെളിവുകൂടിയേ മതിയാകുവെന്നാണെങ്കില്‍ സൂര്യനില്‍നിന്ന് മുഖംതിരിക്കാതിരിക്കുക. നിഴല്‍ സൂര്യനെക്കുറിച്ചുള്ള സൂചന നല്കുന്നെങ്കിലും സൂര്യദര്‍ശനം നല്കുന്നേയില്ല.

നിദ്രയിലേക്ക് വിലയിപ്പിക്കുന്ന കാഥികനെപ്പോലെയാണ് നിഴല്‍. സൂര്യന്‍ ഉണര്‍ന്നുവരുന്നതോടെ ചന്ദ്രന്‍ നിഷ്പ്രഭമായിപ്പോകുന്നു. സൂര്യനെപ്പോലൊരു യാത്രികനില്ല. ആത്മസൂര്യന്‍ നിത്യനാണ്. അതിന് ഇന്നലെ ഇന്ന് നാളെ എന്നൊന്നുമില്ല. ഏകമായ ബാഹ്യസൂര്യനെപ്പോലെ മറ്റൊന്ന് ഭാവനചെയ്യാവുന്നതാണ്. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെല്ലാം ആ സൂര്യലഹരിയില്‍ ഉന്മത്തമാണ്. ആ സൂര്യനെ ഭാവനചെയ്യുക അസാദ്ധ്യം.

പരമമായ ആ വെളിച്ചം മനസ്സിന്റെ കല്പനയ്ക്ക് വഴങ്ങുന്നതെങ്ങനെ? ചിന്തയ്ക്ക് എവിടുന്ന് കിട്ടാനാണ് ഒരുപമ? ശംസ് തബ്രീസ് (തബ്രീസിലെ സൂര്യന്‍) പരിപൂര്‍ണ്ണവെളിച്ചമാണ്. സൂര്യനാണ്. സൂര്യന്റെ പ്രകാശമഹിമാവിലെ ഒരു സൂര്യന്‍തന്നെയാണ് സൃഷ്ടി.
ശംസുദ്ദീനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ മതി നാലാം ആകാശത്തിലെ സൂര്യന്‍ തന്റെ തല ലജ്ജകൊണ്ട് പൂഴ്ത്തിക്കളയും. അദ്ദേഹത്തിന്റെ പേരു പറഞ്ഞുപോയ സ്ഥിതിയ്ക്ക് ഇനി അദ്ദേഹത്തിന്റെ മഹിമയെകുറിച്ചും അല്പമൊന്ന് പറഞ്ഞുപോവാതെ വയ്യ. ഹാ!

എന്തൊരുണര്‍വ്വാണുള്ളിന്. യൂസഫിന്റെ വസ്ത്രത്തിലെ സുഗന്ധം ഇപ്പോഴെനിക്കനുഭവിക്കാനാകുന്നു. ദീര്‍ഘനാളത്തെ സൗഹൃദത്തോടുള്ള കടപ്പാട്. ആ ധന്യമായ മുഹൂര്‍ത്തങ്ങളെ സ്മരിച്ച് ഒന്നു പറഞ്ഞുകൊള്ളട്ടെ.

ആകാശഭൂമികള്‍ പുഞ്ചിരിച്ചു. മനസ്സും ബുദ്ധിയും ആത്മാവും ധന്യമായി. ഞാന്‍ ആത്മാവിനോട് ഇങ്ങനെ പറഞ്ഞു: എന്റെ സുഹൃത്തില്‍നിന്നും ഞാന്‍ ഏറെ ദൂരെയാണ്. വൈദ്യനില്‍നിന്നും ദൂരെ കഴിയുന്ന രോഗിയെപ്പോലെ. അദ്ദേഹത്തെ സ്തുതിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്. ഞാനത്രയും ഉണര്‍വ്വിലല്ല. എന്റെ ശ്രദ്ധ ചിതറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ എന്റെ സ്തുതികള്‍ പൂര്‍ണ്ണമാവുകയേയില്ല.

നിര്‍ബന്ധത്തിനു വഴങ്ങി വെറുംവാക്കു പറയുന്നത് ബോധശൂന്യന്റെ നിരര്‍ത്ഥകജല്പനമാകുകയേയുള്ളൂ.
തികച്ചും അനുചിതമായിരിക്കും അത്. എന്നുമാത്രമല്ല നിര്‍ബന്ധത്തില്‍നിന്നാണ് അനുചിതമായതെല്ലാം ഉണര്‍ന്നു വരിക. ഞാനെന്താണ് പറയുക. എന്റെ നാഡീഞരമ്പുകളെല്ലാം തളര്‍ന്നിരിക്കുന്നു. അബോധാവസ്ഥയില്‍ സ്‌നേഹഭാജനത്തെ എങ്ങനെയാണ് വര്‍ണ്ണിക്കുക. അവനു തുല്യമായി ഒന്നുമില്ല. അവനെ സ്തുതിക്കുകയെന്നാല്‍ എല്ലാ സ്തുതികളും വേണ്ടെന്നു വയ്ക്കലാണ്. സ്തുതികളെല്ലാം എന്നെയാണ് സ്ഫുരിപ്പിക്കുന്നത്. സ്തുതിക്കുന്നവനയേയല്ല. അത് പാപമാണ്. ഈ വിരഹത്തിന്റെയും വേദനയുടെയും വിവരണം മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്.

അവന്‍ പറഞ്ഞു: എനിക്കു വിശക്കുന്നു. വൈകാതെ ആഹാരം തരൂ. എല്ലാറ്റിനെയും അരിഞ്ഞു വീഴ്ത്തുന്ന വാളാണ് കാലം. ഒരു സൂഫി വര്‍ത്തമാനകാലത്തിന്റെ സന്തതിയാണ്. നാളേക്ക് മാറ്റി വയ്ക്കുന്നത് ദൈവത്തിന്റെ വഴിയ്ക്കു ചേര്‍ന്നതല്ല. വര്‍ത്തമാനകാലത്തിന്റെ പുത്രനെങ്കിലും രണ്ടുപേരും, സൂഫിയും കാലവും, മാസത്തില്‍നിന്നും വര്‍ഷത്തില്‍നിന്നും മുക്തരാണ്. ഇന്നിനെ വിട്ട് നാളെയെ തേടുന്നവന്‍ സൂഫിയേയല്ല.

ഞാന്‍ അവനോട് പറഞ്ഞു: സ്‌നേഹിതന്റെ രഹസ്യം മറച്ചു വയ്ക്കുന്നവനാണ് ഉത്തമന്‍. കേള്‍ക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ സൂചനകളിലൂടെ കേള്‍ക്കുക. ഹൃദയചോരന്റെ രഹസ്യം കഥകളിലൂടെ വിവരിക്കുന്നതുതന്നെയാണ് ഉചിതം. അതാണ് ഉത്തമം.
അതുകേട്ട് അവന്‍ പറഞ്ഞു: തുറന്നു പറയുക. സത്യം നഗ്‌നമായിരുന്നുകൊള്ളട്ടെ. അതിനെ പൊതിഞ്ഞു വയ്‌ക്കേണ്ടതില്ല. അതില്‍ അവിശ്വസിക്കുകയും ചെയ്യേണ്ടതില്ല. അവിടെയുമിവിടെയും തൊടാതെ വര്‍ത്തമാനം പറഞ്ഞ് എന്നെ വിഷമിപ്പിക്കാതിരിക്കൂ.

പ്രവാചകന്മാരുടെ രഹസ്യങ്ങളും സൂചനകളും പറയൂ. മതരഹസ്യം മറച്ചു വയ്ക്കുന്നതിനേക്കാള്‍ തുറന്നുകാട്ടുന്നതാണ് നല്ലത്. ആ മുഖപടം എടുത്തുമാറ്റൂ. മറയേതുമില്ലാതെ പറയൂ. എനിക്കെന്റെ പ്രണയഭാജനം വസ്ത്രത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നത് സഹിക്കാനാവുകയില്ല.
ഞാന്‍ പറഞ്ഞു: മറയേതുമില്ലാതെ അവന്‍ നിനക്കു മുന്നില്‍ പ്രത്യക്ഷനായാല്‍ അവിടെ പിന്നെ നീ അവശേഷിക്കുകയില്ല. നിന്റെ അടിമുതല്‍ മുടിവരെ മുച്ചൂടും അപ്രത്യക്ഷമാകും. നിന്റെ ആവശ്യങ്ങള്‍ ചോദിക്കുക. അത് കണക്കിലധികമാകരുത്.

പുല്‍ക്കൊടിക്ക് ഒരു പര്‍വ്വതത്തെ വഹിക്കാനാവില്ല. സര്‍വ്വതിനെയും പ്രകാശിപ്പിക്കുന്ന സവിതാവ് അല്പമൊന്നു അടുത്തുവന്നാല്‍ എല്ലാം കത്തിക്കരിഞ്ഞുപോകും. അതിനാല്‍ ചുണ്ടുകളമര്‍ത്തിപ്പിടിക്കുക. കണ്ണുകളടയ്ക്കുക. വിപത്തിനും നാശത്തിനും തുനിയാതിരിക്കുക.
ഇത്ര മതി. ഇതില്‍ കൂടുതല്‍ ശംസ് തബ്രീസിനെ അറിയാന്‍ ആഗ്രഹിക്കാതിരിക്കുക. അതൊരിക്കലും പറഞ്ഞുതീരില്ല. ഏതായാലും ഇനി പറഞ്ഞു നിറുത്തിയ കഥ തുടരാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷൗക്കത്ത്

We use cookies to give you the best possible experience. Learn more