| Saturday, 23rd May 2020, 2:33 pm

മസ്‌നവീ, ഭാഗം: 2, രാജാവ് പെണ്‍കുട്ടിയില്‍ അനുരക്തനായ കഥ

ഷൗക്കത്ത്

പരിഭാഷ:ഷൗക്കത്ത്

രാജാവ് പെണ്‍കുട്ടിയില്‍ അനുരക്തനായ കഥ

ഹേ സുഹൃത്തുക്കളേ, ഈ കഥ കേള്‍ക്കൂ. അത് നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. അതറിയുകയാണെങ്കില്‍ ഇഹത്തിലെയും പരത്തിലെയും എല്ലാ ഗുണങ്ങളുമനുഭവിക്കാന്‍ അത് സഹായിക്കുകതന്നെ ചെയ്യും. പണ്ട് ഒരു രാജാവുണ്ടായിരുന്നു. മതപരമായും ഭൗതികമായും സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഭരണം.

ഒരു ദിവസം തന്റെ പരിവാരങ്ങളുമൊത്ത് അദ്ദേഹം വേട്ടയ്ക്കു പോയി. കാട്ടിലും പര്‍വ്വതങ്ങളിലും മരുഭൂമിയിലും ചുറ്റിക്കറങ്ങി. പൊടുന്നനെയാണ് അദ്ദേഹം ഒരു പ്രണയത്തില്‍ വീണുപോയത്. വഴിയില്‍ കാണാനിടയായ അടിമപ്പെണ്‍കൊടിയില്‍ അദ്ദേഹത്തിന്റെ ആത്മാവ് പ്രണയാതുരയായി. രാജാവ് ദാസിയുടെ ദാസനായ അവസ്ഥ. കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ ഹൃദയം പിടച്ചു. ചോദിച്ച പണം കൊടുത്ത് അവളെ സ്വന്തമാക്കി കൊട്ടാരത്തിലെത്തി.

വിധിവൈപരീത്യമെന്നു പറയട്ടെ പെണ്‍കുട്ടിയെ സ്വന്തമാക്കിയതോടെ അവള്‍ രോഗിണിയായി. മാരകമായ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ദൈവനിശ്ചയമെന്നല്ലാതെ എന്തുപറയാന്‍. ഒരാളൊരു കഴുതയെ വാങ്ങിക്കൊണ്ടുവന്നു. അപ്പോഴാണ് അതിന് ജീനിയില്ലെന്ന് മനസ്സിലായത്. കഷ്ടപ്പെട്ട് ജീനി കൊണ്ടുവന്നപ്പോള്‍ ചെന്നായ്ക്കള്‍ വന്ന് കഴുതയെ കൊണ്ടുപോയിരിക്കുന്നു. ഒരാളുടെ കയ്യില്‍ ഒരു കണ്ണാടിപ്പാത്രമുണ്ടായിരുന്നു. എങ്കിലോ കുടിക്കാന്‍ വെള്ളമില്ലായിരുന്നു. വെള്ളം കണ്ടെത്തി വന്നപ്പോള്‍ പാത്രം പൊട്ടിപ്പോയിരുന്നു.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വൈദ്യന്മാരെ വരുത്തി രാജാവ് അവരോടു പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരുടെയും ജീവന്‍ നിങ്ങളുടെ കൈകളിലാണ്. എന്റെ ജീവന്‍ സാരമില്ല. എന്റെ ജീവന്റെ ജീവനിപ്പോള്‍ അവളാണ്. അതീവ ദുഃഖിതനും മുറിവേറ്റവനുമാണ് ഞാന്‍. എനിക്കുള്ള ചികിത്സ അവളാണ്. എന്റെ ജീവനെ രക്ഷിക്കുന്നവരാരോ അവര്‍ക്ക് എന്റെ ഖജനാവ് സ്വന്തം. എല്ലാം അവര്‍ക്കുള്ളതാണ്.

വൈദ്യന്മാര്‍ ഒന്നിച്ചു പറഞ്ഞു: ഞങ്ങളെല്ലാവരും ഒത്തൊരുമിച്ചാലോചിച്ച് ശരിയായ ചികിത്സ നല്കാം. ഞങ്ങള്‍ ഓരോരുത്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ട മസീഹു(മഹാവൈദ്യന്മാര്‍)കളാണ്. ഞങ്ങളുടെ കൈവശം എല്ലാ രോഗങ്ങള്‍ക്കുമുള്ള ഔഷധമുണ്ട്. അഹങ്കാരമാവേശിച്ച ആ മഹാവൈദ്യന്മാര്‍ ദൈവേച്ഛയുണ്ടെങ്കില്‍ എന്നുകൂടി പറയാന്‍ മറന്നുപോയി. മനുഷ്യര്‍ എത്ര ബലഹീനരെന്ന് ദൈവം വെളിവാക്കിക്കൊടുത്തെന്നു പറയുന്നതാകും ശരി. ആ വാക്കു പറഞ്ഞോ ഇല്ലയോ എന്നതല്ല മറിച്ച് ആ മാനസികഭാവമാണ് പ്രധാനം. പലരുടെയും പറച്ചില്‍ അധരജല്പനം മാത്രമാണ്. എന്നാല്‍ ചിലരുണ്ട്. അവരുടെ ആത്മാവ് സദാ അവനൊപ്പമാണ്.

തങ്ങളുടെ കഴിവെല്ലാം ഉപയോഗിച്ച് അവര്‍ മരുന്നുകള്‍ നല്കിക്കൊണ്ടേയിരുന്നു. രോഗം മൂര്‍ച്ഛിക്കുകയല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. അവള്‍ മെലിഞ്ഞ് മുടിനാരുപോലെയായി. ദുഃഖിതനായ രാജാവിന്റെ കണ്ണുകള്‍ രണ്ടും രക്തപ്പുഴകള്‍പോലെ നിറഞ്ഞൊഴുകി. മരണം വരുമ്പോള്‍ വിഡ്ഢിയാകുന്നത് വൈദ്യനാണ്. അതുവരെ ഫലം നല്കിയിരുന്ന മരുന്നുകള്‍ അവരെ വിഡ്ഢികളാക്കും.

ശരീരത്തിനുണ്ടാകുന്ന ഒരുവിധം രോഗങ്ങളെയെല്ലാം ശമിപ്പിക്കുന്ന തേനും വിനാഗിരിയും ഒഴിച്ചുള്ള സികന്‍ജേന്‍ എന്ന വിശിഷ്ടമായ മരുന്ന് അവള്‍ക്കു കൊടുത്തു. അപ്പോള്‍ പിത്തനീരിളകി. ഉടനെ മറുമരുന്നായി ബദാംറുഗന്‍ കൊടുത്തുനോക്കി. അത് അഗ്‌നിക്ഷോഭത്തിന് കാരണമായി. അതുമാറാനായി കടുക്കക്കഷായം കൊടുത്തു. അത് അഗ്‌നിമാന്ദ്യമുണ്ടാക്കി. മരവിപ്പ് കൂടുകയും മലമൂത്രവിസര്‍ജ്ജനം തടസ്സപ്പെടുകയും ചെയ്തു. പച്ചവെള്ളംപോലും അകത്തു ചെന്നാല്‍ മണ്ണെണ്ണ കുടിച്ചതുപോലെ പുകച്ചിലായി. ഹൃദയാസ്വാസ്ഥ്യങ്ങള്‍ കൂടിവന്നു. ഉറക്കം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.

വിദഗ്ദ്ധരായ വൈദ്യന്മാരെല്ലാം പരാജയപ്പെടുന്നതുകണ്ട് അവര്‍ക്കിനി ഒന്നും ചെയ്യാനില്ലെന്നു ബോദ്ധ്യമായ രാജാവ് നഗ്‌നപാദനായി നേരെ പ്രാര്‍ത്ഥനാലയത്തിലേക്കോടി. പള്ളിയില്‍ നമസ്‌ക്കരിച്ചു കിടന്ന അദ്ദേഹത്തിന്റെ മിഴികളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായൊഴുകി. നിസ്‌ക്കാരപ്പായ നനഞ്ഞു കുതിര്‍ന്നു. പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ലയാവസ്ഥയില്‍നിന്നും ഉണര്‍ന്നുവന്ന അദ്ദേഹത്തില്‍നിന്നും സ്തുതികളും കീര്‍ത്തനങ്ങളും ഒഴുകിയിറങ്ങി.

എല്ലാം അറിയുന്ന ദൈവമേ, എന്റെ വേദന ഞാന്‍ എടുത്തു ചൊല്ലേണ്ടതുണ്ടോ? പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെല്ലാം അങ്ങയുടെ കാരുണ്യമല്ലാതെ മറ്റെന്താണ്? ആവശ്യക്കാര്‍ക്കെല്ലാം അഭയമായിരിക്കുന്നതും ആശ്രയിക്കുന്നവര്‍ക്കെല്ലാം രക്ഷയായിരിക്കുന്നതും നീയല്ലാതെ മറ്റാരാണ്! വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന അബദ്ധം പൊറുക്കണേ എന്നുമാത്രം ഈയുള്ളവന്‍ അര്‍ത്ഥിക്കുന്നു. എല്ലാ രഹസ്യവും അറിയുന്ന നീ തന്നെ തുറന്ന് പ്രാര്‍ത്ഥിക്കാനും അരുളിയിട്ടുണ്ടല്ലോ!

ആത്മാവിന്റെ ആഴത്തില്‍നിന്നും ഉണര്‍ന്ന ആ പ്രാര്‍ത്ഥനയില്‍നിന്ന് കാരുണ്യത്തിന്റെ ഒരു മഹാസാഗരം ഉയര്‍ന്നുവന്നു. കണ്ണുനീരിന്റെ ആ മഹാപ്രവാഹത്തില്‍ അവന്‍ മയങ്ങിപ്പോയി. ഉറക്കത്തിന്റെ ആഴത്തില്‍ ഒരു സ്വപ്നം അവനെ ആവേശിച്ചു. തേജസ്സാര്‍ന്ന ഒരു മുഖം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ രാജാവേ, നിന്റെ സങ്കടമെല്ലാം കേട്ടു. അപരിചിതനായ ഒരാള്‍ നാളെ നിന്റെ അടുത്തുവരും. അത് എന്റെ ദൂതനാണ്. വിശ്വസ്തനുമാണവന്‍. സത്യവും സാമര്‍ത്ഥ്യവുമുള്ള ബുദ്ധിമാനായ വൈദ്യന്‍. അവന്റെ ഓരോ ചലനത്തിലും ദിവ്യമായ ശക്തിവിശേഷം നിനക്ക് ദര്‍ശിക്കാനാവും. അവന്റെ ചികിത്സ നിന്നെ ആശ്ചര്യപരതന്ത്രനാക്കും.

അത്രയും പറഞ്ഞ് ആ മുഖം മറഞ്ഞു. ഉറക്കത്തില്‍നിന്ന് അവന്‍ ചാടിയെഴുന്നേറ്റു. ദാസിയുടെ ദാസന്‍ രാജാവായി. പിറ്റേന്ന് കിഴക്കു വെള്ളകീറിയപ്പോള്‍ നക്ഷത്രങ്ങള്‍ ഓരോന്നോരോന്നായി മാഞ്ഞുപോകാന്‍ തുടങ്ങി. രാത്രിയില്‍ വെളിപ്പെട്ട രഹസ്യം പ്രത്യക്ഷമാകുന്നതും പ്രതീക്ഷിച്ച് രാജാവ് ആകാംക്ഷയോടെ ഉദ്യാനത്തില്‍ കാത്തിരുന്നു. കാര്‍മേഘത്തെ വകഞ്ഞ് പുറത്തുവരുന്ന സൂര്യനെപ്പോലെ തേജസ്വിയായ ഒരു മനുഷ്യന്‍ അതാ വരുന്നു.

അകലെനിന്ന് ഒരു ചന്ദ്രികച്ചീന്ത് വികസിച്ചുവരുന്നതുപോലെ അത് അവനിലേക്ക് നടന്നു വന്നു. ഇല്ലായ്മ ഉരുവംപൂണ്ട് സ്വപ്നമായി വന്നു. ഇല്ലായ്മയും സ്വപ്നവുമെല്ലാം ആത്മാവില്‍ ഒന്നുപോലെയാണെങ്കിലും മനുഷ്യര്‍ പൊതുവെ സ്വപ്നത്തിനു പിന്നാലെ പായുന്നു. അവരുടെ യുദ്ധവും സമാധാനവുമെല്ലാം ഈ ഭ്രമത്തിനു മുകളിലാണ്. മാനാപമാനങ്ങളോ ഈ മിഥ്യയ്ക്കു മുകളിലും. അതേ ഭാവനകള്‍ ദൈവസ്‌നേഹികള്‍ക്ക് അമൂല്യനിധികളാണ്. അല്ലാഹുവിന്റെ ഉദ്യാനത്തിലെ സൗന്ദര്യങ്ങളായ സൗന്ദര്യങ്ങളുടെയെല്ലാം തിരുരൂപങ്ങളാണ് അവര്‍ക്ക് ആ സ്വപ്നങ്ങള്‍.

രാജാവ് സ്വപ്നത്തില്‍ ദര്‍ശിച്ച അതേ രൂപത്തിലും തേജസ്സിലും നേരിട്ടു കണ്ടപ്പോള്‍ രാജകീയ മര്യാദകളെല്ലാം മറന്ന് പാറാവുകാരനെപ്പോലെ നേരെ അതിഥിയുടെ അടുത്തേക്കു ചെന്നു. തിരമാലകളോട് പൊരുതി ജയിച്ച രണ്ടു നാവികരെപ്പോലെയായിരുന്നു രാജാവും അതിഥിയും. അവര്‍ അന്യോന്യം കെട്ടിപ്പുണര്‍ന്നു. കല്‍ക്കണ്ടത്തില്‍ പഞ്ചസാര പോലെയും പനിനീരില്‍ പൂപോലെയും അവര്‍ ഒന്നായലിഞ്ഞു. ജ്ഞാനസമുദ്രത്തില്‍ അവര്‍ നീന്തിത്തുടിച്ചു. തുന്നിച്ചേര്‍ത്ത രണ്ടാത്മാക്കളെപ്പോലെ അവര്‍ ഒന്നായിത്തീര്‍ന്നു. ഒരാള്‍ ദാഹവും മറ്റയാള്‍ ജലവും. ഒരാള്‍ ലഹരിയും മറ്റയാള്‍ വീഞ്ഞും.

ആ ദൃഢാലിംഗനത്തിലമര്‍ന്നു നില്‌ക്കേ രാജാവു പറഞ്ഞു: എന്റെ പ്രണയഭാജനം ഒരിക്കലും അവളായിരുന്നില്ല. അത് അങ്ങായിരുന്നു. ഒന്ന് ഒന്നിന് കാരണമാകുന്നു. അതോ, മറ്റൊന്നിനും. എനിക്കു നീ മുസ്തഫയെപ്പോലെയാണ്. നിനക്ക് ഞാന്‍ ഉമറിനെപ്പോലെയുമെന്നു കരുതുക. ഞാനിതാ നിനക്കു സേവ ചെയ്യാനായി തയ്യാറായിരിക്കുന്നു.

ഗുരുത്വം നിലനിറുത്തണം. അപമര്യാദ അരുത്

കാരുണ്യത്തിനായി സദാ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. സംയമനമില്ലാത്തവര്‍ എന്നും ദൈവത്തിന്റെ അനുഗ്രഹത്തില്‍നിന്നും അകലത്തായിരിക്കും. സ്വയമേ നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ അവനെത്തന്നെ നാശത്തിലാക്കുന്നു. സകലലോകത്തിനും അവന്‍ നാശത്തിന്റെ തീ കൊളുത്തുകയും ചെയ്യുന്നു.

കൊടുക്കല്‍ വാങ്ങലുകളോ അദ്ധ്വാനമോ ഇല്ലാതെതന്നെ ആകാശത്തുനിന്നും അന്നം ലഭിച്ചിരുന്നു. എന്നാല്‍ മോശയുടെ പരമ്പരയിലെ ചിലരുടെ അപമര്യാദയാലാണ് അതെല്ലാം നിന്നുപോയത്. അവര്‍ ചോദിച്ചു: പയറെവിടെ? ഉള്ളിയെവിടെ? അതോടെ ദൈവത്തില്‍നിന്നുള്ള ആഹാരമെല്ലാം നിലച്ചു.

കൈക്കോട്ടും വെട്ടുകത്തിയുമെടുത്ത് നിത്യവൃത്തിക്ക് വഴി കണ്ടത്തേണ്ടിവന്നു. പിന്നീട് യേശു ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വിഭവങ്ങള്‍ എത്തിച്ചുകൊടുത്തു. എന്നാല്‍ അതൊന്നും അന്തസ്സാരശൂന്യരായ മനുഷ്യരില്‍ വിവേകം നിറച്ചില്ല. ആര്‍ത്തിമൂത്ത ജനം എല്ലാം തട്ടിപ്പറിക്കാന്‍ തിടുക്കംകൂട്ടി.

യേശു അവരോട് സ്‌നേഹത്തോടെ പറഞ്ഞു: ഇത് നിത്യമായ അന്നമാണ്. ഹേ ആര്‍ത്തിപൂണ്ട വിഡ്ഢികളേ, ഇതൊരിക്കലും തീര്‍ന്നുപോവുകയില്ല. ദൈവത്തിന്റെ അന്നശാലയോട് ദുരാഗ്രഹവും അവിശ്വാസവും പുലര്‍ത്തുന്നത് നന്ദികേടാണ്. അത്യാര്‍ത്തിയാല്‍ അന്ധരായ്ത്തീര്‍ന്ന ജനം അവന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ല. ദൈവാനുഗ്രഹത്തിന്റെ കവാടങ്ങള്‍ അവര്‍ക്കുമുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ആകാശത്തുനിന്നുള്ള വിഭവങ്ങളുടെ വരവു നിലച്ചു. ആ അക്ഷയപാത്രം നഷ്ടമായി.

ദാനം നല്കാതിരുന്നാല്‍ ആകാശത്തുനിന്നും മഴമേഘം ഒഴിഞ്ഞുപോകും. വ്യഭിചാരം വ്യാപകമാകുമ്പോള്‍ വ്യാധികള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്കുമേല്‍ വന്നുപതിക്കുന്ന ദുഃഖങ്ങള്‍ക്കുള്ള കാരണം മറ്റെവിടെയും തേടേണ്ടതില്ല. നിന്റെ  മര്യാദകേടിന്റെയും ധിക്കാരത്തിന്റെയും പ്രതിഫനമാണ് അതെല്ലാമെന്നറിയുക.

യാതൊരാള്‍ തന്റെ സുഹൃത്തിന്റെ വഴി തടസ്സപ്പെടുത്തി ലോകത്തിന് മാര്‍ഗദര്‍ശിയായിത്തീരാന്‍ ശ്രമിക്കുന്നുവോ അവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്. ആകാശങ്ങളായ ആകാശങ്ങളെല്ലാം പ്രഭാപൂരിതമായതും മാലാഖമാര്‍ പാപരഹിതരായി വെളിച്ചത്തെക്കാള്‍ വിശുദ്ധിയാര്‍ജ്ജിച്ചതും ആത്മനിയന്ത്രണത്താലാണ്. മര്യാദയാലാണ്. സ്‌നേഹമസൃണതയാലാണ്.

മനുഷ്യാ, നിന്റെ അനാദരവിനാലാണ് സൂര്യനു ഗ്രഹണം. പിശാചിനെ ദിവ്യസാന്നിദ്ധ്യത്തില്‍നിന്ന് അകറ്റിയത് ആദരവില്ലായ്മയാലാണ്. ദൈവത്തിലേക്കുള്ള യാത്രയില്‍ അപമാര്യാദ കാണിക്കുന്നവര്‍ വിഭ്രാന്തികള്‍ക്ക് അടിപ്പെടുകതന്നെ ചെയ്യും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷൗക്കത്ത്

We use cookies to give you the best possible experience. Learn more