പരിഭാഷ:ഷൗക്കത്ത്
പുല്ലാങ്കുഴലിന്റെ വിലാപം
ഇല്ലിക്കാട്ടില്‍നിന്ന് വേര്‍പിരിഞ്ഞ നാള്‍മുതല്‍ തുടങ്ങിയതാണ് എന്റെ വിലാപം. എല്ലാ സ്ത്രീപുരുഷന്മാരുടെയും കണ്ണുനീരില്‍ മുഴങ്ങുന്നതും ആ വിതുമ്പല്‍തന്നെ. വിരഹതാപത്താല്‍ നീറുന്ന ഹൃദയമാണ് ഞാനെന്നും തേടുന്നത്. അവിടെയിരുന്നു വേണം എനിക്കെന്റെ പ്രണയവേദന ആലപിക്കുവാന്‍. ഉറവിടത്തില്‍നിന്ന് അകന്നുപോകേണ്ടിവന്ന ഏതൊരാളും വിട്ടുപോയിടത്തേക്ക് തിരികെയെത്താന്‍ വിതുമ്പിക്കൊണ്ടേയിരിക്കും. ആരുടെ കൂടെയായാലും നോവുപെയ്യുന്ന ആത്മരോദനം ഞാന്‍ മൊഴിഞ്ഞുകൊണ്ടേയിരിക്കും. ദുഃഖിതരുടെ കൂടെയായാലും സന്തുഷ്ടരുടെ കൂടെയായാലും.
ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് എന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ എന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്നേയില്ല. എന്റെ രഹസ്യം വിരഹതാപത്തില്‍നിന്ന് ഒട്ടും ദൂരെയല്ല. എങ്കിലോ കണ്ണത് കാണുന്നില്ല. കാതത് കേള്‍ക്കുന്നില്ല. ശരീരത്തില്‍നിന്ന് ആത്മാവോ ആത്മാവില്‍നിന്ന് ശരീരമോ അന്യമോ നിഗൂഢമോ അല്ല. എന്നിട്ടും എന്തുകൊണ്ടാണ് ആത്മാവിനെ ആരും കാണാത്തത്?
പുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അത് വെറും പ്രാണനല്ല. ആ അഗ്‌നി ഉള്‍വഹിക്കാത്തവര്‍ ജീവനില്ലാത്തവരും ജീവിതമില്ലാത്തവരുമാണ്. പ്രേമത്തിന്റെ തീയാണ് പുല്ലാങ്കുഴലില്‍ ആളിക്കത്തുന്നത്. വീഞ്ഞില്‍ തിളയ്ക്കുന്നതും ആ വീര്യംതന്നെ.
പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നവര്‍ക്ക് ഉറ്റതോഴനായിരിക്കുന്നത് പുല്ലാങ്കുഴലാണ്. ആ ശോകാര്‍ദ്രമായ ഗാനധാരയില്‍ ഹൃദയമുണരും. എല്ലാ മറകളും അഴിഞ്ഞുവീഴും. ഇത്ര മാരകമായ വിഷവും അതോടൊപ്പം വിഷഹാരിയെയും കണ്ടെത്തിയതാരാണ്? ഇത്രയും ആഴമാര്‍ന്ന സുഹൃത്തിനെയും അനുരാഗിയെയും വേറെവിടെ കണ്ടെത്താനാവും. പ്രയാസകരമായ വഴികളാണ് പുല്ലാങ്കുഴലിന് പറയാനുള്ളത്. മജ്‌നുവിന്റെ ഹൃദയം നുറുങ്ങുന്ന കഥകള്‍ ഇത്രയും നോവോടെ ആര്‍ക്കു മൊഴിയാനാകും. പുല്ലാങ്കുഴലിന്റെ സത്യകഥനങ്ങള്‍ അപൂര്‍വ്വംപേര്‍ മാത്രം കേള്‍ക്കുന്നു.
പുല്ലാങ്കുഴലിലുള്ളതുപോലെ നമുക്കും രണ്ടു ദ്വാരങ്ങളുണ്ട്. ഒന്ന് അവന്റെ ചുണ്ടിലമര്‍ന്നിരിക്കുകയാണ്. മറ്റതോ ആകാശങ്ങളില്‍ ശബ്ദകോലാഹലങ്ങളുയര്‍ത്തി വിലപിച്ചുകൊണ്ടിരിക്കുന്നു. വിലാപങ്ങളായി വിലാപങ്ങളെല്ലാം അവനില്‍നിന്നുതന്നെ ഉണര്‍ന്നുവരുന്നതാണെന്ന രഹസ്യം ഉള്‍ക്കണ്ണുള്ളവരറിയും. അവന്റെ ശ്വാസനിശ്വാസങ്ങളല്ലാതെ മറ്റെന്താണ് ആ നാദധാര. ആത്മാവിന്റെ ഉണര്‍വ്വില്‍നിന്നു തന്നെയാണ് എല്ലാം ശബ്ദമുഖരിതമാകുന്നത്. പരിപൂര്‍ണ്ണമായ ഒഴിവല്ലാതെ മറ്റെന്താണ് ആ ബോധരഹസ്യം. കാതല്ലാതെ മറ്റാരാണ് നാവിന്റെ ഭോക്താവ്. പുല്ലാങ്കുഴലിന്റെ വിലാപങ്ങള്‍ ഫലശൂന്യമായിരുന്നെങ്കില്‍ അതിത്രയും മധുരമാകുമായിരുന്നേയില്ല.
ദുഃഖഭാരത്താല്‍ ദിനങ്ങളേറെ കൊഴിഞ്ഞുപോയി. ഏറെ നാളുകള്‍ ഇരുളാര്‍ന്നവസാനിച്ചു. കാലങ്ങള്‍ ഒഴുകിമറയുന്നെങ്കില്‍, മറയട്ടെ. അപ്പോഴും സ്‌നേഹവിഹായസ്സേ, നമ്മുടെ ദുഃഖത്താല്‍, ധാരാളം ദിനങ്ങള്‍ നഷ്ടമായിരിക്കുന്നു. ദിനങ്ങളേറെ ദുഃഖഭാരത്തോടെ അവസാനിച്ചിരിക്കുന്നു. ദിനം കടന്നുപോകുന്നുവെങ്കില്‍ ആശങ്കയില്ലാതെ പറഞ്ഞുതരൂ, കടന്നുപോവുന്നതെവിടേക്കാണ്? ഹേ, നീ അവശേഷിക്കെ അവന്‍ നിന്നെപോലെ പരിശുദ്ധനാകുമോ?
വെള്ളത്തില്‍ നീന്തുമ്പോഴും മത്സ്യം അതിനുമപ്പുറമാണ്. നിരാഹാരിയായ അത് അതിന്റെ സമയംകളയുന്നു. അപൂര്‍ണ്ണനൊരിക്കലും പൂര്‍ണ്ണന്റെ അവസ്ഥ അറിയാനാകുകയില്ല. അതുകൊണ്ട് സംസാരം ചുരുക്കാന്‍ കൊതിക്കുകയാണ്. മതി. സലാം.
നാം കാരണമാണ് വീഞ്ഞിന് മത്തുപിടിച്ചത്. അല്ലാതെ വീഞ്ഞു കാരണം നാം ഉന്മത്തരായതല്ല. നാം കാരണമാണ് ശരീരമുണ്ടായത്. അല്ലാതെ ശരീരം കാരണമല്ല നാം ഉണ്ടായത്. പരമാര്‍ത്ഥത്തെ കേള്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അത്തിപ്പഴം എല്ലാ പക്ഷികള്‍ക്കും പ്രാപ്യമാകാറില്ല. എല്ലാ ബന്ധങ്ങളെയും അഴിച്ച് സ്വതന്ത്രനാകൂ. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ദാസനായി എത്രനാള്‍ നീയിങ്ങനെ ബന്ധിയായി കാലം കഴിക്കും.
സമുദ്രജലം ഒരു കോപ്പയില്‍ നിറച്ചാല്‍തന്നെ ഒരു ദിവസത്തേക്കുള്ളതല്ലേ നിനക്കതിലെടുക്കാനാകൂ? അത്യാഗ്രഹികളുടെ കണ്ണ് ഒരിക്കലും നിറയാത്ത കോപ്പതന്നെ. ചിപ്പിക്ക് തൃപ്തി വരാത്തിടത്തോളം അതില്‍ മുത്തുവന്നു നിറയില്ല. അനുരാഗതീവ്രതയാല്‍ ആരുടെ വസ്ത്രമാണോ കീറിപ്പറിഞ്ഞുപോകുന്നത് അവന്‍ അത്യാഗ്രഹത്തില്‍നിന്നും മറ്റു കുറവുകളില്‍നിന്നും പരിപൂര്‍ണ്ണമായും പരിശുദ്ധനാകും.
സന്തോഷത്തോടെയിരിക്കൂ! അല്ലയോ ഉന്മാദിയായ അനുരാഗമേ, സര്‍വ്വരോഗങ്ങള്‍ക്കുമുള്ള ഭിഷഗ്വരാ, അഹങ്കാരത്തിനും ദുരഭിമാനത്തിനും ഔഷധമായവനേ, നീയാണ് ഞങ്ങളുടെ ഗാലന്‍! നീയാണ് ഞങ്ങള്‍ക്ക് പ്ലാറ്റോ! നിന്നോടുള്ള അനുരാഗത്താല്‍ മൃണ്‍മയമായ ശരീരം ആകാശത്തേക്കുയര്‍ന്നു പോയി. പര്‍വ്വതങ്ങളെല്ലാം നൃത്തംചെയ്യാന്‍ തുടങ്ങി. അല്ലയോ അനുരാഗീ, സീനായ് മല ആനന്ദാതിരേകത്താല്‍ ഉന്മത്തമായി. മൂസ ബോധംകെട്ടുവീണു.
പാരസ്പര്യത്തിന്റെ മഹനീയതയെന്നപോലെ ഒരു വിശ്വസ്ഥന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനും പുല്ലാങ്കുഴലിനെപ്പോലെ എന്റെ കഥനങ്ങള്‍ പറയുമായിരുന്നു. എന്നാല്‍ ആത്മമിത്രത്തില്‍നിന്ന് വേര്‍പിരിയേണ്ടിവന്നവന്‍ എന്തൊക്കെയുണ്ടായാലും ഒന്നുമില്ലാത്തവനെപ്പോലെ നിസ്സഹായനാകും. പൂവുകള്‍ കൊഴിഞ്ഞുവീഴുകയും പൂവാടി ഇല്ലാതാവുകയും ചെയ്താല്‍ രാപ്പാടിയുടെ പാട്ട് ആരു കേള്‍ക്കാനാണ്?
സംസൃഷ്ടമായതെല്ലാം പ്രേമത്തിന് പാത്രമാണ്. പ്രേമമോ മറയ്ക്കു പിന്നിലാണ്. പ്രേമിക്കപ്പെടുന്നവന്‍ ചൈതന്യവത്താണ്. സ്‌നേഹിക്കുന്നവനോ വെറും ജഡവും. പ്രേമത്തിന്റെ ദിവ്യസ്പര്‍ശമേല്ക്കാത്തവന്റെ സ്ഥിതിയെന്താണ്? ചിറകറ്റ പക്ഷിയെപ്പോലെയാകും. അതെത്ര സങ്കടകരമാണ്.
എന്റെ പ്രിയതമന്റെ വെളിച്ചം എനിക്കൊപ്പമില്ലെങ്കില്‍ ഈ ഏകാന്തരാത്രിയില്‍ എന്റെ മനസ്സെങ്ങനെ ശാന്തമാകും. സ്‌നേഹം അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും വെളിപ്പെടുത്താനാണ് സദാസമയവും ആഗ്രഹിക്കുന്നത്. എന്നാല്‍, ഹൃദയത്തിന്റെ കണ്ണാടി ആത്മപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നില്ലെങ്കില്‍ എന്തുചെയ്യാനാണ്?
എന്തുകൊണ്ടാണ് കണ്ണാടിയില്‍ ആത്മസൂര്യന്‍ പ്രതിഫലിക്കാത്തതെന്ന് നിനക്കറിയാമോ? നിന്റെ കണ്ണാടിയില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുകയാണ്. അതാദ്യം തൂത്തു കളയൂ…