ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് നന്ദിയറിയിച്ച് സംസ്ഥാനത്തെ സംഘപരിവാറിനെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ മുസ്കാൻ ഖാൻ. സംസ്ഥാന മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രി സമീര്‍ അഹ്‌മദ് ഖാന്, നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ എന്നിവരോടാണ് മുസ്കാൻ നന്ദി പറഞ്ഞത്.
വിശ്വാസപരമായ അവകാശമാണ് തങ്ങള്‍ക്ക് തിരിച്ചു കിട്ടിയതെന്ന് മുസ്കാൻ പറഞ്ഞു. ശിരോവസ്ത്രം ഒരു വിദ്വേഷ അടയാളമല്ലെന്നും അതിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളോട് മുസ്കാൻ പറഞ്ഞു.
ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ മറികടന്നുകൊണ്ടാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതെന്നും എന്നാല്‍ ഭരണകൂടത്തിന്റെ വിലക്കിനെ അംഗീകരിച്ചുകൊണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികളായ തങ്ങള്‍ക്ക് ഹിജാബ് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മുസ്കാൻ പറഞ്ഞു.
ഇക്കാരണത്താല്‍ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നീതിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് മുസ്കാൻ കൂട്ടിച്ചേര്‍ത്തു. പഠിപ്പ് നിര്‍ത്തേണ്ടി വന്ന മസ്‌കന്‍ ഇപ്പോള്‍ പി.ഇ.എസ് കോളജില്‍ പഠനം തുടരാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നടക്കുന്നതിനിടയില്‍ അസൈന്‍മെന്റ് സമര്‍പ്പിക്കാന്‍ ഹിജാബ് ധരിച്ച് മാണ്ട്യ പി.ഇ.എസ് കോളജില്‍ എത്തിയ മുസ്കാനെ ജയ് ശ്രീറാം എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയുണ്ടായി.
സംസ്ഥാനത്തെ ഹിജാബ് നിരോധനം പിന്‍വലിക്കുന്നതിന് ഔദ്യോഗിക ഉത്തരവ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. വസ്ത്രവും ഭക്ഷണവും ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശവും തീരുമാനവുമാണ്, അതില്‍ എന്തിനാണ് താന്‍ തടസം സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
വോട്ടിന് വേണ്ടി രാഷ്ട്രീയം കളിക്കരുതെന്നും സംസ്ഥനത്തെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ തീരുമാനത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Maskan thanked the Karnataka government for lifting the hijab ban