| Wednesday, 23rd March 2022, 12:18 pm

കൊവിഡ് നിയന്ത്രണങ്ങള്‍; മാസ്‌കും സാമൂഹ്യഅകലവും ഇല്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി സംസ്ഥാനങ്ങള്‍ പുതിയ ഉത്തരവിറക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഏതെല്ലാം തരത്തില്‍ മാറ്റം വരുത്താമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ കൊവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആര്‍ ഒരു ശതമാനത്തിനും താഴെയാണ്.

അതേസമയം മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ല എന്നതിനാല്‍ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

കൊവിഡ് മഹാമാരിയെ നേരിടാന്‍ 2020 മാര്‍ച്ച് 24നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നത്.

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കല്‍, ആളുകള്‍ കൂട്ടം ചേരല്‍, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlight: Mask Is Not mandatory says Centre

We use cookies to give you the best possible experience. Learn more