| Saturday, 6th August 2022, 2:44 pm

മാസ്‌കും സാനിറ്റൈസറും ആറ് മാസത്തേക്ക് കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉറപ്പുവരുത്തണം. ചടങ്ങുകളില്‍ സംഘാടകര്‍ ഇവ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

അതേസമയം കൊവിഡ് വ്യാപനത്തില്‍ കേരളമുള്‍പ്പടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണ് കേന്ദ്രം. ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1,364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്. 70,424 പേര്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Mask and sanitizer are compulsory for next six months too

We use cookies to give you the best possible experience. Learn more