| Saturday, 9th June 2018, 11:37 am

ദല്‍ഹിയിലെ ഖിര്‍കി പള്ളിയില്‍ നിന്നും 'മസ്ജിദ്' എന്ന പേര് വെട്ടിമാറ്റി; ചരിത്രസ്മാരകം കോട്ടയാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഖിര്‍കി പള്ളിയ്ക്കു പുറത്തെ സൂചനാ ബോര്‍ഡില്‍ നിന്നും “മസ്ജിദ്” എന്ന പേര് വെട്ടിമാറ്റി. പള്ളിക്ക് പുറത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ച നീല ബോര്‍ഡിലുണ്ടായിരുന്ന മസ്ജിദ് എന്ന വാക്ക് വെള്ള പെയിന്റ് ഉപയോഗിച്ച് മായ്ച്ച നിലയിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മുമ്പും ഈ രീതിയില്‍ അജ്ഞാതര്‍ ബോര്‍ഡില്‍ നിന്നും മസ്ജിദ് എന്നത് മായ്ച്ചു കളഞ്ഞിരുന്നെന്നാണ് പള്ളിയുടെ പുറത്തുള്ള ഗാര്‍ഡ് പറയുന്നത്. ” ഒന്നരവര്‍ഷം മുമ്പാണ് ആദ്യമായി ഇത്തരമൊരു സംഭവമുണ്ടായത്. ഞങ്ങള്‍ ഇത് എ.എസ്.ഐ ഉദ്യോഗസ്ഥനെ അറിയിക്കുകയും അദ്ദേഹം മസ്ജിദ് എന്ന് എഴുതിച്ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം തന്നെ വീണ്ടും അത് മായ്ച്ച നിലയില്‍ കണ്ടു. ചില പ്രദേശവാസികള്‍ പറയുന്നത് ഇത് റാണാ പ്രതാപ് നിര്‍മ്മിച്ച കോട്ടയാണെന്നാണ്.”


Also Read:കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; മന്ത്രിസ്ഥാനത്തെ ചൊല്ലി 20 ഓളം എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ


14ാം നൂറ്റാണ്ടില്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ദല്‍ഹി സുല്‍ത്താന്റെ പ്രധാനമന്ത്രിയായിരുന്ന മലിക് മഖ്ബൂലാണ് ഈ പള്ളി നിര്‍മ്മിച്ചത്.

പള്ളിയില്‍ നിസ്‌കാരം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയുമായി നേരത്തെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാറിന് വിടുകയാണ് കോടതി ചെയ്തത്.

എന്നാല്‍ ഇത് “നോണ്‍ ലിവിങ് മോണിമെന്റ്” ആണെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് പ്രാര്‍ത്ഥനയ്ക്കുളള ഇടമല്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഈ പള്ളി കമ്മീഷന്‍ ചെയ്തയാളുടെ പരമ്പരയിലുളളവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന മുഹമ്മദ് അജ്മല്‍ ഖാന്‍ പറയുന്നത് പ്രാര്‍ത്ഥനയ്ക്കുവേണ്ടിയാണിത് സ്ഥാപിച്ചത് എന്നാണ്. റിട്ട് ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more