മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. മര്‍ദനത്തിനിടെ ജയ് ശ്രീം റാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും തന്റെ താടി മുറിച്ചെടുത്തെന്നും ഇമാം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇമാമിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായാറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അന്‍വ ഗ്രാമത്തിലെ പള്ളിയില്‍ ഒറ്റക്കായിരുന്ന സമയത്താണ് ഇമാം സാക്കിര്‍ സയ്യിദ് ഖാജക്കെതിരെ ആക്രമണമുണ്ടായത്. ഖുര്‍ആന്‍ ഓതുന്നതിനിടയില്‍ മുഖം മൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ പള്ളി ഇമാമിനോട് ജയ് ശ്രീം റാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇമാമിനെ ബോധംകെടുത്താനുള്ള മരുന്നും അക്രമികള്‍ പ്രയോഗിച്ചതായി പരാതിയുണ്ട്. രാത്രിയോടെ പള്ളിയിലെത്തിയ സമീപവാസികളാണ് ഇമാമിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും സ്ഥലം എസ്.ഐ അഭിജിത്ത് മോര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു അസ്മി രംഗത്തെത്തി. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlight: Masjid imam beaten by goons in maharashtra