| Saturday, 10th February 2024, 8:26 am

ഉത്തരാഖണ്ഡില്‍ മസ്ജിദും മദ്രസയും പൊളിച്ചു; പൊലീസ് വെടിവെപ്പില്‍ മരണസംഖ്യ ഉയര്‍ന്നു; നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയിലെ ബന്‍ഭൂല്‍പുരയില്‍ അനധികൃതമെന്ന് ആരോപിച്ച് മസ്ജിദും മദ്രസയും പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് പിന്നാലെ സംഘര്‍ഷം. സംഘര്‍ഷത്തിനെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംഭവസ്ഥലത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ പ്രദേശത്തെ സ്കൂളുകള്‍ പൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് വര്‍ഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറയുന്നത്. ഇത് സാമൂഹിക വിരുദ്ധര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നാണ് സിങ് പറഞ്ഞത്.

എന്നാല്‍ പൊലീസിന്റെ പ്രകോപനമുണ്ടായതായി പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ മസ്ജിദും മദ്രസയും പൊളിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഇവരുടെ വാദം.

ഫയീം ഖുറേഷി, സാഹിദ് മുഹമ്മദ്, മുഹമ്മദ് അനസ്, ഷബ്ബാന്‍, പ്രകാശ് കുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ സുശീല തിവാരി മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായണ്‍ മീണ ദി ഹിന്ദുവിനോട് പറഞ്ഞു. ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിക് കാ ബഗീച്ചയിലെ മറിയം മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിക്കാനായി എത്തിച്ച ജെ.സി.ബി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

മുസ്‌ലിം ജനസാന്ദ്രത കൂടുതലുള്ള ബന്‍ഭൂല്‍പുരയില്‍ മുസ്‌ലിം കുട്ടികള്‍ പഠിക്കുന്ന മദ്രസയാണ് മാലിക് കാ ബഗീച്ച എന്നറിയപ്പെടുന്നത്. കൂടാതെ പ്രാര്‍ത്ഥനകള്‍ക്കായുള്ള മസ്ജിദും ഇതിനോട് ചേര്‍ന്ന് പ്രവൃത്തിച്ചിരുന്നു.

അനധികൃത നിര്‍മിതിയെന്ന് ആരോപിച്ച് ഇവ രണ്ടും പൊളിച്ചുമാറ്റുന്നതിനായി പൊലീസും ജില്ലാ ഭരണകൂടവും അടങ്ങിയ സംഘം എത്തിയപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, നശിപ്പിക്കപ്പെട്ട കെട്ടിടം ഒരു മതപരമായ കെട്ടിടമായി രജിസ്റ്റര്‍ ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ഭരണകൂടത്തിന്റെ കയ്യേറ്റ വിരുദ്ധ സംഘത്തെ നേരിടാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ സംഭവസ്ഥലത്ത് വന്‍തോതില്‍ തടിച്ചുകൂടിയതായി മജിസ്‌ട്രേറ്റ് പറഞ്ഞു. പൊലീസെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടാണ് പൊളിക്കല്‍ നടപടികള്‍ നടത്തിയത്.

അതേസമയം ഭൂമി പാട്ടത്തിന് എടുത്ത ഒരാളില്‍ നിന്ന് വാങ്ങിയ അല്പം ഭൂമിയില്‍ അബ്ദുല്‍ മാലിക് എന്നയാളാണ് മസ്ജിദ് പണിതതെന്നും ഔദ്യോഗിക റവന്യൂ രേഖകളിലൊന്നും നസൂല്‍ ഭൂമി സര്‍ക്കാരിന്റേതാണെന്ന് പറയുന്നില്ലെന്നും ബന്‍ഭൂല്‍പുരയിലെ പ്രദേശവാസികളിലൊരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം അനധികൃത കെട്ടിടം പൊളിക്കാന്‍ പോയത് എന്നാണ് മുഖ്യമന്ത്രി ധാമി പറയുന്നത്. മദ്രസയും മസ്ജിദും പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു.

സമീപത്തെ മൂന്ന് ഏക്കര്‍ സ്ഥലം നേരത്തെ നഗരസഭ ഏറ്റെടുക്കുകയും മദ്രസയും മസ്ജിദും സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

Content highlight: Masjid and madrassa demolished in Uttarakhand; Six killed in police firing; injunction

Latest Stories

We use cookies to give you the best possible experience. Learn more