| Wednesday, 7th June 2023, 4:37 pm

കോസ്റ്റ്യൂമിന് മാത്രം അരക്കോടിക്ക് മേലെ, പാത്തുവിന്റെ വസ്ത്രം ചൈനയിൽ നിന്ന്: മഷർ ഹംസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാല 2022 ൽ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. കളർഫുൾ ആയ വസ്ത്രങ്ങളും വ്യത്യസ്തതയാർന്ന എഡിറ്റിങ് രീതികളും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിച്ച ഒന്നാണ്. വസ്ത്രങ്ങളിൽ യുവാക്കൾക്ക് ഏറ്റവും പുതിയ ട്രെൻഡുകൾ തല്ലുമാലയിലൂടെ സമ്മാനിച്ച മഷർ ഹംസ തന്റെ കോസ്റ്റ്യും ഡിസൈൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

തല്ലുമാലയിൽ പാത്തു എന്ന കല്യാണി പ്രിയദർശൻ കഥാപാത്രം ധരിച്ച വസ്ത്രങ്ങൾ ചൈനയിൽ നിന്നും വരുത്തിയതാണെന്നും വസ്ത്രങ്ങൾ അല്പം ഓവർ ആയിപോയോ എന്ന് തനിക്ക് തോന്നിയെന്നും മഷർ പറഞ്ഞു. പത്തുലക്ഷം രൂപയായിരുന്നു ആദ്യം കോസ്റ്റ്യൂമിനായി കരുതിയിരുന്നതെന്നും പിന്നീട് അതിൽ നിന്നും അറുപത് ലക്ഷം രൂപയായി കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുയുകയായിരുന്നു അദ്ദേഹം.

‘ഞാൻ വർക്ക് ചെയ്തിരുന്ന കമ്മട്ടിപ്പാടം, പറവ, സുഡാനി ഫ്രം നൈജീരിയ, ജോജി തുടങ്ങിയ ചിത്രങ്ങൾ ഒക്കെ നാടൻ എന്നതിലുപരി ഒരു റിയലിസ്റ്റിക് ആയ ചിത്രമാണ്. ആ ചിത്രങ്ങളിലൊക്കെ എന്ത് ചെയ്താലും ആളുകൾ അത് അംഗീകരിക്കുമോ എന്ന് ഓർത്തിട്ടാണ് ചെയ്യുന്നത്. എല്ലാത്തിലും ഒരു ലോജിക് ഉണ്ട്. അതായത് റിയൽ ലൈഫുമായിട്ട് ബന്ധപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്.

പക്ഷെ, തല്ലുമാല ചെയ്യുമ്പോൾ മുൻപ് ചെയ്തിരുന്ന ചിത്രങ്ങൾ പോലെ ആയിരിക്കില്ല ഈ ചിത്രമെന്ന് റഹ്‌മാൻ (ഖാലിദ് റഹ്മാൻ) എന്നോട് പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇതൊരു ‘ഔട്ട് ഓഫ് ദി ബോക്സ്’ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങൾ ഒക്കെ ഡിസൈൻ ചെയ്യുമ്പോൾ ഇതൊക്കെ ആളുകൾ ഇഷ്ടപ്പെടുമോ എന്നൊരു ചോദ്യം ചിലപ്പോൾ വന്നേക്കാം. പക്ഷെ ഈ സിനിമക്ക് വേണ്ടത് വ്യത്യസ്തതയാണ്. എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്‌തോ എന്നും റഹ്‌മാൻ എന്നോട് പറഞ്ഞു. എനിക്ക് ഫുൾ ഫ്രീഡം തന്നിട്ടുണ്ടായിരുന്നു.

ഓരോ ഡ്രസ്സും പർച്ചേസ് ചെയ്യുമ്പോൾ ഇതൊരല്പം ഓവർ ആണല്ലോ എന്ന് തോന്നാറുണ്ട്. പിന്നെ റഹ്‌മാൻ പറഞ്ഞു ഇനിയും ഓവർ ആകണമെന്ന്. പിന്നെ ഞാൻ അതിനനുസരിച്ച് ചെയ്തു. പിന്നെ റഹ്മാനെ ഇങ്ങോട്ട് ചോദിയ്ക്കാൻ തുടങ്ങി ഇതൊക്ക കുറച്ച് ഓവർ ആകുമോയെന്ന്,’ മഷർ പറഞ്ഞു (ചിരിക്കുന്നു).

അഭിമുഖത്തിൽ കല്യാണി പ്രിയദർശന്റെ വസ്ത്രങ്ങളെപ്പറ്റിയും സംസാരിച്ചു. കല്ല്യാണി ഉപയോഗിച്ച ജാക്കറ്റുകളൊക്കെ ചൈനയിൽ നിന്നും വരുത്തിച്ചതാണെന്നും കോസ്റ്റ്യൂമുകൾക്കായി അറുപത് ലക്ഷം രൂപയോളം ചിലവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

‘കല്യാണിയുടെ വസ്ത്രങ്ങൾ കൂടുതലും ചൈനയിൽ നിന്നും വരുത്തിച്ചതാണ്. നമുക്ക് അവിടെ ആളുണ്ട്. അവർക്ക് റെഫറൻസ് അയച്ച്കൊടുക്കും. അദ്ദേഹം അവിടെയുള്ളവയൊക്കെ നമുക്ക് കാണിച്ച് തരും. റെഡി മെയ്ഡ് ജാക്കറ്റുകൾ എല്ലാം ചൈനയിൽ നിന്നുമാണ്. ബാക്കി വസ്ത്രങ്ങളൊക്കെ എന്റെ ഷോപ്പിൽ വെച്ച് ചെയ്തതാണ്.

ആദ്യത്തെ ഷെഡ്യൂളിൽ 12 ലക്ഷം രൂപയായി. പിന്നീട് അതെല്ലാം കൂടി 60 ലക്ഷം രൂപ വരെയായി, കോസ്റ്റ്യൂം മാത്രം. അങ്ങനെ പത്തുലക്ഷം പറഞ്ഞ കോസ്റ്റ്യൂം ഞാൻ 60 ലക്ഷം ആക്കി,’ മഷർ പറഞ്ഞു.

Content Highlights: Mashar Hamsa on Thallumaala costume

We use cookies to give you the best possible experience. Learn more