നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ ബൈക്ക് ഓടിക്കുന്ന ദുൽഖറിന്റെ ജാക്കറ്റിൽ കണ്ണുടക്കാത്തവർ ചുരുക്കമാണ്. യാത്രയിലുടനീളം ഉപയോഗിക്കുന്ന മറ്റ് വസ്ത്രങ്ങളും ശ്രദ്ധേയമാണ്. നീലാകാശത്തിൽ നിന്നും തുടങ്ങി ഇപ്പോൾ രോമാഞ്ചം വരെ എത്തിനിൽക്കുന്ന കോസ്റ്റ്യൂം ഡിസൈനിങ് യാത്രയിലാണ് മഷർ ഹംസ. ഡിസൈൻ ചെയ്ത വസ്ത്രങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
പറവ എന്ന ചിത്രത്തിൽ താൻ ദുൽഖറിന് വേണ്ടി തയാറാക്കിയ വസ്ത്രം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് മഷർ പറഞ്ഞു. ഷൂട്ടിങ്ങിന് ശേഷം വസ്ത്രങ്ങൾ തിരിച്ച് വേണ്ടെന്ന് ചില സംവിധായകർ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പറവയിൽ ദുൽഖർ ഉപയോഗിച്ച മുണ്ട് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ആ മുണ്ട് അവിടുത്തെ ആളുകളിൽ നിന്നും കണ്ട് മനസിലാക്കി ഡിസൈൻ ചെയ്തതാണ്. അതിന്റെ ബോർഡറിൽ ആനയുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. അതൊരു മൾട്ടി കളർ മുണ്ടാണ്. അത് ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്.
ഈ കോസ്റ്റ്യൂമുകൾ ഒക്കെ ഞങ്ങൾ സൂക്ഷിച്ച് വെക്കും. കാരണം എഡിറ്റിങ് ഒക്കെ വരുമ്പോൾ റീഷൂട്ട് ഒക്കെ ചെയ്യേണ്ടി വരും. പിന്നീട് അത് കഴിയുമ്പോൾ ആർക്കെങ്കിലും ആ വസ്ത്രങ്ങൾ കൊടുക്കും,’ മഷർ പറഞ്ഞു.
ജോജി എന്ന ചിത്രത്തിന്റെ ഷൂട്ടിന് ശേഷം വസ്ത്രങ്ങൾ മറ്റാർക്കെങ്കിലും കൊടുക്കാൻ ദിലീഷ് പോത്തൻ പറഞ്ഞിട്ടുണ്ടെന്നും കോസ്റ്റ്യൂം തനിക്ക് തിരികെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മഷർ പറഞ്ഞു.
‘ജോജി ചെയ്തിരുന്ന സമയത്ത് കോസ്റ്റ്യൂംസ് ഒക്കെ മറ്റാർക്കെങ്കിലും കൊടുക്കാൻ ദിലീഷ് പോത്തൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതായത് ആ സിനിമയിൽ വർക്ക് ചെയ്തിട്ടുള്ളവർക്കോ അല്ലെങ്കിൽ പുറത്തുള്ളവർക്കോ കൊടുക്കണമെന്നും ദിലീഷേട്ടൻ പറഞ്ഞു. കോസ്റ്റ്യൂം തിരികെ വേണ്ടെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്,’ മഷർ പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകന്റെ കൂടെയാണെന്നും ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ ഞാൻ ചെയ്യുന്നത് രോമാഞ്ചത്തിന്റെ സംവിധായകന്റെ പുതിയ ചിത്രമാണ്. അതിൽ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അത് രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം അല്ല. ആ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ ആണ്. ഇത് കൂടത്തെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രവും ഇതിന്റെ കൂടെ ചെയ്യുന്നുണ്ട്,’ മഷർ ഹംസ പറഞ്ഞു.
Content Highlights: Mashar Hamsa on Parava movie costume