ബോയ്സ് ലോക്കർ റൂം; ബോളിവുഡിലെ ആണത്ത സങ്കല്പങ്ങളും ഫെമിനിസ്റ്റ് പിതാക്കളുടെ കടന്നുവരവും
indian cinema
ബോയ്സ് ലോക്കർ റൂം; ബോളിവുഡിലെ ആണത്ത സങ്കല്പങ്ങളും ഫെമിനിസ്റ്റ് പിതാക്കളുടെ കടന്നുവരവും
സൗമ്യ ബൈജാൾ
Saturday, 9th May 2020, 9:31 pm

ബോയ്സ് ലോക്കര്‍ റൂം സ്‌ക്രീന്‍ഷോട്ടുകളും ചാറ്റും വായിച്ചവര്‍ ചെറിയ ഞെട്ടല്‍ ഒന്നുമല്ല അനുഭവിച്ചിട്ടുണ്ടാകുക. പതിനാറും പതിനേഴും വയസുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ ചെറിയ പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി കാണുകയും, മനുഷ്യത്വ വിരുദ്ധമായി സമീപിക്കുകയും ചെയ്യുന്നത് കുറഞ്ഞപക്ഷം അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്.

ഇത്തരം ആണ്‍കുട്ടികള്‍ ധരിച്ചുവച്ചിരിക്കുന്നത് ഇത്തരം ചിന്തകളും സ്വഭാവരീതികളും നിയമവിരുദ്ധമല്ല എന്നതാണ് ഇത് നമ്മള്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. ഇതാണ് ഇന്ന് വ്യാപകമായ പീഡന സംസ്‌കാരം സമൂഹത്തോട് ചെയ്യുന്നത്. നമ്മുടെ കാലത്തെയും രാജ്യത്തെയുമൊക്കെ ഗ്രസിച്ചിരിക്കുന്ന ഈ ബലാല്‍സംഘ സംസ്‌കാരമാണ് ഇത്തരം ലൈംഗികതാതിഷ്ഠിതമായ ആണത്ത പ്രകടനങ്ങളെയും, അധികാര പ്രയോഗങ്ങളെയും അക്രമോത്സുകതയെയും സാധൂകരിക്കുന്നത്.

ഈ ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, ഇങ്ങനെയൊക്കെയാണ് ആണ്‍കുട്ടികള്‍, ഇതാണ് അവര്‍ ചെയ്യണ്ടത്.

 

കുറ്റവാളികള്‍ എന്നതുപോലെ തന്നെ, ഈ ആണ്‍കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ ആണധികാരത്തിന്റെയും പീഡന സംസ്‌കാരത്തിന്റെയും ഇരകളാണ്. കാരണം അവര്‍ സിനിമകളിലൂടെ കാണുന്ന ലോകത്തെ ഏറ്റവും ശക്തരായ നായക സങ്കല്‍പങ്ങള്‍ ഒക്കെയും ഈ രീതി തന്നെയാണ് ശക്തിപ്പെടുത്തുന്നത്. അവരുടെ തിരശ്ശീലയിലെ ഇത്തരം കാഴ്ചകള്‍ ഈ ആണ്‍കുട്ടികളുടെ ചിന്തയെയും ചോദനയേയുമൊക്കെ എളുപ്പത്തില്‍ സ്വാധീനിക്കും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളും, ടെലിവിഷന്‍ ഷോകളും അവര്‍ കാണുന്ന ലൈംഗിക വീഡിയോകളും (ഇവര്‍ക്കൊക്കെ ലൈംഗീകതയെ കുറിച്ച് ആദ്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത് തന്നെ ഈ വീഡിയോകളില്‍ നിന്നാണ്) ഒക്കെയും ലിംഗാതിക്രമത്തിന്റെയും പീഡനങ്ങളുടെയും വിളനിലമാണ്. ഇവയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പാടെ ഇല്ലെന്ന് മാത്രമല്ല കാമേച്ചയുടെ പേരില്‍ കൊടിയ പീഠനങ്ങളും ലൈംഗിക ചൂഷങ്ങളുമാണ് സ്ത്രീകള്‍ നേരിടുന്നത്.

കുടുംബങ്ങള്‍ക്കുള്ളിലും ലിംഗബോധവും സ്ത്രീസങ്കല്‍പങ്ങളും ഇന്നും ആണധികാരത്തില്‍ അധിഷ്ഠിതമാണ്. കൃത്യമായ ഇടവേളകളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഇത് പരിശോധിക്കപ്പെടുന്നുണ്ടോ? പുരുഷ അധികാര രൂപങ്ങളായി അച്ഛന്മാര്‍ ഇന്നും ബഹുമാനം കല്‍പ്പിച്ചെടുക്കുന്നു. അവര്‍ക്കൊപ്പം ഇരിക്കുവാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള രീതികളുണ്ട്. എന്തുകൊണ്ട് ഇങ്ങനെ? വീടിനുള്ളില്‍ പോലും (കുടുംബം എല്ലാവര്‍ക്കും തുല്യ സുരക്ഷിതമായ സ്ഥാനമായിരിക്കെ) ആണധികാര പാരമ്പര്യ ബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പെണ്‍കുട്ടികളെയും അവരുടെ സ്വഭാവത്തെയും പരുവപ്പെടുത്തിയെടുക്കുന്നത്. അതായത് പെണ്‍കുട്ടികളോട് നമ്മള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത് ഇതാണ്: വീട്ടിലെ പുരുഷകേസരികള്‍ക്ക് സ്വീകാര്യമായ സങ്കല്പങ്ങളെക്കാള്‍ പ്രാധാന്യം പാടെ കുറവാണ് നിങ്ങളുടെ സുഖത്തിനും സ്വാതന്ത്ര്യത്തിനുമൊക്കെ.

എന്നിരുന്നാലും, ജനപ്രിയ സംസ്‌കാരത്തില്‍ (പോപ്പുലര്‍ കള്‍ച്ചര്‍) പുതിയ ആശ്വാസ കിരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ചുള്ള മനുഷ്യ സങ്കല്‍പങ്ങളെ പരുവപ്പെടുത്തുന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ സംരക്ഷണത്തിന്റെയും അധികാരത്തിന്റെയും പേരില്‍ സ്വാതന്ത്ര്യത്തെ അടിച്ചൊതുക്കുന്ന പിതാ രൂപങ്ങള്‍ സമൂഹത്തിന്റെ ചിന്തകളില്‍ സജീവമായിരിക്കെ തന്നെ പതിയെ ഒരു ബദല്‍ വായന ഉയര്‍ന്നുയരുന്നുണ്ട്. സൗമ്യനായ, മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കുന്ന, ആത്മവിചിന്തനം നടത്തുന്ന, പരമ്പരാഗത ചിന്തകളെയൊക്കെ സ്വന്തം ഉള്ളിലും, കുടുംബത്തിലും സമൂഹത്തിലും ചോദ്യം ചെയ്യുന്ന ഒരു പിതാവ് സിനിമകളില്‍ രൂപപ്പെടുന്നുണ്ട്.

ഥപ്പട് സിനിമയിലെ അമൃതയുടെ പിതാവായ കുമുദ് മിശ്ര ഈ മാറ്റത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ്. സ്വന്തം ഭാര്യയോടുപോലും ആണധികാര സങ്കല്പങ്ങള്‍ക്കെതിരെ കലഹിക്കുന്ന, ഗര്‍ഭിണിയായിരുന്നിട്ടുകൂടി അപമാനിക്കപ്പെട്ട ഒരു ദാമ്പത്യത്തില്‍ നിന്നും ഇറങ്ങിപ്പോരുവാന്‍ മകളെ പ്രാപ്തയാക്കുന്ന മനോഹരമായ ഒരു മനുഷ്യന്‍.

അങ്ങേയറ്റം മാന്യനും മകളെക്കുറിച്ച് ശ്രദ്ധാലുവുമായ ഒരു പിതാവായ അദ്ദേഹം അര്‍ത്ഥവത്തായ സംഭാഷണങ്ങളെയും, അഭിലാഷങ്ങളെയും ഉചിതമായ തിരഞ്ഞെടുപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നു. തന്റെയും, മകളുടെയും മകന്റെയും ബന്ധങ്ങള്‍ ആഴത്തില്‍ വായിച്ച അദ്ദേഹം മറ്റുള്ളവരെ അങ്ങേയറ്റം മനസിലാക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. സ്വയം പരിശോധിക്കുവാനും തന്റെ ഭാര്യയെ ഒരിക്കലും അറിഞ്ഞുകൊണ്ട് അടിച്ചമര്‍ത്തിയിട്ടില്ല എന്ന് വിശ്വസിച്ചിരിക്കെ അവരുടെ ആഗ്രഹങ്ങളും പുരുഷാധികാരത്തിനു വളമാകുക മാത്രമായിരുന്നു എന്നതും കുമുദ് മിശ്ര ഉള്‍ക്കൊള്ളുന്നുമുണ്ട്.

അതെ സമയം തന്നെ കാമുകിയോട് അവകാശപ്രകടനം നടത്തുന്ന മകനെ കര്‍ക്കശമായി താക്കീത് ചെയ്യുന്ന പിതാവും സിനിമകളില്‍ നമുക്ക് വേണ്ടതാണ്. അവകാശങ്ങള്‍ ഹനിക്കുന്ന പിതാവും ഞെരിഞ്ഞമരുന്ന മകളും എന്നതിനപ്പുറത്തേക്ക് ഈ പിതാവും മകളും നടന്നു കയറുന്നു. ‘ബോയ്‌സ് ക്ലബ് സിന്‍ട്രോമിനു’ വഴിപ്പെട്ട് ബോളിവുഡ് സിനിമകള്‍ സാധാരണ നിലക്ക് ‘സുഹൃത്-സമാനമായ’ ബന്ധങ്ങള്‍ അച്ഛനും ആണ്‍മക്കളും തമ്മില്‍ മാത്രമാണ് കാണിക്കുന്നത്.

 

ദില്‍ ദഡക്‌നേ ദോ എന്ന സിനിമയിലെ അനില്‍ കപൂറിന്റെ മിസ്‌റര്‍ മെഹ്റ എന്ന കഥാപാത്രത്തിന് വലിയൊരു പരിവര്‍ത്തനമാണ് സിനിമയില്‍ സംഭവിക്കുന്നത്. തുടക്കത്തില്‍ ഒരു സ്വാര്‍ത്ഥമതിയായ കുടുബാധിപനായ അദ്ദേഹം മകള്‍ വിവാഹ മോചനം ആവശ്യപ്പെടുന്നതോടെ ഇനി ഈ കുടുംബത്തില്‍ സ്ഥാനമില്ല എന്ന നിലപാടെടുക്കുന്നു. എന്നാല്‍ പിന്നീട് തന്റെ തെറ്റുകള്‍ മനസിലാക്കുന്നു. സിനിമയിലെ നിര്‍ണായകമായ രണ്ട് സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് ഒരു പിതാവ് സ്വന്തം മകളുടെ തീരുമാനങ്ങളെ ബഹുമാനിക്കേണ്ടത് എന്ന് അദ്ദേഹം കാണിച്ചുതരുന്നുണ്ട്. ഒന്ന് തന്റെ മകളുടെ വൈവാഹിക ജീവിതം തികഞ്ഞ ദുരിതമായിരുന്നു എന്നും അവള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ പുരുഷന്‍ യാതൊരു ബഹുമാനവും നല്‍കിയിരുന്നില്ല എന്നും തിരിച്ചറിയുന്നിടത്താണ്. എന്നാല്‍ ഏറ്റവും സുപ്രധാനമായ രംഗം മകളോട് തന്റെ തെറ്റുകള്‍ക്കൊക്കെ മാപ്പുചോദിക്കുന്ന വളരെ ചെറിയ ഒരു രംഗമാണ്.

ബറേലി കി ബര്‍ഫി എന്ന സിനിമയില്‍ ബിട്ടിയുടെ അച്ഛനായി പങ്കജ് ത്രിപാഠി അവതരിപ്പിച്ച മിശ്ര ജി എന്ന കഥാപാത്രം മറ്റൊരു ഉദാഹരണമാണ്.

സ്വതന്ത്രമതിയായ തന്റെ മകളുടെ ചിന്തകള്‍ മനസിലാകുന്ന പിതാവെന്ന നിലക്ക്, ആസന്നമായ വിവാഹത്തെക്കുറിച്ചും നിരന്തരം പുരുഷന്മാര്‍ മകളെ ‘അവഗണിക്കുന്നതിലും’ അസ്വസ്ഥയായ അമ്മയുടെ നിരന്തരമായ ശല്യപ്പെടുത്തലുകളില്‍ നിന്നും മകളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ പിതാവാണ്. പൊതു സ്ത്രീ സങ്കല്പങ്ങളോടും ലൈംഗീകാടിച്ചമര്‍ത്തലുകളോടും കലഹിക്കുന്ന മകളോട് ചേര്‍ന്നുനില്‍ക്കുന്നുന്നുണ്ട് ഈ പിതാവ്. മകളോടൊപ്പം അവളാഗ്രഹിക്കുമ്പോള്‍ പുകവലിക്കുകയും ചെയ്യുന്നു. മകളെ കേള്‍ക്കാന്‍ തയാറുള്ള, മകളുടെ സുഹൃത്തായി നില്‍ക്കുന്ന, ലിംഗവിവേചനം അവളോട് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കുന്ന ഒരു വ്യക്തിത്വമാണ് ഒരു ഫെമിനിസ്റ്റ് പിതാവാകാനുള്ള അടിസ്ഥാനം. അവളെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മകളെ പ്രാപ്തയാക്കുന്ന, മകളുടെ സ്വാതന്ത്ര്യങ്ങളുടെ കാവല്‍ക്കാരനാണ് ഈ പിതാവ്.

ബദായ് സിനിമയിലെ ഗജ്രാജ് റാവുവിന്റെ ജിതേന്ദ്ര കൗശിക് സമാനമായ മനോഹാരിതയാണ്. ഒരു പ്രണയാതുരനായ മധ്യവയസ്‌കനും അതെ സമയം രണ്ട് ആണ്‍കുട്ടികളുടെ പിതാവുമായ അദ്ദേഹം മക്കളോട് അവരുടെ മാതാവ് അപ്രതീക്ഷിതമായി മൂന്നാമതും ഗര്‍ഭിണിയായത് പങ്കുവെക്കുന്നു. തന്റെ ഭാര്യയുടെ ആത്മാഭിമാനം അങ്ങേയറ്റം വിലകല്പിക്കുന്ന ഒരു ഭര്‍ത്താവെന്ന നിലക്ക് മക്കളുടെ മുന്നില്‍ ഉത്തമ മാതൃകയാവുകയാണ് ആ പിതാവ്. മരുമകളോടുള്ള ദൗര്‍ലഭ്യം തുറന്നു സമ്മതിക്കുന്ന, ഒരു കേസുമായി ബന്ധപ്പെട്ട സന്നിഗ്ദ്ദ ഘട്ടത്തില്‍ അതേ മരുമകളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന, മുല്‍ക് സിനിമയിലെ ഋഷി കപൂറിന്റെ വകീല്‍ സാഹബ് മറ്റൊരു ഉദാഹരണമാണ്.

ഇവയൊക്കെ ചുരുങ്ങിയ ഇടപെടലുകള്‍ മാത്രമാണ്. കാര്യമായ മാറ്റങ്ങളാണ് നമുക്ക് വേണ്ടത്. വിവേകമതികളും തികഞ്ഞ അവബോധമുള്ളവരുമായ കലാകാരന്മാരെയാണ് ജനകീയ സിനിമകളില്‍ നമുക്കാവശ്യം. കരയുന്ന പുരുഷനെ കാണിക്കുന്നതിലൂടെ തീരേണ്ടതല്ല അത്. അവരുടെ നേര്‍ അനുഭവങ്ങളാണ് കാണിക്കേണ്ടത്. പുരുഷന്മാരുടെ മാത്രം വികാരങ്ങള്‍ മാത്രമല്ല അവര്‍ മനസുകൊണ്ട് ചേര്ന്നുനില്‍കുന്ന മറ്റ്തലങ്ങള്‍കൂടി തിരശീലയിലെത്തേണ്ടതുണ്ട്. തെറ്റുകള്‍ സംഭവിക്കുകയും അതിന്മേല്‍ കുറ്റാരോപിക്കപ്പെടുകയും തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന പുരുഷന്മാരെയാണ് നമുക്ക് വേണ്ടത്. പീഡനവീരന്മാരെ ശിക്ഷിക്കുവാന്‍ അത്രമേല്‍ വിഷലിപ്തരായ നായകരെയല്ല നമുക്കാവശ്യം.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിവിഷന്‍ ഷോകളിലും ലിംഗവിവേചന തമാശകള്‍ കര്‍ക്കശമായി വിമര്‍ശിക്കുന്ന പുരുഷന്മാരെ നമുക്ക് വേണം.

തിരക്കഥകളില്‍ സംഭാഷണത്തിന്റെ പുതിയ ഭാഷകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കഥാപാത്രങ്ങള്‍ സൂക്ഷമമായി അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഏറ്റവും സുപ്രധാനമായത് ഇത് സാധാരണ പ്രക്രിയയായി മാറുകവേണം. ഇത്തരം കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും സ്ത്രീകേന്ദ്രീകൃത സിനിമകളില്‍ ഒതുങ്ങുകയും ചെയ്യരുത്. പുരുഷ കഥാപാത്രങ്ങളോട് ഒരു ദയവുറ്റ സമീപനം ഉണ്ടാകണം. അത് അവരുടെ ജീവിതത്തിലെ അവര്‍ മറച്ചുവെക്കാന്‍ ശീലിച്ച വശങ്ങളെ പുറത്തേക്കെടുക്കുന്നതാകണം.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങളില്‍ തുല്യതയും ബഹുമാനവും കാണിക്കുന്ന സിനിമകള്‍ നമുക്കുണ്ടാകണം. അമ്മ ഓഫീസ് ജോലികളില്‍ മുഴുകിയിരിക്കുമ്പോള്‍ ‘ബോയ്‌സ് ക്ലബ്’അടുക്കളയില്‍ പാചകത്തിലായിരിക്കണം. ഇത്തരം ചെറിയ ചെറിയ മാറ്റങ്ങള്‍ തുല്യതയുടെയും ഫെമിനിസത്തിന്റെയും വിത്തുകള്‍ നിത്യജീവിതത്തില്‍ പാകുന്നതിനു സഹായകമാകും.

അപൂര്‍ണനായ, ദുര്‍ബലനായ, ക്ഷമാപണ സ്വഭാവമുള്ള, യഥാര്‍ത്ഥ പുരുഷന്‍മാരെ വേലിത്തിരയില്‍ തിരികെ കൊണ്ടുവരേണ്ടതുണ്ട്. മനസ് തുറന്ന് മനസ്സിലാക്കി ഓരോ നിമിഷവും മെച്ചപ്പെടുത്താന്‍ ശ്രമിച്ച്.

ബോയ്‌സ് എല്ലായിപ്പോഴും ബോയ്‌സ് ആകില്ല. പുരുഷന്മാരും എല്ലായ്‌പ്പോഴും പുരുഷന്മാരാകില്ല. അവര്‍ ചോദ്യംചെയ്യപ്പെടുക തന്നെ വേണം- ഓരോ ഘട്ടത്തിലും.

കടപ്പാട്: ദി വയർ 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക