മസിനഗുഡി ആനത്താരയിലെ റിസോര്‍ട്ടുകള്‍ പൊളിക്കണം: സുപ്രീംകോടതി
India
മസിനഗുഡി ആനത്താരയിലെ റിസോര്‍ട്ടുകള്‍ പൊളിക്കണം: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 12:14 pm

മസിനഗുഡി: മസിനഗുഡി ആനത്താരയിലെ 35 റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മുതുമല കടുവാസങ്കേതത്തില്‍ വിജ്ഞാപനം ചെയ്ത സൈഗൂര്‍ ആനത്താരയില്‍ നിര്‍മിച്ച 35 റിസോര്‍ട്ടുകളാണ് പൊളിച്ചുനീക്കേണ്ടത്. അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം നോട്ടീസ് നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

റിസോര്‍ട്ടുകള്‍ ആനത്താരയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി 2009 ല്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആന രാജേന്ദ്രന്‍ നല്‍കിയ കേസില്‍ 2011ല്‍ വിധി വന്നതിനെ തുടര്‍ന്ന് ഈ റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാനായിരുന്നു ഉത്തരവ്.

പിന്നാലെ റിസോര്‍ട്ടുകളുടെ ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്ജി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ സുപ്രീംകോടതിയും ഹൈക്കോടതിയും 2011ലെ വിധി ശരിവെക്കുകയായിരുന്നു.

പിന്നീട് റിസോര്‍ട്ടുകളെല്ലാം അടച്ചുപൂട്ടിയെങ്കിലും കാലക്രമേണ ഓരോന്നായി തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിരമിച്ച മൂന്ന് ജഡ്ജിമാരടങ്ങിയ കമ്മീഷനെ പരിശോധനക്കായി നിയമിച്ചത്. തുടര്‍ന്നുള്ള പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് സുപ്രീംകോടതി 35 റിസോര്‍ട്ടുകളും പൊളിച്ചു നീക്കാന്‍ ഉത്തരവിറക്കിയത്.

ചൊക്കനല്ലി, ചെമ്മന്തം, മാവനല്ല, വാഴത്തോട്ടം, ബൊക്കാപുരം, ശിങ്കാര എന്നീ ഭാഗങ്ങളിലുള്ള 35 റിസോര്‍ട്ടുകളാണ് പൊളിച്ചുനീക്കേണ്ടത്. 15 ദിവസത്തിനകം റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.