| Friday, 12th April 2024, 8:36 pm

മസാലബോണ്ട് കേസില്‍ ഇ.ഡിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മസാലബോണ്ട് കേസില്‍ ഇ.ഡിക്ക് തിരിച്ചടി. കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പത്ത് ദിവസം കൂടെ കഴിഞ്ഞാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നും എന്ത് കൊണ്ടാണ് അത്രയും ദിവസം കൂടെ കാത്തിരിക്കാന്‍ ഇ.ഡിക്ക് സാധിക്കാത്തതെന്നും കോടതി ചോദിച്ചു.

ഇ.ഡിയുടെ ഹരജി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അറിയിച്ചത്. ഇത് ചോദ്യം ചെയ്ത് ഇ.ഡി ഹൈക്കോടതിയില്‍ അടിയന്തരമായി ഹരജി സമര്‍പ്പിക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി ആണെന്ന പേരില്‍ ഒരാള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് ഇ.ഡി ഹരജിയില്‍ വാദിച്ചു. വിധി നിയമവിരുദ്ധമാണെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണത്തില്‍ കോടതി ഇടപെടരുതെന്നും ഇ.ഡി പറഞ്ഞു.

എന്നാല്‍ ഇ.ഡിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് അറിയിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് ഇ.ഡി നടപടിയെന്ന് തോമസ് ഐസക്ക് പറഞ്ഞു.

Content Highlight: Masalabond case, high court against ed

Latest Stories

We use cookies to give you the best possible experience. Learn more