| Friday, 10th April 2020, 10:17 pm

മുസ്‌ലീങ്ങളുടെ തുപ്പലല്ലേ നിങ്ങളുടെ പ്രശ്‌നം, ഞങ്ങളുടെ നല്ല ISO മാര്‍ക്കുള്ള ഉമിനീരാണ്: വര്‍ഗീയപരാമര്‍ശത്തിന് ഭക്ഷ്യ നിര്‍മ്മാണ കമ്പനിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങളുടെ സ്ഥാപനത്തില്‍ ഒരു മുസ്‌ലിം പോലും ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പ് നല്‍കണം. ആരും ഭക്ഷണത്തില്‍ തുപ്പുന്നില്ലെന്നും- ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ മസാല മോങ്കിനോട് രാജീവ് സേതി എന്ന കസ്റ്റമര്‍ ആവശ്യപ്പെട്ട കാര്യമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വ്യാജ വീഡിയോയുടെ ചുവട് പിടിച്ചുകൊണ്ടായിരുന്നു ഈ കസ്റ്റമറുടെ വിദ്വേഷ പരാമര്‍ശവും പരാതിയുമെത്തിയത്. ഇതിന് മസാല മോങ്ക് സ്ഥാപകനായ ശശാങ്ക് അഗര്‍വാള്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഒരു മഹാമാരിയുടെ സമയത്തും വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള കൃത്യമായ മറുപടിയാണ് വേണ്ടതെന്ന് പറഞ്ഞ് നിരവധി പേര്‍ മസാല മോങ്കിന് പിന്തുണയുമായി ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശശാങ്ക് അഗര്‍വാള്‍ നല്‍കിയ മറുപടിയിലേക്ക്.

പ്രിയപ്പെട്ട ശ്രീ സേത്തി,

മസാല മോങ്ക് ഡോട്ട് കോമിന്റെ സ്ഥാപകനെന്ന നിലയില്‍ ഗുണനിലവാരത്തില്‍ ഞങ്ങള്‍ നിശ്ചിത നിലവാരം കാത്തു സൂക്ഷിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. നിങ്ങളില്‍ നിന്നും വ്യത്യസ്തമാണത്. അത് മറ്റൊരു കഥ. വ്യതിചലിക്കാതെ ഞാന്‍ കാര്യത്തിലേക്ക് വരാം.

മസാല മോങ്കില്‍, ഞങ്ങളുടെ ഉമിനീരിന് ഐ.എസ്.ഒ-9002 സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞങ്ങള്‍ നിയോഗിച്ചിട്ടുള്ള തുപ്പലുകാര്‍ ‘ഡൈനാമിക് ഓറല്‍ പ്രൊപ്പല്‍ഷനില്’ പി.എച്ച്.ഡി എടുത്തവരുമാണ്. ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നും അവര്‍ തുപ്പല്‍ വമിപ്പിക്കുമ്പോള്‍ അഹമദാബാദ് കണ്‍വെന്‍ഷനില്‍ രൂപപ്പെടുത്തിയെടുത്ത ഏറ്റവും നല്ല രീതിയിലാണ് അത് പുറത്തേക്ക് വരുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉമിനീര് നിറഞ്ഞതാണ് എന്ന് താങ്കള്‍ മനസ്സിലാക്കുമ്പോള്‍ തുപ്പലിന്റെ ഗുണനിലവാരത്തിലായിരിക്കണമല്ലോ ഞങ്ങളുടെ ശ്രദ്ധ ഉറപ്പിക്കേണ്ടത്.

മാത്രവുമല്ല, ഞങ്ങളോടൊപ്പം ഒരു മുസ്ലീമും ജോലി ചെയ്യുന്നില്ല എന്നും ഉറപ്പുനല്‍കുന്നു. വാസ്തവത്തില്‍ ഇവിടെ, മസാലമോങ്ക്.കോമില്‍ ഒരാളും ജോലി ചെയ്യുന്നില്ല. ഓരോരുത്തരും ഇവിടെ സ്വയം അവരവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്കതൊരു വിനോദമാണ്. അത്രക്കും അര്‍പ്പണമാണവര്‍ക്ക്. വേണമെങ്കില്‍ അക്ബറിനോടോ, റാഫിയോടോ, ആയിഷയോടോ, ഫിര്‍ദൗസിനോടോ, മാലിക്കിനോടോ, തബസ്സുമിനോടോ ചോദിച്ചുനോക്കൂ. അവര്‍ ഉപഭോക്താക്കളോടുള്ള സ്നേഹവും കൂടി ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. നിങ്ങളെ പോലെയല്ല ഞങ്ങളുടെ ഉപഭോക്താക്കള്‍. അവരൊരിക്കലും ആരാണ് തങ്ങള്‍ക്കുള്ള ബോക്സുകള്‍ പാക്ക് ചെയ്യുന്നതെന്ന് അന്വേഷിക്കാറില്ല.

നല്ല രുചിയുള്ള ഭക്ഷണത്തിന്റെ സ്വാദറിയാതെയാണ് നിങ്ങള്‍ വളര്‍ന്നിരിക്കുക എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ‘നമ്മള്‍ കഴിക്കുന്നതെന്താണ് അതാണ് നമ്മള്‍’ എന്ന് പറയാറില്ലേ… പൂര്‍ണ്ണമായും ഇത് നിങ്ങളുടെ കുറ്റമല്ല. ഞങ്ങളുടെ കാറ്റലോഗിലുള്ള മുഴുവന്‍ ഗുഡ്ഡീസും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കണം. നിങ്ങളുടെ പ്രകൃതവും സ്വഭാവവും ഉടന്‍ തന്നെ മാറിക്കൊള്ളും. ഇന്ത്യയുടെ ഒരുമയ്ക്കായുള്ള ആ മാറ്റത്തെ നിങ്ങള്‍ സന്തോഷത്തോടെ ആശ്ലേഷിക്കും.

അതുവരെ…
ഖുദാ ഹാഫിസ് 

നിസാമുദ്ദിനിലെ തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനൊപ്പം തന്നെ ഒരു 45 സെക്കന്‍ഡ് വീഡിയോ കൂടി ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഭക്ഷണം വിളമ്പുന്നതിന് മുന്നേ അതില്‍ ഒരു മുസ്ലിം യുവാവ് തുപ്പുന്നു എന്ന അടികുറിപ്പോടെ പ്രചരിച്ച ഈ വീഡിയോ മുന്‍ നിര ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഇത് റീ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ മസാല മോങ്കിലേക്ക് എത്തിയ പരാതി പോലും ഈ വ്യാജവീഡിയോ അടിസ്ഥാനമാക്കിയുള്ളതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്ന പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകനായ മഹേഷ് വിക്രം ഹെഗ്‌ഡെയാണ് ഇങ്ങനെയൊക്കെയാണെങ്കില്‍ കര്‍ഫ്യൂ കൊണ്ട് എന്ത് കാര്യം എന്ന് ചോദിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വീഡിയോ 2019 ഏപ്രില്‍ 27ന് അപ്പ്‌ലോഡ് ചെയ്തതാണ് എന്ന് വ്യക്തമായി. കൊവിഡ് പോലൊരു മഹാമാരിയുടെ സമയത്തും വര്‍ഗീയ ധ്രൂവീകരണങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ഇതോടെ പുറത്തുവരികയായിരുന്നു.

മറുപടിയുടെ പരിഭാഷ കടപ്പാട് – ഷഫീഖ് സുബൈദ ഹക്കീം

ഡൂള്‍ന്യൂസ് ഡെസ്‌ക്