കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളാരംഭിച്ച 10,000 സംരംഭകരാണ് ശനിയാഴ്ച കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ ഒത്തുകൂടിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ അധ്യക്ഷത വഹിച്ചത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ്. പരിപാടിയില്‍ പങ്കെടുത്ത ഒരു യുവ സംരംഭകയെ പരിചയപ്പെടുത്തുകയാണിപ്പോള്‍ പി. രാജീവ്.
ന്യൂട്രി മിക്‌സ് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കെത്തിച്ച മറിയം ഷക്കീറ എന്ന കാസര്‍ഗോഡ് സ്വദേശിനിയെയാണ് മന്ത്രി പി. രാജീവ് പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘കാസര്‍ഗോഡ് ബദിയടുക്കയില്‍ നിന്നുള്ള മറിയം ഷക്കീറ ഏതാനും മാസങ്ങള്‍ മുന്‍പ് വരെ ഒരു സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് നാടിന്റെ അഭിമാനമായ സംരംഭകയാണ് അവര്‍.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിവിധ ന്യൂട്രി മിക്‌സ് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കിയാണ് മറിയം സംരംഭകയായത്.
നൂറിക്‌സ് എന്ന പേരില്‍ തയ്യാറാക്കുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. ഇതിനു പുറമെ
പ്രമേഹരോഗികള്‍ക്കുപയോഗിക്കാവുന്ന വിവിധ ഉത്പന്നങ്ങളും മറിയം തയ്യാറാക്കുന്നുണ്ട്. ചക്ക പൊടിയുള്‍പ്പടെ ഉള്‍പ്പെടുത്തി പ്രത്യേകമായി തയ്യാറാക്കിയ പത്തിരി പൊടിയാണ് ഉല്‍പന്നങ്ങളിലെ താരം.
സംരംഭകയാകാനുള്ള മറിയത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിയത് കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രമാണ്. ഇവരുടെ സഹായത്തോടെ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മറിയം തന്റെ ഉല്‍പന്നം വിപണിയിലെത്തിച്ചത്.
ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലും പിന്തുണ നല്‍കി വ്യവസായ വകുപ്പ് മറിയത്തിനൊപ്പമുണ്ട്. മറിയം ഷക്കീറക്ക് ഉറപ്പുണ്ട് കേരളം നിക്ഷേപ സൗഹൃദമാണെന്ന്. കാരണം സര്‍ക്കാര്‍ മറിയം ഷക്കീറക്കൊപ്പമുണ്ട്,’ പി. രാജീവ് പറഞ്ഞു.