| Friday, 17th January 2014, 10:10 am

അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ പതിനെട്ടാം വയസില്‍ അടിച്ചൊതുക്കിയിട്ടുണ്ട് : മേരി കോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: താന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ തുറന്നു പറയുകയാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ബോക്‌സിങ് താരവുമായ മേരി ##കോം.

തനിക്ക് പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു വ്യക്തിയില്‍ നിന്നും ശാരീരികമായ പീഡനം നേരിട്ടെന്നും എന്നാല്‍ ബോക്‌സര്‍ എന്ന നിലയില്‍ അയാളെ വേണ്ടവിധം കൈകാര്യം ചെയ്‌തെന്നും മേരി തുറന്നടിക്കുന്നു.

അന്ന് ഒരു ഞാറാഴ്ചയായിരുന്നു. പള്ളിയില്‍ പോകാനായി അല്പം താമസിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഒരു ഓട്ടോ പിടിച്ച് പോകാമെന്ന് കരുതി.

എന്നാല്‍ ഓട്ടോയില്‍ കയറി ഉടനെ തന്നെ അതിന്റെ ഡ്രൈവര്‍ എന്റെ കൈയ്ക്ക് കയറി പിടിച്ചു. അപ്രതീക്ഷിതമായ ഒന്നായിരുന്നു സംഭവിച്ചതെങ്കില്‍ കൂടി ഭയം ഒട്ടും പുറത്തുകാണിക്കാതെ അയാളെ ഇടിച്ച് തെറിപ്പിച്ച് താഴെയിട്ടു.

ഞാന്‍ ഫിറ്റും സ്‌ട്രോങ്ങും ആയതുകൊണ്ട് മാത്രമാണ് അന്ന് എനിക്ക് അങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞത്.

നമ്മള്‍ ഏത് സമയവും ഏത് സാഹചര്യത്തേയും അഭിമുഖീകരിക്കാന്‍ തയ്യാറായി നില്‍ക്കണമെന്ന പാഠമാണ് അന്ന് ഞാന്‍ പഠിച്ചെടുത്തത്. നമ്മെ ഉപദ്രവിക്കുന്നവരെ തിരിച്ചടിക്കാനുള്ള ധൈര്യമാവണം ആദ്യം ഉണ്ടാവേണ്ടത്- മേരി കോം പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കാനായി അവര്‍ ശാരീരികമായും മാനസികമായും തയ്യാറെടുത്തിരിക്കണമെന്നാണ് മേരി കോം പറയുന്നത്.

സ്ത്രീകളുടെ സുരക്ഷ നോക്കേണ്ടത് അവര്‍ തന്നെയാണ്. സ്ത്രീകള്‍ ദുര്‍ബലര്‍ ആണെന്ന് കരുതിയാണ് പലരും അവരെ ഉപദ്രവിക്കാനായി എത്തുന്നത്.

എന്നാല്‍ തിരിച്ചടി നല്‍കാന്‍ പ്രാപ്താരണെന്ന് വ്യക്തമായാല്‍ ഒരാള്‍ പോലും ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറില്ലെന്നും മേരി കോം പറയുന്നു.

രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നും അവര്‍.

Latest Stories

We use cookies to give you the best possible experience. Learn more