| Saturday, 28th December 2019, 5:53 pm

റിങ്ങില്‍ കൊമ്പുകോര്‍ത്ത് മേരി കോം; മോശമായി സംസാരിച്ചെന്ന് എതിര്‍ താരത്തിന്റെ ആരോപണം, മത്സര ശേഷം കൈകൊടുക്കാന്‍ വിസമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്യോ ഒളിംപിക്‌സ് ട്രയല്‍സിലേക്കുള്ള സെലക്ഷന്‍ മത്സരത്തില്‍ മേരി കോം എതിര്‍ താരവുമായി റിങ്ങില്‍ ഉടക്കി. മത്സരത്തിനിടയില്‍ മേരികോം തന്നോട് മോശമായി സംസാരിച്ചെന്നാണ് സരീന്‍ ആരോപിക്കുന്നത്. മത്സര ശേഷം സരീന് മേരി കൈ നല്‍കിയതുമില്ല. ലോകയൂത്ത് ചാമ്പ്യന്‍ നിഖാത് സരീനെ 51 കിലോഗ്രാം വിഭാഗത്തില്‍ 9-1നാണ് മേരി കോം പാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേരികോമിനെ പരസ്യമായി വെല്ലുവിളിച്ച ബോംക്‌സിംഗ് താരമാണ് നിഖാത്. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെല്കഷന്‍ ട്രയല്‍ കൂടാതെ ഒളിംപിക് യോഗ്യതാ മത്സരത്തിന് അയക്കാനുള്ള തീരുമാനത്തിനെതിരെ 23 കാരിയായ സരീന്‍ രംഗത്തു വന്നിരുന്നു.

ഇതിനു മറുപടിയായി ആരാണ് നിഖാത് സരീന്‍ എന്നാണ് മേരി കോം മാധ്യമങ്ങളോട് ചോദിച്ചത്.

ഇതുമായി ബന്ധപ്പെട്ടാണ് മേരിയും സരീനും റിംഗില്‍ ഉടക്കിയിരിക്കുന്നത്. മത്സരത്തിനു ശേഷം നിഖാത് സരീന് കൈകൊടുക്കാന്‍ മേരി കോം വിസ്സമതിക്കുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്.

ഒപ്പം ബോക്‌സിംഗിനിടെ പല തവണ മേരി കോം തന്നോട് മോശമായി സംസാരിച്ചെന്നും സരീന്‍ ആരോപിക്കുന്നുണ്ട്. മേരിയുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചെന്നും ജൂനിയറാണെങ്കിലും താനും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നാണ് സരീന്‍ മത്സര ശേഷം പ്രതികരിച്ചത്.

മേരി കോം മോശമായ ഭാഷയില്‍ സംസാരിച്ചതിനാല്‍ മകള്‍ മത്സര ശേഷം കരയുകയായിരുന്നെന്നാണ് സരീന്റെ പിതാവ് ജമീല്‍ അഹമ്മദ് പറയുന്നത്.

മത്സരത്തില്‍ തോല്‍വിയും ജയവും സ്വാഭാവികമാണ്. എന്നാല്‍ മേരി കോമിന്റെ മോശം സംസാരമാണ് തന്റെ മകള്‍ കരയാന്‍ കാരണം. ഒരുപാട് കാലം രാജ്യത്തിനു വേണ്ടി കളിച്ചയാളാണ് മേരി കോം. റിംഗില്‍ ഇങ്ങനെ പെരുമാറുന്നതിലൂടെ എന്ത് സന്ദേശമാണ് അവര്‍ നല്‍കുന്നത്’, ജമീല്‍ അഹമ്മദ് മാധ്യമങ്ങളോട് ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോപണത്തില്‍ മേരി കോമും വിട്ടു കൊടുത്തില്ല, ‘ഞാനെന്തിനാണ് അവര്‍ക്ക് കൈകൊടുക്കുന്നത്. അവര്‍ക്ക് ബഹുമാനം ലഭിക്കണമെങ്കില്‍ അവരാദ്യം മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. എനിക്കിത്തരക്കാരെ ഇഷ്ടമല്ല. ചെയ്യാനുള്ളത് റിംഗില്‍ തെളിയിക്കുക അല്ലാതെ റിംഗിനു പുറത്തല്ല’, മേരി കോം പറഞ്ഞു.

ചൈനയിലെ വുഹാനില്‍ ഫെബ്രുവരി 3 മുതല്‍ 14 വരെ നടക്കുന്ന ടോക്യോ ഒളിംപിക്‌സിനുള്ള ട്രയല്‍സില്‍ 51 കിലോ വിഭാഗത്തില്‍ മേരി കോമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.

We use cookies to give you the best possible experience. Learn more