| Thursday, 23rd June 2016, 4:31 pm

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നിഷേധിച്ചു; മേരി കോമിന്റെ ഒളിംപിക്‌സ് മോഹങ്ങള്‍ക്ക് അവസാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: അഞ്ച് വട്ടം ലോകചാമ്പ്യയായ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ഇതിഹാസം എം.സി മേരി കോമിന്റെ റിയോ ഒളിംപിക്‌സ് മോഹങ്ങള്‍ പൂര്‍ണമായി അവസാനിച്ചു. ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മിറ്റി മേരിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നിഷേധിച്ചതോടെയാണ് ഇത്തവണത്തെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള മേരിയുടെ അവസാനത്തെ ശ്രമവും വിഫലമായത്. നേരത്തെ ഒളിംപിക്‌സില്‍ നേരിട്ട് യോഗ്യത നേടുന്നതില്‍ മേരി കോം പരാജയപ്പെട്ടിരുന്നു.

ഓള്‍ ഇന്ത്യ ബോക്‌സിംഗ് അസോസിയേഷന്‍ ചെയര്‍മാന്‍ കിഷന്‍ നര്‍സിയാണ് മേരി കോമിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നിഷേധിച്ച വിവരം പുറത്തുവിട്ടത്. മേരിയെ റിയോയില്‍ എത്തിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് അപേക്ഷിച്ചത്.

തൊട്ട് മുന്‍പത്തെ ഒളിമ്പിക്‌സില്‍ വളരെ കുറച്ച് പ്രാതിനിധ്യം ഉണ്ടായിരുന്ന രാജ്യങ്ങളിലെ താരങ്ങള്‍ക്കാണ് സാധാരണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കുന്നത്. എന്നാല്‍ 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയില്‍ നിന്ന് എട്ട് ബോക്‌സിംഗ് താരങ്ങളാണ് പങ്കെടുത്തത്.

കഴിഞ്ഞ മാസം കസാഖിസ്ഥാനില്‍ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പായിരുന്നു ഒളിമ്പിക്‌സ് യോഗ്യത നേടുന്നതിനുള്ള മേരിയുടെ അവസാന അവസരം. സെമിയില്‍ എത്തിയിരുന്നെങ്കില്‍ യോഗ്യത നേടാനാകുമായിരുന്നു എന്നിരിക്കെ മേരി കോം രണ്ടാം റൗണ്ടില്‍ പുറത്തായി. 75 കിലൊ വിഭാഗത്തില്‍ മത്സരിക്കുന്ന പൂജാ റാണിയും ഇതേ രീതിയില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ഒളിമ്പിക്‌സില്‍ വനിതകളുടെ 51 കിലോഗ്രാം വിഭഗത്തിലാണ് മേരികോം മത്സരിക്കുന്നത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുകൂടിയാണ് മണിപ്പൂരുകാരിയായ മേരികോം.

We use cookies to give you the best possible experience. Learn more