| Friday, 24th May 2019, 10:05 pm

രണ്ടാം ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ് ടൂര്‍ണമെന്റും മേരി കോമിന്; നേട്ടം 51 കിലോഗ്രാം വിഭാഗത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗുവാഹത്തി: ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ ആറുതവണ ലോകജേതാവായ മേരി കോമിനു കിരീടം. ആസ്സാമിലെ കര്‍മബീര്‍ നബിന്‍ ചന്ദ്ര ബോര്‍ദോലോയ് എ.സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തിലായിരുന്നു 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന്റെ സ്വര്‍ണനേട്ടം.

വന്‍ലാല്‍ ദുവതിയെ 5-0-ത്തിനു ജയിപ്പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവായ മേരി കോം വിജയിച്ചത്. ടൂര്‍ണമെന്റില്‍ മേരി കോമിന്റെ രണ്ടാം സ്വര്‍ണനേട്ടമാണിത്. കഴിഞ്ഞവര്‍ഷം ദല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റില്‍ 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു കിരീടനേട്ടം. രണ്ടുതവണ മാത്രമാണ് ടൂര്‍ണമെന്റ് നടന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പംഘല്‍, 60 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പ എന്നിവര്‍ സ്വര്‍ണമെഡല്‍ നേടി. 60 കിലോഗ്രാം വനിതാവിഭാഗത്തില്‍ സരിതാ ദേവി സ്വര്‍ണം നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ എട്ടാം മെഡല്‍ നേട്ടമാണ് സരിതയ്ക്കിത്.

കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ മനീഷ് കൗശിക്കിനെ പരാജയപ്പെടുത്തിയായിരുന്നു ശിവയുടെ വിജയം. കഴിഞ്ഞവര്‍ഷം സെമിഫൈനലില്‍ ശിവ മനീഷിനോടു തോറ്റിരുന്നു. 5-0-ത്തിന്റെ ആധികാരികജയമാണ് ശിവ നേടിയത്.

3-2-നായിരുന്നു സിമ്രാന്‍ജിത് കൗറിനെതിരായ സരിതയുടെ വിജയം. മൂന്നുവര്‍ഷത്തിനിടെ മുന്‍ ലോകജേതാവായ സരിതയുടെ ആദ്യ കിരീടമാണിത്. 2016-ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസിലായിരുന്നു സരിത അവസാനമായി കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം അര്‍ബുദത്തിനു കീഴടങ്ങിയ അമ്മയ്ക്ക് സരിത ഈ നേട്ടം സമര്‍പ്പിച്ചു.

69 കിലോഗ്രാം വിഭാഗത്തില്‍ ദുര്യോധന്‍ സിങ് നേഗിയെ 4-1-നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് ആശിഷ് പരാജയപ്പെടുത്തിയത്. 69 കിലോഗ്രാം വനിതാ വിഭാഗത്തില്‍ ആസ്സാം സ്വദേശിയായ യമുന ബോറോ വൈ. സന്ധ്യാറാണിയെ 5-0-നു പരാജയപ്പെടുത്തി കിരീടം നേടി.

64 കിലോഗ്രാം വിഭാഗത്തില്‍ രോഹിത് ടോകാസ് പരിക്കേറ്റു പിന്മാറിയതോടെ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ കോളിന്‍ ലൂയിസ് റിച്ചാര്‍ണോ സ്വര്‍ണം നേടി.

We use cookies to give you the best possible experience. Learn more