| Sunday, 22nd September 2024, 7:38 pm

ശ്രീലങ്ക ഇനി ഇടത്തോട്ട്; മാര്‍ക്സിസ്റ്റ് നേതാവ് ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം. ഇടത് സഖ്യ സ്ഥാനാര്‍ത്ഥിയായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്സിസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ പരാജയപ്പെടുത്തി അനുര കുമാര ദിസനായകെ വിജയിച്ചതായി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിലവിലെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രണ്ടാം സ്ഥാനത്താണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയും പാര്‍ട്ടിയും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇതോടെ ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാകും. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ദിസനായകെ നാളെ (തിങ്കളാഴ്ച) സത്യപ്രതിജ്ഞ ചെയ്യും.

വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടത്തിയിരുന്നു. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രണ്ട് ഘട്ടമായി വോട്ടുകള്‍ എണ്ണേണ്ടി വരുന്നത്. അതേസമയം വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് ഉയര്‍ത്തിയിരുന്നു.

നാഷണല്‍ പീപ്പിള്‍ പവര്‍ എന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് മാര്‍ക്സിസ്റ്റ് ഐഡിയോളജി മുന്നോട്ടുവെക്കുന്ന ജനത വിമുക്തി പെരമുനെ പാര്‍ട്ടിയുടെ നേതാവായ ദിസനായകെ മത്സരിച്ചത്. വിപണിയിലും സാമ്പത്തിക രംഗത്തും ശക്തമായി ഇടപെടല്‍ ഉറപ്പുവരുത്തുന്ന സ്റ്റേറ്റ്, കുറഞ്ഞ നികുതി എന്നിവയാണ് മുന്നണിയുടെ നയങ്ങള്‍.

കഴിഞ്ഞ പാര്‍ലമെന്റില്‍ മൂന്ന് എം.പിമാര്‍ മാത്രമാണ് ജെ.വി.പി പാര്‍ട്ടിക്കുണ്ടായിരുന്നതെങ്കിലും ദിസനായകെയുടെ ശക്തമായ അഴിമതി വിരുദ്ധ നിലപാടുകളാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് നയിച്ചത്.

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ അടിയുലച്ചിരുന്നു. 2022ലാണ് ശ്രീലങ്ക ഇന്ധനം, മരുന്ന്, പാചക വാതകം എന്നിവ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് പോലും പണം നല്‍കാനില്ലാതെ പ്രതിസന്ധിയിലായത്.

തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയില്‍ നിന്ന്പലായനം ചെയ്തിരുന്നു.പിന്നീട് ഐ.എം.ഫിന്റെ സഹായത്തോടെയാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

രാജപക്‌സെ രാജിവെച്ച് രാജ്യം വിട്ടതോടെ ശ്രീലങ്കന്‍ പാര്‍ലമെന്റ് രഹസ്യ ബാലറ്റിലൂടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ രഹസ്യ തെരഞ്ഞെടുപ്പിലാണ് റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റാകുന്നത്. സാമ്പത്തിക തകർച്ചയ്ക്ക് ശേഷം ശ്രീലങ്കയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

Content Highlight: Marxist leader Dissanayake was elected as the President of srilanka

We use cookies to give you the best possible experience. Learn more