പാരീസ്: പ്രശസ്ത മാര്‍ക്‌സിയന്‍ ചിന്തകന്‍ സാമിര്‍ അമീന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. പാരിസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈ 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈജിപ്തുകാരനായി പിതാവിന്റെയും ഫ്രഞ്ചുകാരിയായ മാതാവിന്റെയും മകനായി 1931ലാണ് അദ്ദേഹത്തിന്റെ ജനനം. ഫ്രാന്‍സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദവും നേടിയ സാമിര്‍ പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമെടുത്ത അദ്ദേഹം പിന്നീട് അദ്ദേഹം ഫ്രഞ്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് മാവോയിസ്റ്റ് ചിന്താഗതിയില്‍ ആകൃഷ്ടനായിരുന്നു.
ഇസ്‌ലാം ഒരു മതം മാത്രമല്ലെന്നും രാഷ്ട്രീയ ചിന്താഗതികൂടിയാണെന്നുമുള്ള അദ്ദേഹത്തിന്റെ നീരീക്ഷണം ശ്രദ്ധനേടിയിരുന്നു. സാംസ്‌കാരിക മേഖലയില്‍ ഇസ്‌ലാം സമരം നയിക്കുകയാണെന്ന് സമീര്‍ അമീന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയ ശക്തിയായല്ല ബ്രദര്‍ ഹുഡിനെ കാണേണ്ടതെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്നവരാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മുതലാളിത്തത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും ഏതാണ്ട മുപ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കാപിറ്റലിസം ഇന്‍ ദ എയ്ജ് ഓഫ് ഗ്ലോബലൈസേഷന്‍”, ക്രിട്ടിക് ഓഫ് ദ തിയറി ഓഫ് അണ്ടര്‍ഡെവലപ്പ്‌മെന്റ്, ക്രിട്ടിക് ഓഫ് യൂറോസെന്‍ട്രിസം ആന്‍ഡ് കള്‍ച്ചറിലിസം: മോഡേണിറ്റി, റിലീജിയന്‍, ആന്‍ഡ് ഡെമോക്രസി എന്നിവയാണ് പ്രധാനകൃതികള്‍.