ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരുടെ അഭിഭാഷകന്‍ മര്‍വാന്‍ ബര്‍ഗൗട്ടിയെ ഇസ്രഈല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ചാരസംഘടനായ മൊസാദിന്റെ മുന്‍ തലവന്‍ എഫ്രേം ഹാലെവി.
ഇസ്രഈല്‍ മോചിപ്പിക്കുന്ന സാധാരണക്കാരായ ഫലസ്തീനികളുടെയും സായുധ നേതാക്കളുടെയും ലിസ്റ്റില്‍ ബര്‍ഗൗട്ടിയെയും ഉള്‍പ്പെടുത്തണമെന്നും ഹാലെവി പറഞ്ഞു.
ഇസ്രഈലിന്റെ പബ്ലിക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാലെവി ഇക്കാര്യം പറഞ്ഞത്. ഈ നിര്‍ദേശമാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നല്‍കാനുള്ള ഉപദേശമെന്നും ഹാലെവി പറഞ്ഞു.
Ephraim Halevy
ബര്‍ഗൗട്ടിയെക്കാള്‍ മോശമായ എത്രയോ പേര്‍ മോചിതരാകുന്നുണ്ടെന്നും ഹാലെവി കൂട്ടിച്ചേര്‍ത്തു. വ്യക്തമായ നിലപാടുള്ളവനും ഹീബ്രു ഭാഷ സംസാരിക്കുന്നവനും ജനപ്രിയനുമായ വ്യക്തിയാണ് മര്‍വാന്‍ ബര്‍ഗൗട്ടിയെന്നും ഹാലെവി പറഞ്ഞു.
2002ലാണ് റാമല്ലയില്‍ വെച്ച് ബര്‍ഗൗട്ടി ഇസ്രഈല്‍ സേനയുടെ കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി ബര്‍ഗൗട്ടിയെ ഇസ്രഈല്‍ വിചാരണ ചെയ്യുകയും അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ചുമത്തിയെ കുറ്റങ്ങളില്‍ വാദം നടത്താനുള്ള ബര്‍ഗൗട്ടിയുടെ അവകാശവും ഇസ്രഈല്‍ നിഷേധിച്ചിരുന്നു.
രണ്ട് ഇന്‍തിഫാദ കാലയളവിലും അദ്ദേഹം പ്രതിരോധ പോരാട്ടം നടത്തിയിട്ടുണ്ട്. രണ്ടാം ഇന്‍തിഫാദയില്‍ അഞ്ച് ഇസ്രഈലി സൈനികരുടെ മരണത്തിന് കാരണമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബര്‍ഗൗട്ടിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഐ.ഡി.എഫ് അറസ്റ്റ് ചെയ്തത്.
ഫത്തഹിന്റെ ഫത്തയുടെ അര്‍ധസൈനിക വിഭാഗമായ തന്‍സിമിന്റെ നേതാവും കൂടിയായിരുന്നു ബര്‍ഗൗട്ടി. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പിന്‍ഗാമിയാണ് ബര്‍ഗൗട്ടിയെന്നും ഫലസ്തീനില്‍ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
നിലവില്‍ ബര്‍ഗൗട്ടിയുടെ മോചനം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും സഹായിക്കുമെന്നാണ് ഹാലെവി പറയുന്നത്.
ദശലക്ഷക്കണക്കിന് ഫലസ്തീനികളെ കൈകാര്യം ചെയ്യുന്നത് ചെറിയ കാര്യമല്ലെന്നും ഗസയിലെ രണ്ട് ദശലക്ഷം മനുഷ്യരെ കുടിയൊഴിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യമാണെന്നും ഹാലെവി പറഞ്ഞു. ഇസ്രഈലിന് ചര്‍ച്ച നടത്താന്‍ 90 വയസുള്ള മഹ്‌മൂദ് അബ്ബാസ് മാത്രമേ ഉള്ളുവെന്നും ഹാലെവി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ ഇരുവശത്തും ആളുകള്‍ വേണമെന്നും ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് താന്‍ ഒന്നും പറയില്ലെന്നും ഹാലെവി പ്രതികരിച്ചു. മുന്‍കാല റിപ്പോര്‍ട്ടുകള്‍ ണ് അനുസരിച്ച്, നെതന്യാഹുവിന്റേയും സഖ്യകക്ഷികളുടെയും കണ്ണിലെ കരടാണ് ഹാലെവി. ഇസ്രഈലിന് ചുറ്റുമുള്ള അറബ് ഭരണകൂടങ്ങളുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഹാലെവിയെന്നും പറയപ്പെടുന്നു.
ബന്ദികൈമാറ്റത്തിലൂടെ മര്‍വാന്‍ ബര്‍ഗൗട്ടിയുടെയും അഹമ്മദ് സാദത്തിനെയും പുറത്തുകൊണ്ടുവരുമെന്ന് ഇവരുടെ കുടുംബങ്ങള്‍ക്ക് ഹമാസ് വാക്ക് നല്‍കിയിരുന്നു.
Ahmad Sa’adat
മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (PFLP) നേതാവായ സാദത്തിനെ, 2001ല്‍ തീവ്ര വലതുപക്ഷക്കാരനും ഇസ്രഈല്‍ ടൂറിസം മന്ത്രിയുമായിരുന്ന റെഹാവം സീവിയുടെ കൊലപാതകത്തിന്റെ സൂത്രധാരനാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008ല്‍ സാദത്തിനെ 30 വര്‍ഷത്തെ തടവിനും ഇസ്രഈല്‍ വിധിച്ചിരുന്നു.
ഫലസ്തീനികളായ ഇരുവരുടെ ഫലസ്തീന്‍ ജനതയുടെ ഐക്കണുകളാണെന്ന് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Marwan Barghouti should be freed by Israel immediately, says ex-Mossad head Efraim Halevy