| Thursday, 14th March 2024, 4:11 pm

റിസ്‌കെടുക്കാന്‍ വയ്യ, രണ്ട് സിനിമകള്‍ ഉപേക്ഷിച്ച് മാര്‍വല്‍ സ്റ്റുഡിയോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ സിനിമകള്‍. 2008ല്‍ അയണ്‍ മാന്‍ എന്ന സിനിമയിലൂടെ ആരംഭിച്ച മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് സൂപ്പര്‍ഹീറോ സിനിമകളിലൂടെ ലോകത്തിലെ ഒന്നാം നമ്പര്‍ സ്റ്റുഡിയോയായി മാറി.

അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, ഡോക്ടര്‍ സ്‌ട്രേഞ്ച്, സ്‌പൈഡര്‍മാന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹീറോകളെ ഒരു സിനിമയില്‍ കൊണ്ടുവരാന്‍ മാര്‍വലിന് സാധിച്ചു. 2019ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോകത്താകമാനം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ എന്‍ഡ് ഗെയിമിന് ശേഷം മാര്‍വല്‍ സിനിമകള്‍ക്ക് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.

വന്‍ പ്രതീക്ഷയില്‍ വന്ന പല മാര്‍വല്‍ സിനിമകള്‍ക്കും സീരീസുകള്‍ക്കും മോശം പ്രതികരണമാണ് ലഭിച്ചത്. ഷീ ഹള്‍ക്ക്, ഹോക്ക് ഐ, മിസ് മാര്‍വല്‍, സീക്രട്ട് ഇന്‍വേഷന്‍ എന്നീ സീരീസുകള്‍ക്ക് മോശം റേറ്റിങ്ങാണ് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ മാര്‍വല്‍സ് എന്ന ചിത്രം മുടക്കുമുതല്‍ പോലും നേടാനാകാതെ ബോക്‌സ് ഓഫീസില്‍ തകരുന്ന കാഴ്ചയാണ് കണ്ടത്.

ഇതിന് പിന്നാലെയാണ് മാര്‍വല്‍ പുതിയ തീരുമാനമെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2021ല്‍ റിലീസായ ഇറ്റേണല്‍സും ഇതോടൊപ്പം ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹോളിവുഡ് സിനിമാപേജായ കോസ്മിക് മാര്‍വല്‍സാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

ഈ വര്‍ഷം ഷൂട്ട് തുടങ്ങുമെന്ന് അനൗണ്‍സ് ചെയ്ത ക്യാപറ്റന്‍ മാര്‍വലിന്റെ മൂന്നാം ഭാഗവും, ആന്റ് മാന്‍ 4ഉം ആണ് മാര്‍വല്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബോക്‌സ് ഓഫീസില്‍ വിജയിക്കുമെന്ന് ഉറപ്പുള്ള സിനിമകള്‍ മാത്രമേ ഇനി മുതല്‍ നിര്‍മിക്കൂ എന്നാണ് മാര്‍വല്‍ തീരുമാനിച്ചിരിക്കുന്നത്.

ബ്രീ ലാര്‍സന്‍ പ്രധാന കഥാപാത്രമായി എത്തിയ ക്യാപ്റ്റന്‍ മാര്‍വലിന്റെ ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും മാര്‍വല്‍സ് എന്ന സിനിമയുടെ തകര്‍ച്ചയാണ് മൂന്നാം ഭാഗം ഉപേക്ഷിക്കാന്‍ കാരണമായത്.

പോള്‍ റുഡ് നായകനായ ആന്റ് മാന്‍ ആദ്യ രണ്ട് ഭാഗവും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മോശം തിരക്കഥയുമായി എത്തിയ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടുകൂടെയാണ് നാലാം ഭാഗം ഉപേക്ഷിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. സൂപ്പര്‍ഹീറോ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയതും അമിതമായ വോക്ക് കള്‍ച്ചറിന്റെ ഉപയോഗവും മാര്‍വല്‍ സിനിമകളുടെ തകര്‍ച്ചക്ക് കാരണമായി നിരൂപകര്‍ വിലയിരുത്തുന്നു.

Content Highlight: Marvel studios plans to cancel two movies

We use cookies to give you the best possible experience. Learn more