| Wednesday, 14th August 2024, 4:35 pm

ഇറങ്ങാനുള്ള സിനിമകളെക്കാള്‍ കൂടുതല്‍ ക്യാന്‍സലാക്കിയ സിനിമകള്‍, മാര്‍വലിന്റെ പോക്ക് ഇതെങ്ങോട്ട്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ സ്റ്റുഡിയോസ്. സൂപ്പര്‍ഹീറോ സിനിമകളെ ചേര്‍ത്ത് വലിയൊരു സിനിമാറ്റിക് യൂണിവേഴ്‌സ് മാര്‍വല്‍ സൃഷ്ടിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി പഴയ പ്രതാപം നഷ്ടപ്പെട്ട മാര്‍വല്‍ ഏറ്റവുമൊടുവില്‍ റിലീസായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ കയറാന്‍ ഡെഡ്പൂളിന് സാധിച്ചു.

ഇതിന് പിന്നാലെ ഫേസ് സിക്‌സിലെ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ എന്‍ഡ് ഗെയിമിന്റെ സംവിധായകരായ റൂസോ ബ്രദേഴ്‌സിനെ മാര്‍വല്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്. അവഞ്ചേഴ്‌സ് ഡൂംസ് ഡേയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിനെ തിരിച്ചുവിളിച്ചതും സിനിമാലോകത്തെ ഞെട്ടിച്ചു.

എന്നാല്‍ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനിടയില്‍ മുമ്പ് അനൗണ്‍സ് ചെയ്ത ചില സിനിമകള്‍ ക്യാന്‍സല്‍ ചെയ്യുകയാണ് മാര്‍വല്‍. 2021ല്‍ റിലീസായ ഇറ്റേണല്‍സ്, ആന്റ് മാന്‍ 4, ക്യാപ്റ്റന്‍ മാര്‍വല്‍ എന്നീ ചിത്രങ്ങള്‍ മുന്നേ ക്യാന്‍സല്‍ ചെയ്ത മാര്‍വല്‍ ഏറ്റവുമൊടുവില്‍ ആര്‍മര്‍ വാര്‍സും ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. മാര്‍വല്‍ ഹെഡ് കെവിന്‍ ഫീജിയാണ് ജെയിംസ് റോഡ്‌സ് എന്ന കഥാപാത്രത്തെ നായകനാക്കി 2020ല്‍ ആര്‍മര്‍ വാര്‍സ് അനൗണ്‍സ് ചെയ്തത്.

എന്നാല്‍ റോഡ്‌സ് എന്ന കഥാപാത്രത്തെ ‘ഫാല്‍ക്കണ്‍ ആന്‍ഡ് വിന്റര്‍ സോള്‍ജ്യര്‍’, ‘സീക്രട്ട് ഇന്‍വേഷന്‍’ എന്നീ സീരീസുകളില്‍ അവതരിപ്പിച്ച രീതി ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ക്യാന്‍സല്‍ ചെയ്യാന്‍ മാര്‍വല്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ മാര്‍വല്‍ ക്യാന്‍സല്‍ ചെയ്ത നാലാമത്തെ സിനിമയായി ആര്‍മര്‍ വാര്‍സ് മാറി.

ബ്രീ ലാര്‍സനെ പ്രധാന കഥാപാത്രമാക്കി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ദി മാര്‍വല്‍സ്’ എം.സി.യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി മാറി. ആന്റ് മാന്‍ 3യും, ഇറ്റേണല്‍സും പ്രതീക്ഷിച്ച വിജയം നേടാത്തതുകൊണ്ടാണ് ആ സിനിമകളുടെ തുടര്‍ഭാഗത്തെക്കുറിച്ച് മാര്‍വല്‍ ചിന്തിക്കാത്തത്. 20th സെഞ്ച്വറി ഫോക്‌സില്‍ നിന്ന് എക്‌സ് മെന്‍ സീരീസിനെ സ്വന്തമാക്കിയ മാര്‍വല്‍ എക്‌സ്‌മെന്‍ കഥാപാത്രങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചത്.

Content Highlight: Marvel studios cancelled Armor Wars movie

We use cookies to give you the best possible experience. Learn more