ഏറെ പ്രത്യേകതകളുള്ളതായിരുന്നു 2020ല്‍ മാര്‍വല്‍ പ്രഖ്യാപിച്ച പുതിയ സൂപ്പര്‍ ഹീറോയായ മിസ് മാര്‍വല്‍. മാര്‍വലിന്റെ ആദ്യ മുസ്‌ലിം സൂപ്പര്‍ ഹീറോയാണ് മിസ് മാര്‍വല്‍. സീരിസിന്റെ സ്ട്രീമിങ്ങ് നാളെ ആരംഭിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് മിസ് മാര്‍വല്‍ സ്ട്രീമിങ്ങ് തുടങ്ങുന്നത്.
ന്യൂജേഴ്‌സിയില്‍ നിന്നുള്ള 16 വയസ്സുകാരിയായ കമല ഖാന്റെ കഥയാണ് സീരിസ് പറയുന്നത്. പാകിസ്ഥാന്‍ വംശജയായ അമേരിക്കന്‍ പെണ്‍കുട്ടിയാണ് കമല ഖാന്‍. സ്‌കൂളിലും വീട്ടിലും ഒറ്റപ്പെടുന്ന പെണ്‍കുട്ടിയായ കമലക്ക് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതിലൂടെ എല്ലാം മാറിമറിയുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ദിവസം കൊണ്ട് ഒരു കോടിയോളം കാഴ്ചക്കാരാണ് മിസ് മാര്‍വല്‍ ട്രെയ്ലറിനുണ്ടായത്. ട്രെയ്‌ലറിന് ഗംഭീര പ്രതികരണം ലഭിച്ചതോടെ മിസ് മാര്‍വല്‍ നിരവധി ആരാധകരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമാന്‍ വെല്ലാനി എന്ന പെണ്‍കുട്ടിയാണ് കമലയെ അവതരിപ്പിക്കുന്നത്.
ഷര്‍മീന്‍ ഒബൈദ്-ചിനോയ്, മീരാ മേനോന്‍, ആദില്‍ എല്‍ അര്‍ബി, ബിനാല്‍ ഫല്ല എന്നിവരാണ് സീരിസിന്റെ സംവിധായകര്‍. ആറ് എപ്പിസോഡുകളായാണ് മിസ് മാര്‍വല്‍ സ്ട്രീം ചെയ്യുന്നത്.
ക്യാപ്റ്റന്‍ മാര്‍വെലിന്റെ പോലെ നീലയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് കമലക്കും നല്‍കിയിക്കുന്നത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ക്യാപ്റ്റന്‍ മാര്‍വലിന്റെ തുടര്‍ച്ചയായ ദി മാര്‍വല്‍സിലും കമല ഉണ്ടായിരിക്കും.
തുടക്കത്തില്‍ മിസ് മാര്‍വല്‍ 2021 ന്റെ അവസാനത്തില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് മറ്റ് മാര്‍വല്‍ റിലീസുകള്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് മിസ് മാര്‍വലും വൈകുകയായിരുന്നു.
Content Highlight: Marvel’s first Muslim superhero, Miss Marvel starts streaming