| Monday, 22nd April 2024, 10:22 pm

മാര്‍വലിന്റെ ഹീറോസ് ഒന്നിക്കുമ്പോള്‍, ലോകത്തെയും മാര്‍വല്‍ യൂണിവേഴ്‌സിനെയും രക്ഷിക്കാനാകുമോ? പ്രതീക്ഷയുയര്‍ത്തി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വല്‍ കോമിക് കഥാപാത്രങ്ങളായ ഡെഡ്പൂള്‍, വോള്‍വെറിന്‍ എന്നിവര്‍ ഒന്നിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ‘ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍’. ഹോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാര്‍വല്‍ ചിത്രം കൂടെയാണ് ഇത്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഈ 34ാമത്തെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവന്നു. അവഞ്ചേഴ്‌സിന് ശേഷം വന്ന മാര്‍വല്‍ സിനിമകളെല്ലാം മാര്‍വല്‍ ആരാധകര്‍ക്ക് നല്‍കിയത് നിരാശയായിരുന്നു. അതിനിടയിലാണ് ‘ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍’ എത്തുന്നത്.


മാര്‍വല്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്നത്. റയാന്‍ റെയ്‌നോള്‍ഡ്‌സ്, റെറ്റ് റീസ്, പോള്‍ വെര്‍നിക്ക്, സെബ് വെല്‍സ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ ഷോണ്‍ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2016ല്‍ പുറത്തിറങ്ങിയ ഡെഡ്പൂള്‍, 2018ലെ ഡെഡ്പൂള്‍ 2 എന്നിവയുടെ തുടര്‍ച്ചയാണ് ‘ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍’. റെയ്‌നോള്‍ഡ്‌സ് ഡെഡ്പൂളായി വീണ്ടും എത്തുമ്പോള്‍ വോള്‍വെറിന്‍ ആയി ചിത്രത്തില്‍ ഹ്യൂ ജാക്ക്മാന്‍ തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ടൈം വേരിയന്‍സ് അതോറിറ്റി ഈ ചിത്രത്തിലും ഉണ്ടാകും എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. എമ്മ കോറിന്‍, മൊറേന ബക്കറിന്‍, റോബ് ഡെലാനി, ലെസ്ലി ഉഗ്ഗാംസ്, കരണ്‍ സോണി, മാത്യു മക്ഫാഡിയന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

2023 മെയ് മാസാവസാനമായിരുന്നു ഇംഗ്ലണ്ടിലെ പൈന്‍വുഡ് സ്റ്റുഡിയോയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഒപ്പം നോര്‍ഫോക്കിലും ബോവിങ്ങ്ഡണ്‍ ഫിലിം സ്റ്റുഡിയോയിലും ‘ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍’ ഷൂട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ 2023ലെ ഹോളിവുഡ് സ്‌ട്രൈക്ക് കാരണം ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. സ്‌ട്രൈക്കിന് ശേഷം നവംബറില്‍ വീണ്ടും ആരംഭിച്ച ഷൂട്ടിങ് 2024 ജനുവരിയിലാണ് അവസാനിച്ചത്. ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ‘ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍’ ജൂലൈ 26ന് തിയറ്ററുകളിലെത്തും.

Content Highlight: Marvel’s Deadpool & Wolverine Trailer Out

 
We use cookies to give you the best possible experience. Learn more