ഫേസ് ഫൈവിലെ ആനിമേറ്റഡ് സീരീസുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അടുത്ത സിനിമകളെക്കുറിച്ചുമുള്ള അപ്‌ഡേറ്റുകളും പുറത്തുവിട്ട് മാര്‍വല്‍. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് മാര്‍വല്‍ ഇക്കാര്യം അനൗണ്‍സ് ചെയ്തത്. സ്‌പൈഡര്‍മാന്‍ അനിമേറ്റഡ് സീരീസിലെ പുതിയ ചിത്രം ‘യുവര്‍ ഫ്രണ്ട്‌ലി നൈബര്‍ഹുഡ് സ്‌പൈഡര്‍മാന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററും, കാസ്റ്റും മാര്‍വല്‍ പുറത്തുവിട്ടു.
അയണ്‍മാന്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് എന്നിവരുടെ കാമിയോ ഉണ്ടാകുമെന്ന് ഫസ്റ്റ് ലുക്കില്‍ സൂചന തന്നിട്ടുണ്ട്. വെനമായിരിക്കും ചിത്രത്തില്‍ സ്‌പൈഡര്‍മാന്റെ വില്ലനെന്നും മാര്‍വല്‍ സൂചന തന്നിട്ടുണ്ട്. ഇതോടൊപ്പം ബ്ലാക്ക് പാന്തര്‍ അനിമേറ്റഡ് സീരീസായ ‘ഐസ് ഓണ്‍ വക്കാന്‍ഡ’യുടെയും ‘മാര്‍വല്‍ സോംബീസ്’ എന്ന സീരീസും മാര്‍വല്‍ അനൗണ്‍സ് ചെയ്തു.
സ്റ്റീവ് റോജേര്‍സിന് ശേഷം ക്യാപ്റ്റന്‍ അമേരിക്കയുടെ സ്ഥാനം ഏറ്റെടുത്ത സാം വില്‍സന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡി’ന്റെ ടീസര്‍ കഴിഞ്ഞ മാസം മര്‍വല്‍ പുറത്തുവിട്ടിരുന്നു. ടീസറിന്റെ ഒടുവില്‍ ‘റെഡ് ഹള്‍ക്കി’ന്റെ ചെറിയൊരു ഗ്ലിംപ്‌സും ടീസറില്‍ ഉണ്ടായിരുന്നു. താഡിയസ് തണ്ടര്‍ബോള്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹാരിസണ്‍ ഫോര്‍ഡാണ് റെഡ് ഹള്‍ക്കായി മാറുന്നത്. റെഡ് ഹള്‍ക്കിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോയും മാര്‍വല്‍ പുറത്തുവിട്ടു.
പുതിയ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന താഡിയസ് തണ്ടര്‍ബോള്‍ട്ട് അമേരിക്കക്ക് തന്നെ ഭീഷണിയാകുന്ന റെഡ് ഹള്‍ക്കായി മാറുമ്പോള്‍ പ്രതിരോധിക്കാന്‍ സാമിന് കഴിയമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മള്‍ട്ടിവേഴ്‌സ് എന്ന സാധ്യതയുള്ളതുകൊണ്ട് പുതിയ ക്യാപ്റ്റന്‍ അമേരിക്കയെ സഹായിക്കാന്‍ ഏതെങ്കിലും കാമിയോ വരുമോ എന്ന ചിന്തയും ആരാധകരിലുണ്ട്.
ഫേസ് ഫൈവില്‍ ആദ്യം റിലീസായ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍’ അക്ഷരാര്‍ത്ഥത്തില്‍ മാര്‍വലിന്റെ രക്ഷകനായി മാറി. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 920 മില്യണ്‍ കളക്ഷന്‍ നേടി വിജയക്കുതിപ്പ് തുടരുകയാണ്. ഈ വിജയം തുടരാന്‍ ഇനി വരുന്ന സിനിമകള്‍ക്ക് കഴിയുമോ എന്നാണ് മാര്‍വല്‍ ആരാധകര്‍ ചിന്തിക്കുന്നത്.
Content Highlight: Marvel revealed first look of Your Friendly Neighborhood Spiderman