മൂന്ന് കൊല്ലം, നാല് പേരുകള്‍, എവിടെയെങ്കിലും ഉറച്ചു നില്‍ക്കാന്‍ മാര്‍വലിനോട് ആവശ്യപ്പെട്ട് ആരാധകര്‍
Film News
മൂന്ന് കൊല്ലം, നാല് പേരുകള്‍, എവിടെയെങ്കിലും ഉറച്ചു നില്‍ക്കാന്‍ മാര്‍വലിനോട് ആവശ്യപ്പെട്ട് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 10:48 pm

സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസികളുടെ രാജാവ് എന്നറിയപ്പെടുന്ന സ്റ്റുഡിയോയാണ് മാര്‍വല്‍. ലോകമെമ്പാടും നിരവധി ആരാധകര്‍ മാര്‍വലിനുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മാര്‍വലിന്റെ സീരീസുകള്‍ക്കും സിനിമകള്‍ക്കം വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല. വന്‍ ഹൈപ്പില്‍ പുറത്തിറക്കുന്ന പല സിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതും, സീരീസുകള്‍ക്ക് മോശം പ്രതികരണം ലഭിക്കുന്നതും മാര്‍വലിന് തിരിച്ചടിയാകുന്നുണ്ട്. പല സീരീസുകളുടെയും പുതിയ സീസണും സിനിമകളുടെ രണ്ടാം ഭാഗം ക്യാന്‍സല്‍ ചെയ്തതും ഇതിന്റെ ഭാഗമാണ്.

ഇതിന് പിന്നാലെ ആരാധകര്‍ മറ്റൊരു വിഷയത്തിലു മാര്‍വലിനെ ട്രോളുന്നുണ്ട്. 2021ല്‍ അനൗണ്‍സ് ചെയ്ത അഗാത ഹൗസ് ഓഫ് ഹാര്‍ക്ക്‌നെസ് എന്ന സീരീസിന്റെ പേരിലാണ് ഇപ്പോള്‍ മാര്‍വലിന് ട്രോള്‍ ലഭിക്കുന്നത്. 2021ല്‍ പുറത്തിറക്കിയ വാന്‍ഡാ വിഷന്‍ എന്ന സീരീസിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു അഗാത. ഈ കഥാപാത്രത്തെപ്പറ്റിയുള്ള സീരീസ് വാന്‍ഡാ വിഷന് പിന്നാലെ മാര്‍വല്‍ അനൗണ്‍സ് ചെയ്തിരുന്നു.

എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അഗാത എപ്പോള്‍ റിലീസാകുമെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ നാല് തവണ മാര്‍വല്‍ സീരീസിന്റെ ടൈറ്റിലുകള്‍ മാറ്റി. ഹൗസ് ഓഫ് ഹാര്‍ക്ക്‌നെസ് എന്നത് മാറ്റി കോവന്‍ ഓഫ് ഖായോസ് എന്നും, പിന്നീട് അത് മാറ്റി ഡാര്‍ക്ക് ഹോള്‍ഡ് ഡയറീസ് എന്നും മാറ്റി. ഏറ്റവുമൊടുവില്‍ അഗാത ലയിങ് വിച്ച് വിത് ഗ്രേറ്റ് വാര്‍ഡ്രോബ് എന്നാണ് മാര്‍വല്‍ പുറത്തുവിട്ട ടൈറ്റില്‍.

ഇതിന് പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം മാര്‍വലിനെതിരെ ട്രോളുമായി രംഗത്തെത്തി. സീരീസിന് യോജിച്ച ഏറ്റവും നല്ല പേര് അഗാത മാഡ്‌നസ് ഓഫ് ടൈറ്റില്‍സ് എന്നാണെന്നും, ഒരു പേരിടാന്‍ ഇത്ര പ്രയാസമോണോ എന്നും ചോദിച്ചുകൊണ്ട് പലരും എക്‌സില്‍ പോസ്റ്റ് ചെയ്തു. വീണ്ടും പേര് മാറ്റുന്നതിന് മുമ്പ് സീരീസ് കാണാനാകുമോ എന്നും ചിലര്‍ ചോദിച്ചു.

എന്നാല്‍ ഇതെല്ലാം ഓരോ എപ്പിസോഡിന്റെ പേരാകാന്‍ സാധ്യതയുണ്ടെന്നും ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നുണ്ട്. മൂണ്‍ നൈറ്റ്, ലോകി എന്നീ സീരീസ് പോലെ അഗാതയും ഗംഭീരമാകുമെന്ന് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം സ്ട്രീം ചെയ്യുമെന്നാണ് മാര്‍വല്‍ പുറത്തുവിടുന്ന വിവരം.

Content Highlight: Marvel again changed the title of Agatha series for fourth time