| Tuesday, 28th June 2016, 5:51 pm

സ്വിഫ്റ്റിന് എ.എം.ജി വകഭേദവുമായി മാരുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി) വാഹനങ്ങള്‍ക്ക് ജനപ്രീതി കണക്കിലെടുത്ത് കൂടുതല്‍ വാഹനങ്ങളില്‍ ഓട്ടോമാറ്റിക്ക് എന്‍ജിന്‍ ഘടിപ്പിക്കാനൊരുങ്ങി മാരുതി. മാരുതിയുടെ ഹാച്ച്ബാക്ക് വാഹനമായ സ്വിഫ്റ്റിലായിരിക്കും കമ്പനി അടുത്തതായി ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) വകഭേദം നല്‍കുക. സെലേറിയോയിലൂടെ മാരുതി പുറത്തിറക്കിയ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന് വിപണിയില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ സ്വിഫ്റ്റ് എ.ജി.എസ് മാരുതി പുറത്തിറക്കിയേക്കും എന്നാണു കമ്പനിയോടടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. സ്വിഫ്റ്റിന്റെ ഡീസല്‍ വകഭേദത്തിലാകും എ.എം.ടി ഗിയര്‍ബോക്‌സ് ഘടിപ്പിക്കുക.

ഇതുവരെ എ.എം.ടി ഗിയര്‍ബോക്‌സുള്ള ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ കമ്പനി പുറത്തിറക്കികഴിഞ്ഞു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 54,700 എ.എം.ടി കാറുകളാണു കമ്പനി പുറത്തിറക്കിയത്. നിലവില്‍ മാരുതി ഓള്‍ട്ടോ, സെലേറിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് എ.എം.ടി വകഭേദങ്ങളുണ്ട്.

ഭാവിയില്‍ വിറ്റാര ബ്രെസ, ബലേനോ തുടങ്ങിയ മോഡലുകളുടേയും എ.ജി.എസ് മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്നു കരുതപ്പെടുന്നു. എ.എം.ടി ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ സ്വിഫ്റ്റിന് ഉണ്ടായിരിക്കില്ല. 74 ബി.എച്ച്.പി കരുത്തും 200 എന്‍.എം ടോര്‍ക്കുമുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും കാറില്‍.

We use cookies to give you the best possible experience. Learn more