| Thursday, 23rd October 2014, 1:08 pm

പുതിയ ലുക്കില്‍ ആള്‍ട്ടോ കെ10 നവംബറില്‍ വിപണിയിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ആള്‍ട്ടോ കെ10ന്റെ പുതിയ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. പരിഷ്‌കരിച്ച ആള്‍ട്ടോ കെ10 അടുത്തമാസത്തോടെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

ഓട്ടോമേറ്റഡ് ഗിയര്‍ ഷിഫ്റ്റാണ് പുതിയ വേര്‍ഷനിലുള്ളത്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണിത്. സെലോറിയയിലാണ് നേരത്തെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഉപയോഗിച്ചിട്ടുള്ളത്.

ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്ന ഘടകം ഇന്ധന ക്ഷമത വളരെ അധികം വര്‍ധിപ്പിക്കുമെന്നും ഉപഭോക്താക്കളെ ഇത് ഏറെ ആകര്‍ഷിക്കുമെന്നും മാരുതി സുസുക്കി ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.എസ് കാല്‍സി പറഞ്ഞു.

ആള്‍ട്ടോ കെ10ന്റെ പെട്രോള്‍ വേര്‍ഷന്  24.07 കിലോമീറ്ററും സി.എന്‍.ജി (കംപ്രസ്സ്ഡ് നാച്യുറല്‍ ഗ്യാസ്) വേര്‍ഷന് 32.26 കിലോ മീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഈ പുതിയ വേര്‍ഷന്റെ വില നവംബറില്‍ ഇത് പുറത്തിറക്കുന്ന സമയത്ത് പ്രഖ്യാപിക്കുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചത്. ഇപ്പോഴുള്ള ആള്‍ട്ടോ കെ10ന് 3.15ലക്ഷം മുതല്‍ 3.31ലക്ഷം വരെയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ആള്‍ട്ടോ 800ന്റേതിന് സമാനമായ ലുക്ക് ആയിരിക്കും പുതിയ വേര്‍ഷന് എന്നാണ് സൂചന. ക്രോം ഫ്രണ്ട് ഗ്രില്ലിയും പരിഷ്‌കരിച്ച ഹെഡ് ടെയ്ല്‍ ലൈറ്റ്‌സും, പുതിയ ഡിസൈനിലുള്ള ബംബേഴ്‌സും 13 ഇഞ്ച് വീലുകളുമൊക്കെയാവും മറ്റ് മാറ്റങ്ങള്‍.

We use cookies to give you the best possible experience. Learn more